ന്യൂദല്‍ഹി: രാജ്യത്തെ അഴിമതി അവസാനിപ്പിക്കുവാന്‍ ശക്തമായ നടപടികള്‍ ആവശ്യപ്പെടുന്നത് സമാന്തരഭരണത്തിനല്ലെന്ന് സാമൂഹ്യപ്രവര്‍ത്തകനും ഗാന്ധിയനുമായ അണ്ണാ ഹസാരെ അറിയിച്ചു. അഴിമതി അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ആഗസ്റ്റ് 16 മുതല്‍ മരണംവരെ നിരാഹാരമനുഷ്ഠിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ സംവിധാനത്തില്‍നിന്ന് അഴിമതി നിര്‍മാര്‍ജനം ചെയ്യാന്‍ പ്രധാനമന്ത്രിയേയും ഉയര്‍ന്ന ന്യായാധിപന്മാരേയും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനങ്ങളുടെ മുന്നേറ്റത്തിന് തടയിടാനാണ് സമാന്തര സര്‍ക്കാര്‍ എന്ന പരാമര്ശമുയരുന്നതെന്ന് ഹസാരെ കുറ്റപ്പെടുത്തി. ജന്തര്‍മന്ദിറില്‍ സത്യഗ്രഹമവസാനിപ്പിക്കുമ്പോള് നല്കിയ ഉറപ്പ് പാലിക്കാത്തതിന് ഹസാരെ സര്‍ക്കാരിനെ കുറ്റപ്പെടുത്തി. അഴിമതി ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കാത്തതുകൊണ്ടാണ് ലോക്പാല്‍ ബില്ലിനെക്കുറിച്ചുള്ള തങ്ങളുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാത്തതെന്നും അദ്ദേഹം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: