
ഗുരുവായൂർ: കേന്ദ്ര – സംസ്ഥാന അവാർഡുകൾക്കായി കലാകാരന്മാരെ പരിഗണിക്കുമ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെ അനുഷ്ഠാന കലകളായ കൃഷ്ണനാട്ടം, സോപാന സംഗീതം കലാകാരന്മാരെയും ക്ഷേത്രശില്പികളായ ദാരു ശില്പികളെയും ചുമർചിത്രകലാകാരന്മാരെയും പ്രത്യേകമായി പരിഗണിക്കണമെന്ന് തപസ്യ കലാസാഹിത്യ വേദി ഗുരുവായൂർ ശാഖാ യോഗം ആവശ്യപ്പെട്ടു.
ഗുരുവായൂരിന്റെ സവിശേഷമായ അനുഷ്ഠാന ക്ഷേത്ര കലാരൂപമാണ് കൃഷ്ണനാട്ടം. വേഷം, അഭിനയം, സംഗീതം, ചുട്ടി, പരിശീലനം എന്നിവയിൽ ദീർഘകാലത്തെ ശ്രദ്ധേയ സംഭാവന നൽകിയവരെ പത്മാ അവാർഡുകൾക്കായി പോലും പരിഗണിക്കാവുന്നതാണ്. എന്നാൽ നാളിതുവരെയായി അപേക്ഷകൾ നൽകുന്ന പട്ടികയിൽ പോലും ഈ കല ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് വസ്തുത.
ക്ഷേത്രത്തിലെ ദാരുശില്പകലയും പത്മ പുരസ്കാരങ്ങളിൽ പ്രധാനമായും “കല ” എന്ന വിഭാഗത്തിൽ പൊതുവായാണ് വരുന്നത്. അതിൽ പരമ്പരാഗത കരകൗശലവിദ്യയും പാരമ്പര്യ ശിൽപകലയും ഉൾപ്പെടുന്ന മേഖലയാണിത്.
മമ്മിയൂർ ശൈലിയിലുള്ള ചുമർചിത്രകല പത്മ പുരസ്കാരങ്ങൾക്ക് നാമനിർദേശം ചെയ്യുമ്പോൾ പ്രധാനമായും കല എന്നവിഭാഗത്തിലാണ് മറ്റുള്ളവയോടൊപ്പമാണ് ഉൾപ്പെടുത്തുന്നത്. കേരളീയ പരമ്പരാഗത ചിത്രകലയുടെ സവിശേഷമായ ശൈലിയെന്ന നിലയിൽ ഇതിന്റെ പാരമ്പര്യവും കലാപരമായ സംഭാവനകളും നാമനിർദേശത്തിൽ പ്രത്യേകമായി ഉൾപ്പെടുത്തേണ്ടതാണ്.
ഇതു പോലെ ഉൾപ്പെടുത്തേണ്ടതായ മറ്റോരു അനുഷ്ഠാന കലയാണ് ഗുരുവായൂർ ക്ഷേത്രത്തിലെ സോപാനസംഗീതം – ഗുരുവായൂർ പാണി, ഭക്തിഗാനാലാപനവുമായി ബന്ധപ്പെട്ടതാണ്. ജയദേവരുടെ അഷ്ടപദികൾ ഉൾപ്പെടെയുള്ള ഗാനങ്ങൾ ഇടയ്‌ക്കയുടെയും ചെങ്ങിലയുടെയും അകമ്പടിയോടെ പരമ്പരാഗത രീതിയിൽ ആലപിക്കുന്നു.
പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ കേരള സർക്കാർ നൽകുന്ന മൂന്നാമത്തെ ഉയർന്ന പുരസ്‌കാരങ്ങളായ ‘കേരള ശ്രീ’ കേരള ജ്യോതി, കേരള പ്രഭ പുരസ്‌കാരങ്ങളിലും, പത്മ പുരസ്കാരങ്ങളിലും മേൽ പറഞ്ഞ കലകൾ അനുഷ്ഠാനമായി കൊണ്ടു നടക്കുന്ന കലാകാരന്മാരെ പ്രത്യേകമായി പരിഗണിക്കണമെന്ന് കേന്ദ്ര – സംസ്ഥാന സർക്കാരൂകളോട് ആവശ്യപ്പെട്ടു.
തപസ്യ കലാ സാഹിത്യവേദി ഗുരുവായൂർ ശാഖാ അദ്ധ്യക്ഷൻ അഡ്വ. മുള്ളത്ത് വേണുഗോപാൽ അധ്യക്ഷതയിൽ വൈഷ്ണവം ഓഡിറ്റോറിയത്തിൽ ചേർന്നു. ജില്ലാ സെക്രട്ടറി മുരളി വെള്ളിത്തിരുത്തി മുഖ്യ പ്രഭാഷണം നടത്തി.
തപസ്യ, ബാലഗോകുലം തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സ്ഥാപകൻ എം എ കൃഷ്ണന്റെ (എം എ സാർ) അനുസ്മരണം നവംബറിൽ ഗുരുവായൂരിൽ വെച്ച് വിപുലമായ രീതിയിൽ നടത്തുവാൻ തീരുമാനിച്ചു.
യോഗത്തിൽ തപസ്യ കലാ സാഹിത്യവേദി ഗുരുവായൂർ യൂണിറ്റ് സെക്രട്ടറി ഹരിഹരൻ വെന്മേനാട് സ്വാഗതവും, തപസ്യ നാടകശാല സംസ്ഥാന അധ്യക്ഷൻ ദേവരാജൻ മുക്കോല, ജില്ലാ സമിതി അംഗം ശ്രീകുമാർ ഇഴുവപ്പാടി, ജില്ലാ സെക്രട്ടറി രമിത കാട്ടകാമ്പാൽ, ട്രെഷറർ കെ ടി ബാലൻ, ഡോ. ശ്യാമള, രാമചന്ദ്രൻ കാവിൽ, ദിനേശ് വല്ലഭട്ട, പ്രദീപ് വെള്ളാട്ട്, ഗംഗാധര പ്രസാദ്, ബജിത പാലുവായ് (ദേവൂട്ടി) എന്നിവർ പങ്കെടുത്തു, വൈസ് പ്രസിഡന്റ് കറപ്പു തിരുനെല്ലൂർ നന്ദി പ്രകാശിപ്പിച്ചു,
തപസ്യ ഭാരവാഹികൾ രാധാകൃഷ്ണൻ കാക്കശേരി മാഷിനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. അദ്ദേഹത്തിന്റെ എല്ലാവിധ പ്രാർത്ഥനയും, ആശംസകളും ഉണ്ടാവും എന്ന് അറിയിക്കുകയും അദ്ദേഹത്തിൽ നിന്നും അനുഗ്രഹം വാങ്ങുകയും ചെയ്യ്തു,