Kerala

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃശൂർ: കൊടുങ്ങല്ലൂരിൽ 18 വയസുകാരൻ ആത്മഹത്യചെയ്ത സംഭവത്തിൽ പുതിയ വഴിത്തിരിവ്. വ്യാജകേസെടുത്തതിൽ മനംനൊന്താണ് മകൻ മുഹമ്മദ് അസ്ലം ആത്മഹത്യചെയ്തതെന്ന പിതാവ് നൗഷാദിന്റെ ആരോപണങ്ങൾക്ക് പിന്നാലെ ഓഡിയോ തെളിവുകൾ പുറത്തുവിട്ട് പരാതിക്കാരിയായ പെൺകുട്ടിയുടെ കുടുംബം.

പെൺകുട്ടിയെ അസ്ലം ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം പിതാവ് രംഗത്തെത്തിയിരുന്നു. മകനെതിരെ പൊലീസെടുത്തത് വ്യാജ കേസാണെന്നും നൗഷാദ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പെൺകുട്ടിയുടെ കുടുംബം പുറത്തുവിട്ടിരിക്കുന്നത്.

‘പുറത്തുവിടട്ടെ, ഉറപ്പല്ലേ, ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’ എന്നാണ് പെൺകുട്ടിയോട് അസ്ലം ഭീഷണിപ്പെടുത്തിക്കൊണ്ട് ചോദിക്കുന്നത്. ബന്ധുവിനോട് സംസാരിക്കുന്നതാണ് മറ്റൊരു ഓഡിയോ. ‘ അവളുടെ ചേച്ചി എന്തും പറയും. അവളുടെ കയ്യിൽ ഒരുപാട് പണമുണ്ട്. ഞാൻ പണം കൂട്ടിച്ചോദിക്കും. ചിലപ്പോൾ മൂന്ന് ലക്ഷമൊക്കെ ഞാൻ ചോദിക്കും. അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും’ എന്ന് പറയുന്നത് പുറത്തുവിട്ട ഓഡിയോയിൽ കേൾക്കാം. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന കാര്യം ശരിവെക്കുന്നതാണ് ഈ ഓഡിയോ സന്ദേശം.

മറ്റൊരു വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടിലേക്ക് അസ്ലം എത്തുന്നതും ഗേറ്റ് കടന്ന് വീട്ടിനുള്ളിലേക്ക് പോകുന്നതുമാണ് ആ വീഡിയോ. ഇത് പെൺകുട്ടിയുടെ വിദേശത്തുള്ള സഹോദരിക്ക് അയച്ചുകൊടുക്കുകയും പണം നൽകണമെന്ന് അസ്ലം ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുകയും സ്വർണാഭരണങ്ങൾ തട്ടിയെടുത്തുവെന്നുമാണ് മരിച്ച അസ്ലമിനും സഹോദരൻ സഹലിനുമെതിരായ കേസ്. 50,000 രൂപയും 20 പവനും തട്ടിയെടുത്തുവെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. ഈ കേസിൽ അസ്ലമിന്റെ സഹോദരൻ സഹൽ ഇപ്പോൾ റിമാൻഡിലാണ്. കേസിൽ നേരത്തെ അസ്ലമിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

പിന്നാലെയാണ് ഒക്ടോബർ ആറിന് അസ്ലമിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അസ്ലമിന് ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നും അതിനെ എതിർത്ത പെൺകുട്ടിയുടെ കുടുംബം പൊലീസിനെ സ്വാധീനിച്ച് മക്കളെ രണ്ട് പേരെയും കസ്റ്റഡിയിൽ എടുപ്പിച്ചെന്നാണ് പിതാവ് നൗഷാദിന്റെ ആരോപണം.

എന്നാൽ അടുത്തിടെ ഒരു ഇന്നോവ കാർ പോലീസ് കൊടുങ്ങല്ലൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. അസ്ലമും സഹോദരനും ചേർന്ന് വാങ്ങിയ വാഹനമാണിതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ മറ്റൊരാളുടെ പേരിലാണ് ഇത് വാങ്ങിയത്. എന്നാൽ ഈ സ്ത്രീയുടെ മകന് രണ്ട് ലക്ഷം രൂപ നൽകിയതിന് ശേഷമാണ് വാഹനം വാങ്ങിയത് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മറ്റൊരു ജ്വല്ലറിയിൽ സ്വർണം വിറ്റ് പണം വാങ്ങിയ തെളിവുകളും പോലീസിന്റെ പക്കലുണ്ടെന്നാണ് പോലീസ് പറയുന്നത്. സുഹൃത്ത് വഴിയാണ് ഈ ഇടപാട് നടന്നത്. പെൺകുട്ടിയുടെ ചിത്രങ്ങൾ കാണിച്ച് സ്വർണവും പണവും വാങ്ങിയതിന്റെ തെളിവുകളാണിതെന്നാണ് പോലീസ് വിശദീകരിക്കുന്നത്.