
ന്യൂദൽഹി: ലണ്ടനിൽ നടന്ന പ്രതിഷേധത്തിനിടെ പാകിസ്ഥാന്റെയും പാക് അധിനിവേശ കശ്മീരിന്റെയും (PoK) പതാകകൾക്കൊപ്പം കോൺഗ്രസ് പതാകകളും പ്രദർശിപ്പിച്ചതിനെതിരെ കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. ഇന്ത്യാവിരുദ്ധ ശക്തികൾക്ക് ഒരിക്കലും രാജ്യത്തെ തകർക്കാനാവില്ലെന്ന് അദ്ദേഹം എക്സിൽ (X) കുറിച്ചു.
“ലണ്ടനിൽ പാകിസ്ഥാന്റെയും പാക് അധിനിവേശ കശ്മീരിന്റെയും പതാകകൾക്കൊപ്പം കോൺഗ്രസ് പതാകകളും! ലണ്ടനിൽ ഒത്തുകൂടുന്ന ഇത്തരം ഇന്ത്യാവിരുദ്ധ സംഘങ്ങൾക്ക് ദേശസ്നേഹികളായ ഇന്ത്യക്കാരെ ഭയപ്പെടുത്താനാകുമെന്ന് അവർ കരുതുന്നു. ഇന്ത്യ ഒരിക്കലും തലകുനിക്കില്ല. ഇന്ത്യാവിരുദ്ധ ശക്തികൾക്ക് രാജ്യത്തെ തകർക്കാനുമാവില്ല,” എന്നായിരുന്നു റിജിജുവിന്റെ പ്രതികരണം.
ശനിയാഴ്ച ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ നടന്ന പ്രതിഷേധമാണ് വിവാദത്തിന് ആധാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണ പ്രഖ്യാപിച്ച് ലണ്ടനിലെ ഒരു വിഭാഗം ഇന്ത്യൻ പ്രവാസികൾ വെള്ളിയാഴ്ച പ്രകടനം നടത്തി. ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് കോൺഗ്രസിനോട് അനുഭാവമുള്ള നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (NSUI) ഉൾപ്പെടെയുള്ള സംഘടനകൾ നടത്തിയ പ്രതിഷേധങ്ങൾക്ക് മറുപടിയായാണ് ഈ പ്രകടനം.