വിശപ്പും കാമവും മനുഷ്യന്റെ മൗലിക ചോദനകളാണ്. ഒന്ന് അവനെ നിലനിര്‍ത്തുമ്പോള്‍ രണ്ടാമത്തേത് അവന്റെ വംശത്തെ നിലനിര്‍ത്തുന്നു. ഇത്തരം ചോദനകളെ നിയന്ത്രിക്കുവാനും വ്യക്തിയുടെ സാംസ്കാരിക നിലവാരമുയര്‍ത്തുവാനും സമൂഹം ലിഖിതവും അലിഖിതവുമായ പെരുമാറ്റച്ചട്ടങ്ങളും നിയമങ്ങളുമുണ്ടാക്കുന്നു. ഈ നിയമങ്ങള്‍ ദേശ, കാല, സംസ്കാരങ്ങള്‍ക്കനുസരിച്ച് സദാ മാറ്റങ്ങള്‍ക്ക് വിധേയമാണ്. സാധാരണ മനുഷ്യരേക്കാള്‍ ഒരുപടി കടന്ന് സമൂഹത്തിന്റെ അഭ്യുന്നതിക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളും വ്യക്തികളും അതുകൊണ്ടുതന്നെ സാമൂഹ്യ നിയമങ്ങള്‍ ലംഘിച്ചുകൂടാ. ഇത്തരമൊരു ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിയുടെ ജീവിതത്തെ അനാവരണം ചെയ്യുന്നത്.
തലശ്ശേരി ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ശശി എസ്എഫ്ഐയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ചെറുപ്പത്തിന്റെ ഊര്‍ജസ്വലത ഏറെ പ്രകടിപ്പിക്കുന്ന വിദ്യാര്‍ത്ഥിയായി അദ്ദേഹത്തെ സഹപാഠികള്‍ ഓര്‍ക്കുന്നു. കോളേജ് വിദ്യാഭ്യാസത്തിനുശേഷം അക്കാലത്തെ എല്ലാ മലയാളികളേയുമെന്ന പോലെ ശശി ബോംബക്ക് (മുംബൈ) വണ്ടികയറി. ഒരിടവേളക്കുശേഷമാണ് അദ്ദേഹം കേരളത്തിലെത്തിയത്. വിദ്യാര്‍ത്ഥി, യുവജനപ്രസ്ഥാനങ്ങള്‍ക്കുശേഷം 1980 മുതല്‍ പാര്‍ട്ടിയില്‍ സജീവമായി പടിപടിയായി പാര്‍ട്ടി ചുമതലകള്‍ വഹിച്ച് മുന്നേറി. 1989ലെ കണ്ണൂര്‍ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിത്വമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ തെരഞ്ഞെടുപ്പ് ഗോദ. എതിരാളിയായിരുന്ന ഇപ്പോഴത്തെ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് 50.30 ശതമാനം വോട്ട് കരസ്ഥമാക്കിയപ്പോള്‍ ശശിക്ക് 44.85 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. തിരക്കുകള്‍ക്കിടയിലും പരിശ്രമശാലിയായ ശശി കോഴിക്കോട് ലോ കോളേജില്‍ നിന്ന് നിയമബിരുദം സമ്പാദിച്ച് 1992-ല്‍ എന്റോള്‍ ചെയ്തു. തലശ്ശേരിയിലെ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയില്‍ ഒരു സീനിയര്‍ അഭിഭാഷകനോടൊപ്പം പ്രാക്ടീസുമാരംഭിച്ചു.
അങ്ങനെ കണ്ണൂരിനെ തന്റെ കര്‍മരംഗമാക്കിയ ശശിക്ക് പാര്‍ട്ടി ഏല്പിച്ച മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന പദവി ഏറ്റെടുക്കാന്‍ തലസ്ഥാന നഗരിയിലെത്തേണ്ടിവന്നു. 1996 മുതല്‍ 2001 വരെ ഭരണം നിയന്ത്രിച്ചിരുന്നത് ശക്തനായ ശശിതന്നെയായിരുന്നു. നായനാര്‍ ഭരണകാലത്ത് 2000ലാണ് കല്ലുവാതുക്കല്‍ മദ്യദുരന്തം നടക്കുന്നത്. 32 പേര് ദാരുണമരണത്തിനിരയായ സംഭവത്തില്‍ 39 പേരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇതിനെക്കുറിച്ചന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് മോഹന്‍കുമാര്‍ കമ്മീഷനെ സ്വാധീനിക്കാന്‍ വി.എസ്. അച്യുതാനന്ദന് ശ്രമിച്ചതായി പിണറായി വിജയന് ഈ അടുത്തകാലത്തെഴുതിയ കത്തില്‍ ശശി സൂചിപ്പിച്ചിരുന്നു. ഇതിന് ഒത്താശ ചെയ്യാത്തതിനാലാണ് അച്യുതാനന്ദന് തന്നോട് കുടിപ്പകയെന്ന് അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയെ അറിയിക്കുന്നുമുണ്ട്. 2005ല്‍ ശശി സിപിഎം ശക്തികേന്ദ്രമായ കണ്ണൂരിലെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി. അതിനുശേഷം പാര്‍ട്ടിക്കുവേണ്ടി കോടികള്‍ ചെലവുവരുന്ന വിസ്മയപാര്‍ക്കൊരുക്കി. പാപ്പിനിശ്ശേരിയില്‍ കണ്ടല്‍ വനസംരക്ഷണത്തിനെന്ന വ്യാജേന കയ്യേറാന്‍ ശ്രമിച്ച 12 ഏക്കര്‍ വരുന്ന പുഴയോരം കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെത്തുടര്‍ന്ന് നടപ്പായില്ല. കേന്ദ്രമന്ത്രി ജയറാം രമേഷും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനുമൊന്നിച്ചപ്പോള്‍ തകര്‍ന്നത് ശശിയുടെയും പാര്‍ട്ടിയുടെയും സ്വപ്നങ്ങളും വരുമാന സ്രോതസ്സുകളുമായിരുന്നു.
ഇതിനിടെ സ്ത്രീകളോട് മോശമായി പെരുമാറുന്നുവെന്ന ആരോപണവുമായി സ്വന്തം അണികളില്‍പ്പെട്ട ഒരു യുവനേതാവും ജനപ്രതിനിധിയും പാര്‍ട്ടിക്ക് പരാതി നല്കി. 2010 ഡിസംബര്‍ 13ന് ശശിക്ക് ചികിത്സാര്‍ത്ഥം ലീവനുവദിക്കുകയും പകരം പി. ജയരാജനെ ജില്ലാ സെക്രട്ടറിയാക്കുകയും ചെയ്തു.
നെടുനാളത്തെ അഭ്യൂഹങ്ങള്‍ക്കും പാര്‍ട്ടി നേതാക്കളുടെ നിലപാടിലുണ്ടായ മലക്കം മറിച്ചിലുകള്‍ക്കും ശേഷം മുന്‍ എംപി എ. വിജയരാഘവനും ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും ഉള്‍പ്പെടുന്ന അന്വേഷണ കമ്മീഷന് ശശിയെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്തു. ശശിക്കെതിരെ കോടതിയില്‍ കേസ്സെടുക്കാനുള്ള ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.
ഇനി വാരന്‍ പോകുന്ന വിധിയെഴുത്തിനെതിരെ അഭിഭാഷകനായ ശശി സമര്‍ത്ഥമായ വാദമുഖങ്ങള്‍ നിരത്തുന്നത് കൗതുകപൂര്‍വം നിരീക്ഷിക്കാം. പാര്‍ട്ടി സെക്രട്ടറിക്കെഴുതിയ കത്തുകളില്‍ (4.2.2011, 5.2.2011) തന്റെ സ്വകാര്യമായ പരിഭവങ്ങള്‍ക്കുമപ്പുറം വി.എസ്. അച്യുതാനന്ദന്റെ നടപടി ദൂഷ്യങ്ങളും ചൂണ്ടിക്കാണിച്ചിരിക്കുന്നു. “എന്റെ രക്തത്തിന് ദാഹിച്ച് ഏറെക്കാലമായി കഷ്ടപ്പെടുന്നവരുണ്ടെന്ന അദ്ദേഹത്തിന്റെ പരാമര്‍ശത്തില്‍ ഗ്രൂപ്പിസത്തിന്റെ രക്തസാക്ഷി പരിവേഷമുണ്ട്. ഈ പരിവേഷം വരാനിരിക്കുന്ന ശിക്ഷയുടെ ഗൗരവമോ കാലാവധിയോ കുറയ്ക്കുമെന്ന ചാണക്യതന്ത്രമാണ് തന്റെ കൂട്ടാളികള്‍ക്കൊപ്പം ശശി മെനഞ്ഞിരിക്കുന്നത്. ചികിത്സ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതിന് ഞാന്‍ ഉണ്ടാകും എന്ന ശശിയുടെ വാക്കുകളും അതിന് അടിവരയിടുന്നു.
-മാടപ്പാടന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: