Kerala

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തല്‍. സംഭവത്തില്‍ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചു. കൃത്യവിലോപത്തിന് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ഉണ്ടാകും.
ജയിലില്‍ കഴിഞ്ഞിരുന്ന ലഹരി വില്‍പന കേസിലെ പ്രതികളായ റോഷ്നി സാവിയോ, റുബൈദ എന്നിവരില്‍ നിന്നാണ് 0.30 ഗ്രാം എംഡിഎംഎ പിടികൂടിയത്. തടവുകാരിലേക്ക് മയക്കുമരുന്ന് എത്തിയ ഉറവിടം കണ്ടെത്താന്‍ പോലീസും ജയില്‍ വകുപ്പും അന്വേഷണം നടത്തിവരികയാണ്.
മയക്കുമരുന്ന് കടത്തുന്നത് തടയാന്‍ വനിതാ ജയിലുകളില്‍ ഉള്‍പ്പെടെ പരിശോധനകള്‍ കര്‍ശനമാക്കാന്‍ ജയില്‍ മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
റോഷ്നി സാവിയോ ആറ് ദിവസം മുമ്പും, റുബൈദ രണ്ട് ദിവസം മുമ്പുമാണ് ജയിലിലെത്തിയത്. പ്രതികളെ കേസുമായി ബന്ധപ്പെട്ട് ന്യൂമാഹി കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് തിരിച്ച് ജയിലില്‍ എത്തിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ നിന്ന് എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയിലായിരുന്നു. റോഷ്‌നിയാണ് തങ്ങള്‍ക്ക് ലഹരി മരുന്ന് എത്തിച്ചതെന്ന് ഇവര്‍ മൊഴി നല്‍കി. തുടര്‍ന്നാണ് റോഷ്‌നിയെ പിടികൂടുന്നത്. ഒരു പോക്‌സോ കേസിലും പ്രതിയാണ് റോഷ്‌നി. റുബൈദയും ആണ്‍സുഹൃത്തും ന്യൂമാഹിയിലെ വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തി വരവെയാണ് പിടിയിലായത്.

 

Recent Posts