കൊച്ചി: ജീവിതത്തിന്റെ സായന്തനത്തില്‍ ഏകാകിനിയായി വിടപറഞ്ഞ ജര്‍മന്‍ വനിതയുടെ അന്ത്യകര്‍മം ചെയ്യാന്‍ മകനെത്തുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു. കഴിഞ്ഞ 14 നാണ് ജര്‍മന്‍ വനിതയായ ഷെമീദ് ആല്‍ഫ്രഡ് മരിയ (85) അന്തരിച്ചത്. ഏതാണ്ട് ഒരു പതിറ്റാണ്ടോളമായി ഇവര്‍ ഇന്ത്യയില്‍ എത്തിയിട്ട്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ദിവാന്‍സ് റോഡിലെ റെസിഡന്‍സി ഹോട്ടലിലാണ് താമസം. ഹോട്ടലില്‍ വച്ച് തന്നെയായിരുന്നു അന്ത്യം.
ചെന്നൈയിലെ ജര്‍മന്‍ കോണ്‍സുലേറ്റ് വഴി മരിയയ്ക്ക് ബന്ധുക്കളാരെങ്കിലുമുണ്ടോയെന്ന് ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ജര്‍മന്‍ എംബസിയില്‍നിന്നും ഇതുവരെ മറുപടി ഒന്നും ലഭിച്ചിട്ടില്ല. ഇന്നലെയെങ്കിലും ഇതുസംബന്ധിച്ച് മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ലെന്ന് സ്പെഷ്യല്‍ ബ്രാഞ്ചിലെ വിദേശവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജര്‍മന്‍ എംബസിയുമായി തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ട്. എത്രയും പെട്ടെന്ന് മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ജനറല്‍ ആശുപത്രിയിലെ ഫ്രീസറിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംസ്ക്കരിക്കുന്നതിന് നിയമതടസങ്ങളൊന്നുമില്ല.
ഏതെങ്കിലും ബന്ധുക്കള്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയുവാനുള്ള കാത്തിരിപ്പിലാണിപ്പോഴും കൊച്ചി പോലീസ്. എന്തായാലും ജര്‍മന്‍ എംബസിയുടെ മറുപടി ലഭിച്ചശേഷമേ സംസ്ക്കാരം നടത്തുകയുള്ളൂ. മറുപടി ഇനിയും വൈകല്ലേയെന്ന പ്രാര്‍ത്ഥനയാണ് പോലീസിനും കൊച്ചിക്കാര്‍ക്കും.
ജൂത വംശജയായ മരിയയുടെ മാതാപിതാക്കള്‍ ഹിറ്റ്ലറുടെ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബന്ധുക്കളുടെ സംരക്ഷണത്തില്‍ വളര്‍ന്ന മരിയ പാക്കിസ്ഥാനിലെ ജര്‍മന്‍ എംബസിയിലെ ഉദ്യോഗസ്ഥയായി. പാക്കിസ്ഥാന് പൗരനായ പട്ടാളക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചു. എന്നാല്‍ ഒരു പോരാട്ടത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ടു. മുതിര്‍ന്നപ്പോള്‍ ഏക മകനും ഉപേക്ഷിച്ചു. പാക് എംബസിയില്‍നിന്നും വിരമിക്കുമ്പോള്‍ ജനിച്ചനാട് തീര്‍ത്തും അന്യമായിരുന്നു. ഒരു ബാല്യകാല സുഹൃത്ത് മാത്രമായിരുന്നു നാടിനോട് ബന്ധപ്പെടാനുള്ള കണ്ണി. പാക്കിസ്ഥാനില്‍നിന്നും ചികിത്സയ്ക്കായാണ് ഇന്ത്യയിലേക്ക് എത്തിയത്. വടക്കേ ഇന്ത്യയിലെല്ലാം യാത്ര ചെയ്ത ശേഷമാണ് കൊച്ചിയിലെത്തുന്നത്. ജൂത പാരമ്പര്യമുറങ്ങുന്ന മട്ടാഞ്ചേരിയും കൊച്ചിയുമെല്ലാം മരിയയ്ക്ക് ഗൃഹാതുര സ്മരണകളുണര്‍ത്തുന്നതായിരുന്നു. അതുകൊണ്ടുതന്നെ കൊച്ചി ഇവര്‍ക്ക് ഏറെ ബോധിച്ചു. ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു.
ഹോട്ടലിലായിരുന്നു കഴിഞ്ഞ ഒമ്പതുവര്‍ഷം താമസിച്ചിരുന്നതും അവസാനശ്വാസം വലിച്ചതും. പെന്ഷന് തുകയായിരുന്നു ഇവരുടെ ഏകവരുമാനം. ഇടക്കിടെ ജര്‍മനിയിലെ ഏതോ സുഹൃത്തിന്റെ കത്ത് വരാറുണ്ടായിരുന്നതായി ഹോട്ടലുകാര്‍ ഓര്‍ക്കുന്നു.
കൊച്ചിയുടെ സംസ്ക്കാരത്തില്‍ അലിഞ്ഞുചേര്‍ന്ന മരിയയ്ക്ക് ഇവിടെത്തന്നെ അവസാനനിമിഷവും ചെലവഴിച്ച് തന്റെ ചിതാഭസ്മം കൊച്ചി കായലില്‍ ഒഴുക്കണമെന്നായിരുന്നു ആഗ്രഹം. മരിയയുടെ ആഗ്രഹസാഫല്യത്തിന് തടസങ്ങളൊന്നുമില്ലെങ്കിലും ബന്ധുക്കളാരെങ്കിലും എത്തുമെന്ന കാത്തിരിപ്പിലാണ് ഒരാഴ്ചയായി കൊച്ചി പോലീസ്.
-എന്‍.പി.സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: