പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ സബ്ഡിവിഷന് നിരത്തുവിഭാഗം പരിധിയില്‍പെട്ട വേങ്ങൂര്‍പാറ- പാണംകുഴിറോഡ് വീതികൂട്ടി ടാര്‍ചെയ്യുന്നതിന് 2.48 കോടി രൂപ അടങ്കലുള്ളത് ടെന്റര്‍ ചെയ്ത് എഗ്രിമെന്റ് വച്ച് കൊമ്പനാട് വരെ മാത്രം പണിപൂര്ത്തീകരിച്ചിട്ടുള്ളതാണ്. ഈ റോഡ് വീതികുട്ടുന്നിത് യാതൊരു പ്രതിഫലവും പറ്റാതെ നാട്ടുകാര്‍ സ്ഥലം വിട്ടുനല്‍കിയിട്ടുള്ളതാണ്. എന്നാല്‍ സ്ഥലം എംഎല്‍എയുടെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ധൃതിപിടിച്ച് അറ്റകുറ്റപ്പണികള്‍ നടത്തിയ ഈ റോഡ് പലഭാഗവും തകര്‍ന്ന് തരിപ്പണമായതായി നാട്ടുകാര്‍ പറയുന്നു.
5.5 മീറ്റര്‍ വീതിയില്‍ പുതുക്കിപണിത റോഡില്‍ 90 ശതമാനം ഭാഗങ്ങളിലും മുക്കാല്‍ ഇഞ്ച് മെറ്റല്‍ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ പുതുക്കി പണിയുന്നതിന് 60 എംഎം, 36 എംഎം ഗ്രേഡഡ് മെറ്റല്‍ വിരിച്ച് വാട്ടര്‍ റോളിംഗ് നടത്തേണ്ടതും ടാറിംഗ് 12എംഎം, 6 എംഎം മെറ്റല്‍ ഉപയോഗിച്ചും ചെയ്യണമെന്നാണ് നിര്‍ദ്ദേശമുണ്ടായിരുന്നത്. എന്നാല്‍ ഈ റോഡിന്റെ ഒരു ഭാഗത്തുപോലും 60 എംഎം മെറ്റല്‍ ഉപയോഗിച്ചിട്ടില്ല എന്നും നാട്ടുകാര്‍ പറഞ്ഞു. ഇത്തരത്തില്‍ പണി പൂര്‍ത്തിയാക്കിയതുമൂലം ചൂരത്തോട് മുതല്‍ കോടംമ്പിള്ളിഷാപ്പ് വരെയുള്ള ഭാഗം പൂര്‍ണമായും തകര്ന്ന്പോയതായും പറയുന്നു. ഈ ഭാഗം പുനഃനിര്‍മാണത്തിന് പോലും പറ്റാത്തരീതിയില്‍ വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഈ റോഡുപണിക്കായി 60 എംഎം മെറ്റല്‍ സപ്ലൈ ചെയ്തിട്ടുണ്ടെന്ന് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടെക്നിക്കല്‍ എക്സാമിനര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും പറയുന്നു. റോഡ്പണി തൃപ്തികരമാണെന്ന് മൂവാറ്റുപുഴ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്. ഇത്തരത്തിലുള്ള റോഡാണ് സഞ്ചാരയോഗ്യമല്ലാതെ താറുമാറായിരിക്കുന്നത്.
ഈറോഡുപണിയില് വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്നും ഇതിന് എംഎല്‍എയുടെ നിര്‍ദ്ദേശത്തിന് വഴങ്ങി ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായും നാട്ടുകാര്‍ ആരോപിച്ചു. ഇതിനെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്ന് നാട്ടുകാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: