
തിരുവനന്തപുരം: മുന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുന്മന്ത്രിയും എം എല് എയും പിണറായിയുടെ മകള് വീണയുടെ ഭര്ത്താവുമായ മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്സ് ഡയറക്ടറുടെ ഉത്തരവ്. ഡിഐജി തോംസണ് ജോസിനാണ് അന്വേഷണ മേല്നോട്ടം. പിണറായി വിജയന് ഒന്നാം പ്രതിയായ കേസ് എസ്പി ഇ എന് സുരേഷും മുഹമ്മദ് റിയാസ് ഒന്നാം പ്രതിയായ കേസ് കോഴിക്കോട് സ്പെഷ്യല് സെല് എസ്പി ബാലകൃഷ്ണനും അന്വേഷിക്കും.ഇ ഡി റിപ്പോര്ട്ട് അനുസരിച്ച് രണ്ട് കാലഘട്ടങ്ങളില് നടന്ന സാമ്പത്തിക ഇടപാടുകളായതിലാണ് രണ്ട് കേസുകള് രജിസ്റ്റര് ചെയ്തത്. അഴിമതി തടയല് നിയമപ്രകാരമെടുത്ത രണ്ട് കേസിലും പിണറായിയുടെ മകള് വീണ ടി രണ്ടാം പ്രതിയാണ്.
ഹൈക്കോടതി ഉത്തരവ് പ്രകാരം ഇഡി റിപ്പോര്ട്ട് കണക്കിലെടുത്താണ് വിജിലന്സ് രണ്ട് കേസുകളെടുത്തത്.പിണറായിയും മുഹമ്മദ് റിയാസും അധികാരം ദുരുപയോഗം ചെയ്ത് പണമുണ്ടാക്കിയെന്നാണ് എഫ്ഐആറുകളിലുളളത്. ഒന്നാം പിണറായി സര്ക്കാരിന്റെ കാലത്ത് ടി വീണ സ്വന്തം കമ്പനിയായ എക്സാലോജിക് വഴി കരിമണല് കമ്പനി സിഎംആര്എല്ലില് നിന്ന് മാസപ്പടി വാങ്ങിയെന്നതിലാണ് ആദ്യ കേസ്. നല്കാത്ത സേവനത്തിന് 3.28 കോടി വീണയ്ക്ക് സി എം ആര് എല് കമ്പനി ഉടമ ശശിധരന് കര്ത്ത നല്കിയത് പിതാവ് മുഖ്യമന്ത്രിയായതിനാലാണ്. ഇത് പിണറായിക്കുള്ള കൈക്കൂലിയെന്ന് ഇ ഡി പറയുന്നുണ്ട്. അതിനാല് വിജിലന്സ് എടുത്ത ആദ്യ കേസില് പിണറായി ഒന്നാം പ്രതിയും മകള് രണ്ടാം പ്രതിയുമാണ്. ശശിധരന് കര്ത്ത ഉള്പ്പടെ ഏഴ് പ്രതികളാണ് ഈ കേസിലുള്ളത്.
മന്ത്രിയായിരിക്കെ മുഹമ്മദ് റിയാസ് അനധികൃതമായി ഉണ്ടാക്കിയ പണം ഹവാല വഴി വിദേശത്തേയ്ക്ക് കടത്തിയെന്ന ഇഡി കണ്ടെത്തലിലാണ് രണ്ടാമത്തെ കേസ്.ഇതിലും വീണയാണ് രണ്ടാം പ്രതി.ഇരുവരും ചേര്ന്ന് റിയാസിന്റെ സുഹൃത്തുക്കളുമായി ഗൂഢാലോചന നടത്തി യുഎഇയിലേയ്ക്ക് ഇടനിലക്കാര് വഴി 85 ലക്ഷം രൂപ അയച്ചു. വീണയുടെ വസതിയില് നിന്ന് ഇഡി പിടിച്ചെടുത്ത കുറിപ്പുകളാണ് ഇതിന് തെളിവ്.ദുബായില് വസ്ത്ര കയറ്റുമതി ബിസിനസിനുള്ള ചര്ച്ച പ്രതികള് തമ്മില് നടത്തി.റിയാസിന്റെ സുഹൃത്തുക്കള് ഉള്പ്പെടെ ആകെ എട്ട് പ്രതികളാണ് ഈ കേസിലുള്ളത്. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ മൊഴി ഉള്പ്പടെ എല്ലാ രേഖകളും ക്രൈംബ്രാഞ്ച് എസ്ഐടിയും വിജിലന്സിന് കൈമാറി.