Kerala

‘ നിവേദ്യചോറ് കഴിച്ചാണ് സ്കൂളിലേയ്‌ക്ക് പോവുക , ചായ കുടിക്കാനുള്ള ശേഷിയൊന്നും ഉണ്ടായിരുന്നില്ല ‘ ; നൊമ്പരമായി ദാമോദരൻ നമ്പൂതിരിയുടെ വാക്കുകൾ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട : ദാരിദ്ര്യം അറിഞ്ഞ് വളർന്ന കുട്ടിക്കാലമായിരുന്നു തനിക്കെന്ന് തുറന്ന് പറഞ്ഞ് നിയുക്ത മാളികപ്പുറം മേൽശാന്തി എ.ദാമോദരൻ നമ്പൂതിരി . ‘ ദാരിദ്ര്യമായിരുന്നു അക്കാലത്ത് . ക്ഷേത്രത്തിലെ നിവേദ്യചോറ് കഴിച്ചാണ് സ്കൂളിലേയ്‌ക്ക് പോവുക . തിരിച്ച് വന്നാൽ ചായ കുടിക്കാനുള്ള ശേഷിയൊന്നും അന്ന് ഉണ്ടായിരുന്നില്ല. അങ്ങനെ തുടങ്ങിയ യാത്രയാണിത് ‘ എന്നാണ് ദാമോദരൻ നമ്പൂതിരിയുടെ വാക്കുകൾ.

ഗുരുനാഥന്റെ അനുഗ്രഹമാണ് ഏറ്റവും വലുത്, പിന്നെ ആചാര്യന്മാരുടെയും ദേവന്റെയും അനുഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

കരുവഞ്ചേരി ആയാടത്തിൽ കുടുംബാംഗമാണ് ദാമോദരൻ നമ്പൂതിരി. ശബരിമല മേൽശാന്തി സ്ഥാനത്തേക്കുള്ള അന്തിമപ്പട്ടികയിലും പേരുണ്ടായിരുന്നെങ്കിലും ഒടുവിൽ മാളികപ്പുറത്തേക്കാണ് നറുക്കുവീണത്. അഞ്ചാം തവണയാണ് ഇദ്ദേഹത്തിന്റെ പേര് മേൽശാന്തി തിരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടികയിൽ ഇടംപിടിക്കുന്നത്. 20 വർഷമായി പയ്യോളി കീഴൂർ ശിവക്ഷേത്രത്തിലെ മേൽശാന്തിയാണ്. 52കാരനായ ദാമോദരൻ നമ്പൂതിരി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഉപനയനം കഴിഞ്ഞ് പാലയാട് കോതമല്ലീശ്വര ക്ഷേത്രത്തിൽ പൂജകൾ ചെയ്തു കൊണ്ട് കർമ്മമേഖലയിലേക്ക് കടന്നുവന്നത്