വാഷിംഗ്ടണ്‍: അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം അങ്ങേയറ്റം സത്യസന്ധപരമായിത്തീര്ന്നിരിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഭീകരര്‍ക്കെതിരായ പാക്കിസ്ഥാന് പോരാട്ടങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ബോധിപ്പിക്കാത്ത പക്ഷം പാക്കിസ്ഥാനുള്ള സൈനിക സഹായം പിന്‍വലിക്കാമെന്ന് യുഎസ് സെക്രട്ടറി ഹിലരി ക്ലിന്റണ് മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഒബാമ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
പാക്കിസ്ഥാനുമായുള്ള അമേരിക്കയുടെ ബന്ധം കൂടുതല്‍ ദൃഢവും സത്യസന്ധവും ആയിത്തീര്‍ന്നിരിക്കുകയാണ്. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന് ഏറെ ദൂരം മുന്നേറിയിട്ടുണ്ട്, ഒബാമ പറഞ്ഞു. വോയ്സ് ഓഫ് അമേരിക്കക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒസാമ ബിന്‍ ലാദനെതിരായി നടന്ന അമേരിക്കന്‍ സൈനിക നീക്കം സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഒസാമയെ കണ്ടെത്തുകയാണെങ്കില്‍ നിശ്ചയമായും വധിക്കാമെന്നുള്ള കാര്യം പാക്കിസ്ഥാനെ നേരത്തെ തന്നെ ധരിപ്പിച്ചിരുന്നുവെന്നും ഒബാമ വ്യക്തമാക്കി. അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്നും പാക്കിസ്ഥാനിലേക്ക് ശ്രദ്ധ തിരിച്ചിരിക്കുകയാണ്. പാക്കിസ്ഥാനിലെ വിവിധ പ്രദേശങ്ങളില്‍ ഒളിവില്‍ കഴിയുന്ന ഭീകരന്മാരെ ആ രാജ്യത്തിന്റെ സഹായത്തോടുകൂടി തന്നെ പിടികൂടാനാകുമെന്നാണ് വിശ്വാസം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഒരേ സുരക്ഷാ പരിതസ്ഥിതിയാണുള്ളതെന്നും ഇരുരാജ്യങ്ങളും ഭീകരവാദഗ്രൂപ്പുകളില് നിന്ന് നിരന്തരം ഭീഷണികള്‍ നേരിടുന്നുണ്ടെന്നും ഒബാമ വ്യക്തമാക്കി. പാക്കിസ്ഥാനിലെ ഗോത്രവര്‍ഗ മേഖലകളില്‍ നിരവധി ഭീകരവാദ ക്യാമ്പുകളുണ്ടെന്നും ഇത്തരം പ്രദേശങ്ങളില്‍ പാക്കിസ്ഥാന്റെ സഹായത്തോടുകൂടി സൈനിക നീക്കം നടത്തുവാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം പാക്കിസ്ഥാനും അമേരിക്കയും തമ്മില്‍ ചില വിഷയങ്ങളില്‍ അഭിപ്രായ ഭിന്നത നിലവിലുണ്ടെന്നകാര്യം വോയ്സ് ഓഫ് അമേരിക്കക്ക് ബുധനാഴ്ച നല്കിയ പ്രഥമ അഭിമുഖത്തില്‍ ഒബാമ വെളിപ്പെടുത്തിയിരുന്നു.
ഭീകരതക്കെതിരായി കൂടുതല്‍ ശക്തമായ രീതയില്‍ പോരാട്ടം നടത്തുവാന്‍ പാക്കിസ്ഥാന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും, താലിബാന് പ്രഭാവം രാജ്യത്തേക്ക് കടന്നുവരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും ആ രാജ്യം സ്വീകരിച്ചുകഴിഞ്ഞതായും ഒബാമ അവകാശപ്പെട്ടു. പാക്കിസ്ഥാന് നല്കുന്ന സൈനിക സാമ്പത്തിക സാഹായങ്ങളില് കനത്ത നിയന്ത്രണങ്ങളേര്പ്പെടുത്തണമെന്ന് അമേരിക്കന്‍ സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ്, പാക്കിസ്ഥാന് അനുകൂല നിലപാടുകളുമായി ഒരിക്കല്‍ കൂടി ഒബാമ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: