ബഹിരാകാശത്ത് പറന്നു നടക്കുന്ന വലിയൊരു ദൂരദര്‍ശിനിക്ക് ഒരിക്കല്‍ പറക്കല്‍ പിഴച്ചു. ഭ്രമണപഥത്തില്‍ നിന്ന് വഴുതി അത് ഭൂമണ്ഡലത്തിലേക്ക് വീണു തുടങ്ങി. അമേരിക്കയുടെ ബഹിരാകാശ ഏജന്‍സി ‘നാസ’ സടകുടഞ്ഞെണീറ്റു. താഴേക്ക് വീഴുന്ന ഉപഗ്രഹ ദൂരദര്‍ശിനിയെ തള്ളി ഭ്രമണപഥത്തിലേക്ക് കയറ്റണം. അരിസോണയിലെ ഒരു കമ്പനിക്കായിരുന്നു കരാര്‍. കമ്പനി ഒരു ആകാശക്കപ്പലിനെ ബഹിരാകാശത്തേക്ക് തൊടുത്തുവിട്ട. റോബോട്ടിക് കരങ്ങള്‍കൊണ്ട് ഉപഗ്രഹത്തെ പിടിച്ച് ഭ്രമണപഥത്തില്‍ കൃത്യമായി എത്തിക്കാനായിരുന്നു ആകാശക്കപ്പലിന്റെ ശ്രമം. പക്ഷേ അവരുടെ പറക്കലും പിഴച്ചു. ദിശ തെറ്റി മലര്‍ന്നടിച്ച് ഭൂമിയിലേക്ക് വീണ ആകാശക്കപ്പല്‍ കത്തിച്ചാരമായി.
നാസയുടെ നീല്‍ ഗെറര്‍ സ്വിഫ്ട് ഒബ്‌സര്‍വേറ്ററിയെ ഭൂമിയിലേക്ക് വീഴുന്നതില്‍നിന്ന് തടഞ്ഞുനിറുത്താന്‍ പോയ ‘ലിങ്ക്’ എന്ന റോബോട്ടിക് പേടകമാണ് ഉന്നംപിഴച്ച് കത്തിയമര്‍ന്നത്.
ബാഹ്യാകാശത്തിലെ ഗാമാ വികിരണ സ്‌ഫോടനങ്ങളെ കണ്ടെത്തി വിശകലനം ചെയ്യുന്നതിനും പ്രപഞ്ച രഹസ്യങ്ങള്‍ കണ്ടെത്തുന്നതിനും വേണ്ടിയാണ് 2004 നവംബറില്‍ ‘സ്വിഫ്ടി’നെ വിക്ഷേപിച്ചത്. ഏറ്റവും ശക്തമായ ഗാമാ വികിരണ സ്‌ഫോടനങ്ങളുടെ ഉറവിടങ്ങള്‍ കണ്ടെത്തുക. എക്‌സ് റേ വികിരണം, അള്‍ട്രാവയലറ്റ് പ്രവാഹം തുടങ്ങിയവ നിരീക്ഷിക്കുക തുടങ്ങിയവയൊക്കെ മുഖ്യദൗത്യങ്ങള്‍, അതുകൊണ്ടാണ് ‘നാസ’ അതിനെ ഒരു ‘അസ്‌ട്രോ ഫിസിക്‌സ് മള്‍ട്ടി ടൂള്‍’ എന്ന് വിളിച്ചത്.
വമ്പന്‍ നക്ഷത്രങ്ങളുടെ നാശവും പുതിയ ദമോദ്വാരങ്ങളുടെ ജനനവും സൂചിപ്പിക്കുന്ന നിരവധി തെളിവുകളാണ് രണ്ട് പതിറ്റാണ്ട് കാലത്തെ നിരീക്ഷണംകൊണ്ട് ‘സ്വിഫ്ട്’ ഭൂമിയിലെത്തിച്ചത് ഏതാണ്ട് രണ്ടായിരത്തില്‍പരം അതിശക്ത ഊര്‍ജ സ്‌ഫോടനങ്ങളാണ്. സ്വിഫ്ട് കണ്ടെത്തിയതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
വിക്ഷേപണം നടന്ന കാലത്ത് ഭൂമിയില്‍നിന്ന് 600 കി.മീ. ഉയരത്തിലായിരുന്നു സ്വിഫ്ടിന്റെ ഭ്രമണപഥം. പക്ഷേ അന്തരീക്ഷത്തിലെ ഊഷ്മാവിലുണ്ടായ വര്‍ധനയും ഭൂമിയുടെ ആകര്‍ഷണത്തിലെ തീവ്രതയുമൊക്കെച്ചേര്‍ന്ന് ദൂരദര്‍ശിനിയെ ഭ്രമണപഥത്തില്‍ നിന്ന് താഴേക്ക് വലിച്ചു ഭ്രമണപഥം സ്വയം ഉയര്‍ത്താന്‍ കരുത്ത് നല്‍കുന്ന പ്രൊപ്പല്‍ഷല്‍ സിസ്റ്റം ഉപഗ്രഹത്തില്‍ ഉപഗ്രഹത്തില്‍ ഉണ്ടായതുമില്ല.
പക്ഷേ പഴകിയിട്ടും സേവനത്തില്‍ കടുകിടെ കുറവ് കാണിക്കാത്ത സ്വിഫ്ടിനെ കൈവിടാന്‍ നാസയ്‌ക്ക് മനസ്സ് വന്നില്ല. ഏത് വിധത്തിലും സ്വിഫ്ടിനെ ഉയര്‍ത്തി പഴയ ഭ്രമണപഥത്തില്‍ സ്ഥാപിക്കാനായിരുന്നു ശ്രമം. അതിനുള്ള കരാര്‍ നല്‍കിയത് അരിസോണ ആസ്ഥാനമായുള്ള കാറ്റലിസ്റ്റ് സ്‌പേസ് ടെക്‌നോളജീസ് എന്ന കമ്പനിക്ക്. കേവലം ഒന്‍പത് മാസങ്ങള്‍ കൊണ്ടാണ് കമ്പനി തങ്ങളുടെ ‘ലിങ്ക്’ എന്ന ആകാശക്കപ്പല്‍ നിര്‍മ്മിച്ചെടുത്തത്. തെക്കന്‍ പസഫിക് സമുദ്രത്തിലെ മാര്‍ഷല്‍ ദ്വീപുകളില്‍ പെടുന്ന ക്വാജലില്‍ പവിഴ ദ്വീപില്‍നിന്നാണ് ലിങ്കിനെ തൊടുത്തുവിട്ടത്. ഒരു പെഗാസ് റോക്കറ്റിന്റെ കരുത്തില്‍ ജൂലൈ മൂന്നിന്. താഴ്ന്ന ഭൂതല ഭ്രമണപഥത്തില്‍ പരിക്രമണം ചെയ്യുന്ന സ്വിഫ്ടിന്റെ അടുത്തു ചെന്ന് റോബോട്ടിക് കൈകള്‍കൊണ്ട് പിടിച്ച പഴയ ഉയര്‍ന്ന ഭ്രമണപഥത്തിലെത്തിക്കുക ഏക ദൗത്യം. വിജയിച്ചാല്‍ സ്വിഫ്ട് ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനം നിരവധി വര്‍ഷങ്ങള്‍ മുന്നോട്ടു പോകാന്‍ കഴിയും എന്നായിരുന്നു പ്രതീക്ഷ.
‘ലിങ്കി’ന്റെ വിക്ഷേപണം വിജയകരമായിരുന്നു. പക്ഷേ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ലിങ്കിന്റെ ദിശാ നിയന്ത്രണ സംവിധാനത്തില്‍ ഗുരുതരമായ തകരാറുകള്‍ ഉടലെടുത്തു. അതോടെ സ്വിഫ്ടിനെ കൃത്യമായി സമീപിക്കാനും ആശയവിനിമയം നടത്താനും സാധിക്കാതെ വന്നു. ‘ലിങ്കി’ന്റെ റോബോട്ടിക് കരങ്ങള്‍ക്ക് ദൂരദര്‍ശിനിയെ സ്പര്‍ശിക്കാന്‍ പോലും കഴിഞ്ഞില്ല. ഒടുവില്‍ ആഗസ്ത് 19 ന് നാസയും കാറ്റലിസ്റ്റ് കമ്പനിയും ചേര്‍ന്ന് ആ പ്രഖ്യാപനം നടത്തി- ”ലിങ്കിന് സ്വിഫ്ടിനെ പിടികൂടാന്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ അതിന്റെ ഭ്രമണപഥം ഉയര്‍ത്താനാവുകയുമില്ല. അതിനാല്‍ ഞങ്ങള്‍ ആ ശ്രമം ഉപേക്ഷിക്കുന്നു.” എങ്കിലും സ്വിഫ്ടിനെ അടുത്തുചെന്ന് നിരീക്ഷിക്കാന്‍ ‘ലിങ്ക്’ മടിക്കില്ലത്രെ. നിരീക്ഷണം കഴിഞ്ഞു. ഭൂമിയുടെ ആകര്‍ഷണ വലയില്‍ വീണ ലിങ്ക് എന്ന റോബോട്ടിക് ആകാശക്കപ്പല്‍ അന്തരീക്ഷ ഘര്‍ഷണത്തില്‍ കരിഞ്ഞു വീണു. പരാജയപ്പെട്ടിട്ടും നാസ വെറുതെയിരുന്നില്ല. അവര്‍ സ്വിഫ്ടിന്റെ എക്‌സ്-റെ ടെലിസ്‌കോപ്പ്, ഒപ്ടിക്കല്‍ ടെലിസ്‌കോപ്പ്, ബര്‍സ്റ്റ് അലര്‍ട്ട് ടെലിസ്‌കോപ്പ് തുടങ്ങിയവയൊക്കെ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ഗാമാകിരണ സ്‌ഫോടനങ്ങള്‍ നിരീക്ഷിക്കാനാരംഭിച്ചു. പക്ഷേ ഭ്രമണപഥം അതിവേഗം താഴ്ന്നുകൊണ്ടിരുന്നു. 600 കിലോമീറ്റര്‍ ഉയരത്തില്‍നിന്ന് 325 കിലോമീറ്ററിലേക്ക് പതിച്ചു. അത് മുന്നൂറില്‍ താഴെയെത്തിയാല്‍ സ്വിഫ്ട് ഫലശൂന്യമാകും. അപ്പോള്‍ അത് അതിവേഗം താഴേക്ക് വന്ന് അന്തരീക്ഷത്തില്‍ കത്തിയമരും. അത് സംഭവിക്കുക 2026 അവസാനത്തോടെ. പക്ഷേ സ്വിഫ്റ്റിന്റെ പതനവും ലിങ്കിന്റെ തകര്‍ച്ചയും ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും നല്‍കിയ അറിവും അനുഭവജ്ഞാനവും അപാരമായിരുന്നു. ഭാവിയില്‍ ഇത്തരം സംരംഭങ്ങള്‍ നടത്താനാവശ്യമായ അറിവും അനുഭവവും ‘നാസ’ക്ക് നല്‍കാന്‍ ലിങ്ക് പദ്ധതിക്ക് സാധിച്ചു.













