
കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ന്യൂദൽഹിക്ക് തിരിച്ചു. സംസ്ഥാനത്തുടനീളം നിശ്ചയിച്ചിരുന്ന ദുർഗ്ഗാ പൂജ പന്തൽ ഉദ്ഘാടന പരിപാടികളിൽ മാറ്റം വരുത്തിയാണ് ഇന്ന് (ഒക്‌ടോബർ 13) വൈകിട്ട് ന്യൂദൽഹിയിലേക്ക് തിരിച്ചു.
കൊൽക്കത്ത, ഹൗറ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പുകൾക്കുള്ള ബിജെപിയുടെ ഒരുക്കങ്ങളുമായി ഈ സന്ദർശനത്തിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് യാത്രയെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രധാനപ്പെട്ട ഈ രണ്ട് നഗരങ്ങളിലെയും പാർട്ടി സംഘടനാപരമായ ഒരുക്കങ്ങൾ, സ്ഥാനാർത്ഥി നിർണ്ണയം, തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ എന്നിവയിലായിരിക്കും യോഗം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകൾ നവംബറിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, തീയതികൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഡം ഡം വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ്, റാണാഘട്ട്, കല്യാണി, ബംഗാൺ എന്നിവിടങ്ങളിലെ നിരവധി ദുർഗ്ഗാ പൂജ പന്തലുകൾ അധികാരി ഉദ്ഘാടനം ചെയ്തു.
ഇന്ന് രാത്രിതന്നെ കൊൽക്കത്തയിൽ തിരിച്ചെത്തുന്ന അദ്ദേഹം, ബുധനാഴ്ച മുർഷിദാബാദ് ജില്ലയിലേക്ക് പോയി കൂടുതൽ പൂജ പന്തലുകൾ ഉദ്ഘാടനം ചെയ്യും.