
പത്തനംതിട്ട:കോണ്ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള സിപിഐയുടെ ഹര്ജി കോടതി തള്ളി.പത്തനംതിട്ട അഡീഷണല് ജില്ലാ കോടതി നാല് ജഡ്ജി ഡോണി തോമസ് വര്ഗീസാണ് ഹര്ജി തള്ളിയത്. തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തില് ശ്രീനയുടെ വാസസ്ഥലം നല്കിയത് ശരിയല്ലെന്നായിരുന്നു ഹര്ജിക്കാരന് വാദിച്ചത്. സിപിഐ നേതാവ് മുരുകേഷ് നല്കിയ ഹര്ജിയാണ് വിചാരണക്കെടുക്കാതെ കോടതി തള്ളിയത്.
ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള് ഒരു തെരഞ്ഞെടുപ്പ് ഹര്ജിയിലൂടെ ചോദ്യം ചെയ്യാവുന്നതല്ല എന്ന മുതിര്ന്ന അഭിഭാഷകന് അഡ്വ വി ആര് സോജിയുടെ വാദം അംഗീകരിച്ചാണ് കോടതിവിധി. ഹര്ജിയിലെ സാങ്കേതിക പിഴവുകളും അഭിഭാഷകന് ചൂണ്ടിക്കാട്ടി. പള്ളിക്കല് ജനശക്തി വാര്ഡിലെ കൊല്ലശ്ശേരില് വീട്ടില് താമസക്കാരി അല്ല എന്ന വാദമാണ് ഹര്ജിക്കാരന് ഉന്നയിച്ചത്.
എന്നാല് സാധാരണ വാസസ്ഥലം തെരഞ്ഞെടുപ്പ് തര്ക്കമല്ലെന്നായിരുന്നു അഡ്വ വി ആര് സോജിയുടെ വാദം. വോട്ടര്പട്ടിക പ്രസിദ്ധീകരിച്ചപ്പോള് ഹര്ജിക്കാരന്റെ പാര്ട്ടിയായ സിപിഐ പ്രശ്നം ഉന്നയിച്ചിരുന്നു. എന്നാല്, ഇലക്ടറല് രജിസ്ട്രേഷന് ഓഫീസര് ശ്രീനാദേവി കുഞ്ഞമ്മയുടെ വോട്ടര്പട്ടികയിലെ അംഗത്വം ശരി വയ്ക്കുകയാണ് ചെയ്തത്. അതിനെതിരെ നല്കിയ അപ്പീല് പഞ്ചായത്ത് ജോയിന്റ് ഡയറക്ടര് തള്ളി. ചട്ടപ്രകാരം ജോയിന്റ് രജിസ്ട്രാറുടെ വോട്ടര് പട്ടിക സംബന്ധിച്ച തീരുമാനം അന്തിമമാണെന്നും അഭിഭാഷകന് ബോധിപ്പിച്ചു.
സിപിഐ വിട്ട് കോണ്ഗ്രസില് എത്തിയ ആളാണ് ശ്രീനാദേവി കുഞ്ഞമ്മ.