India

നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പോലീസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ മുംബൈ ജൂഹുവിൽ വെടിയുതിർത്ത പ്രതികളുടെ ആദ്യ ചിത്രങ്ങൾ പുറത്ത്. ഞായറാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികളുടെ ദൃശ്യങ്ങൾ സിസിടിവി പരിശോധനയിലാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പ്രതികൾ സഞ്ചരിച്ച ഇരുചക്രവാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികളെക്കുറിച്ച് ലഭിച്ച സൂചനകൾ അനുസരിച്ച്, വെള്ള ഷർട്ട് ധരിച്ച രണ്ട് പേരാണ് ദൃശ്യങ്ങളിലുള്ളത്. ഇതിൽ ഒരാൾ പ്യൂമയുടെ ലോഗോയുള്ള കറുത്ത ക്യാപ് ധരിച്ചിട്ടുണ്ട്. അന്തേരിയിൽ നിന്നാണ് പ്രതികൾ ഉപയോഗിച്ച ഇരുചക്രവാഹനം പോലീസ് കണ്ടെടുത്തത് . മുംബൈ രജിസ്‌ട്രേഷനിലുള്ള ഈ വാഹനത്തിന്റെ ഉടമയെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നു. ജൂഹുവിൽ നിന്ന് അന്തേരി സ്റ്റേഷൻ വരെയുള്ള വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് സമഗ്രമായി വിശകലനം ചെയ്തുവരികയാണ്.

ഞായറാഴ്ച വൈകുന്നേരം ജൂഹുവിലെ ഫുട്ബോൾ ക്ലബ്ബിൽ നിന്ന് മടങ്ങുകയായിരുന്ന ടൈഗർ ഷ്രോഫിന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം താരത്തിന്റെ വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ടൈഗർ ഷ്രോഫിന്റെ ഡ്രൈവറും ഒരു ഓട്ടോറിക്ഷാ ഡ്രൈവറും പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Recent Posts