Varadyam

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

പടി കടന്നെത്തുന്ന പദനിസ്വനം - 3

Published by
കുമ്മനം രവി

”പാട്ടുകളുടെ എണ്ണവും അവയുടെ ഹൃദയാവര്‍ജകത്വവും സിനിമയെ ഒരു ആകര്‍ഷകഘടകമാക്കി മാറ്റി. പടങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നതും പടങ്ങള്‍ ഓര്‍മിക്കപ്പെടുന്നതും പാട്ടുകളിലൂടെയായി. ഇന്നും പല ചിത്രങ്ങളും മനസ്സില്‍ ഓടുന്നത് ഗാനങ്ങളിലൂടെയാണ്. അന്യഭാഷാ സംഗീതസംവിധായകരുടെ രംഗപ്രവേശം ഈണങ്ങളില്‍ മലയാള പദങ്ങളെ ഇണക്കുന്ന പ്രക്രിയയിലേക്ക് ഗാനരചയിതാക്കളെ ആനയിച്ചു. രാഗപ്രധാനം എന്നതില്‍നിന്ന് താളപ്രധാനമായ സഞ്ചാരപഥവും ഏറിയും ഇറങ്ങിയുമുള്ള സംഗീതയാനത്തിലെ വൈവിധ്യവും പുതിയ തരംഗം സൃഷ്ടിച്ചതിലൂടെ പിന്നാലെ വന്നവര്‍ അതൊരു പ്രസ്ഥാനമാക്കി വളര്‍ത്തി. മലയാളത്തെ വികലമാക്കരുതെന്ന ചിന്തയാണ് അന്യഭാഷാ സംഗീത സംവിധായകരെ മുന്‍കൂട്ടിയുള്ള ഈണനിര്‍മ്മിതിക്ക് പ്രേരിപ്പിച്ചതെങ്കിലും പിന്‍ഗാമികളായ മലയാളികളായ സംഗീത സംവിധായകര്‍ അതേറ്റെടുത്തതോടെ പടിപടിയായി കാവ്യകന്യകയുടെ അവരോഹണം സംഭവിച്ചു…”
-പൂവച്ചല്‍ ഖാദര്‍
സാഹിത്യത്തിനുമേല്‍ സംഗീതം ആധിപത്യം നേടിയിരിക്കുന്ന ഈ ‘അവരോഹണ’ കാലത്തും കാവ്യദേവതയെ നവഭാവനകളുടെയും നൂതനപദവിന്യാസങ്ങളുടെയും ഗാനചൂഡാരത്നങ്ങള്‍ ചാര്‍ത്തിച്ച് ‘ആരോഹണങ്ങള്‍’ സൃഷ്ടിക്കുവാന്‍ ഗിരീഷ് പുത്തന്‍ചേരിയുടെ തൂലികയ്‌ക്ക് കഴിഞ്ഞു. ഭാഷയുടെയും സാഹിത്യത്തിന്റെയും വിശുദ്ധിയും പ്രസക്തിയും തിരിച്ചറിയുന്ന സംഗീത സംവിധായകരോടൊപ്പം ചേര്‍ന്ന് ഗിരീഷ് നടത്തിയ രചനകള്‍ പലതും ക്ലാസിക് നിലവാരമുള്ളതാണെന്നു തന്നെ പറയണം.
ഒരേ നാട്ടുകാരും സുഹൃത്തുക്കളുമായ തിരക്കഥാകൃത്ത് രഞ്ജിത്ത്, സംഗീത സംവിധായകന്‍ രഘുകുമാര്‍ എന്നിവരോടൊപ്പം ഗിരീഷ് പുത്തന്‍ചേരി അണിയറയില്‍ ഒന്നിച്ച ചിത്രമായിരുന്നു ”മായാമയൂരം” (1993). രഞ്ജിത്ത് വ്യത്യസ്തമായ ഒരു തിരക്കഥയില്‍ ശ്രദ്ധേയമാക്കിയ ചിത്രത്തില്‍ നഗരവും ഗ്രാമവും തമ്മിലുള്ള അകലങ്ങള്‍ മോഹന്‍ലാലിന്റെ ഇരട്ടക്കഥാപാത്രങ്ങളിലൂടെ പറയുന്നു.
”കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ക്കിളിപ്പാട്ടുമായ്
ഇരുളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം?
ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
രാത്തിങ്കളായ് നീയുദിയ്‌ക്കേ,
കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീ
അലിവിന്റെ കുളിരാര്‍ന്ന ഹരിചന്ദനം.”
പദങ്ങളുടെ അന്വയം കൊണ്ടാണ് ഗിരീഷ് തന്റെ ഗാനങ്ങളില്‍ ഭാവുകത്വം സൃഷ്ടിക്കുന്നത്. തൂവല്‍ക്കിളിപ്പാട്ട്, വേനല്‍പ്പാടം, രാത്തിങ്കള്‍ തുടങ്ങിയ കല്‍പ്പനകളിലൂടെ ഇവിടെ ഗ്രാമത്തിന്റെ ശാലീനഭാവം ഒരു സ്വരമഴയായി പൊഴിയുന്നു. ”അലിവിന്റെ കുളിരാര്‍ന്ന ഹരിചന്ദനം, ഒരു നല്ല മധുരാഗ വരകീര്‍ത്തനം” തുടങ്ങി പദവിന്യാസങ്ങളിലെ ഗ്രാമവിശുദ്ധിയും നാട്ടിന്‍പുറത്തിന്റെ നന്മകളും ഗാനാനുഭൂതിയെ തരളമാക്കുന്നു.

‘അനാവരണം’ (1976) എന്ന ചിത്രത്തില്‍ വയലാറിന്റെ തൂലിക ഒരു പ്രഭാതത്തെ പാടി ഉണര്‍ത്തുന്നുണ്ട്.
”സരസ്വതീയാമം കഴിഞ്ഞു ഉഷസിന്‍
സഹസ്രദളങ്ങള്‍ വിടര്‍ന്നു.”
എന്നാല്‍ പ്രഭാതം ചിത്രീകരിക്കപ്പെടുന്ന മുന്‍ കാലഗാനങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു ഉദയഗീതം തീര്‍ക്കുവാന്‍ ഗിരീഷിന് കഴിഞ്ഞു.
”ഈ പുഴയും കടന്ന് (1996) എന്ന ചിത്രത്തില്‍ ഗിരീഷ് പുത്തന്‍ചേരി രചിച്ച പ്രഭാതഗീതത്തില്‍ ഗ്രാമശ്രീയുടെ വര്‍ണപരാഗങ്ങള്‍ നിറയുന്നു.
”ദേവകന്യക സൂര്യതംബുരുമീട്ടുന്നു
സ്നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു
മഞ്ഞളാടുന്ന പൊന്‍വെയില്‍
മഞ്ഞു കോടിയുടുക്കുന്നു.
വിണ്ണില്‍ മേയുന്ന വെണ്‍മുകില്‍
വെള്ളിച്ചാമരം വീശുന്നു…”

ഉറ്റവരുടെ പെട്ടെന്നുള്ള ദേഹവിയോഗത്തില്‍ ആയുസ്സിന്റെ പുസ്തകത്തിലെ ഓര്‍മ്മത്താളുകള്‍ ഓരോന്നായി മറിയുകയാണ്. പിച്ച നടത്തിയ അച്ഛന്‍-അക്ഷരങ്ങളുടെ ലോകം തുറന്നു തന്ന അച്ഛന്‍-ജീവിതം പറഞ്ഞു തന്ന ഗുരുനാഥന്‍ കൂടിയാണ്. ഇവിടെ പിതൃകടം വീട്ടാന്‍ കഴിയാതെ നിസ്സഹായനായി ഇരുളില്‍ നില്‍ക്കുന്ന ഒരു മകന്റെ വിലാപങ്ങള്‍ ഗാനമായി പിറക്കുന്നു.
”ഇന്നലെയെന്റെ നെഞ്ചിലെ-കുഞ്ഞു
മണ്‍വിളക്കൂതിയില്ലേ-കാറ്റെന്‍
മണ്‍വിളക്കൂതിയില്ലേ…
കൂരിരുള്‍ക്കാവിന്റെ മുറ്റത്തെമുല്ല പോ-
ലൊറ്റയ്‌ക്കു നിന്നില്ലേ-ഞാനിന്നൊറ്റയ്‌ക്കു നിന്നില്ലേ.” (ബാലേട്ടന്‍ 2003)
അച്ഛന്റെ അഭാവം കൂരിരുള്‍ ആയി ഉള്ളില്‍ നിറയുന്നു; എന്നാല്‍ അതിനൊരു കാവിന്റെ വിശുദ്ധിയുണ്ട്. കാവിന്റെ മുറ്റത്തെ മുല്ല പോല്‍ താന്‍ തനിച്ചായി എന്ന വിലാപത്തിലൂടെ ജൈവബിംബങ്ങള്‍കൊണ്ട് കണ്ണുനീരിന്റെ നനവിനെ കവി ഭാവഭരിതമാക്കുന്നു.

വിയോഗത്തിന്റെ തീവ്രതയെ വിലാപത്തിന്റെ ഗാന ശില്‍പമാക്കുവാനുള്ള കവിയുടെ കരവിരുത് ‘രാവണപ്രഭു’ (2001)വിലും കാണാം. മലയാളികള്‍ക്ക് മോഹന്‍ലാല്‍ സുപരിചിതമാക്കിയ പൗരുഷ കഥാപാത്രം മംഗലശ്ശേരി നീലകണ്ഠന്‍ തന്റെ പാതിമെയ്യായ സഹധര്‍മ്മിണിയുടെ വിയോഗത്തെ ഒരു തേങ്ങലായി ഉള്ളിലൊതുക്കുമ്പോള്‍ ആ വിഷാദ വൃത്തം വേറിട്ടൊരു പുത്തന്‍ചേരി കവിതയായി.

‘… ആകാശ ദീപങ്ങള്‍ സാക്ഷി
ആഗ്നേയശൈലങ്ങള്‍ സാക്ഷി
ഹിമമുടിയില്‍ ചായുന്ന വിണ്‍ഗംഗയില്‍
മറയുകയായ് നീയാം ജ്വാലാമുഖം..’

മലയാളം അറിഞ്ഞുകൂടാത്ത അന്യഭാഷാ സംഗീത സംവിധായകന്‍ നല്‍കിയ ഈണത്തിനൊപ്പിച്ച് വരികളെഴുതുമ്പോഴും കാവ്യവ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നു കവിയുടെ കവനവൈഭവം. ആരിലും നൊമ്പരം പടര്‍ത്തും ഈ കദനാക്ഷരങ്ങള്‍…

‘… തുടുവിരലിന്‍ തുമ്പാല്‍ നിന്‍
തിരുനെറ്റിയിലെന്നെ നീ
സിന്ദൂരരേണുവായ് അണിഞ്ഞിരുന്നു…’

ജീവിത പരാജയങ്ങളുടെ ഇരുണ്ട ഗര്‍ത്തത്തില്‍ വീണ് നിസ്സഹായനായി നില്‍ക്കുന്നവന്റെ മൂല്യവിചാരങ്ങള്‍ തത്ത്വചിന്താപരമായ ഗാനങ്ങളായി പിറന്നുവീണിട്ടുണ്ട്. ”ആത്മ വിദ്യാലയമേ…” (1965) എന്ന ഗാനത്തിലെ ആലോചനാമൃതമായ വരികള്‍ ഇന്നും നമ്മുടെ ചിന്തകള്‍ക്ക് ദിശാബോധം പകരുന്നരുന്നതാണ്. ”ദേവാസുരം” (1993) എന്ന ചിത്രത്തില്‍ അതേവരെ മലയാളി ദര്‍ശിച്ചിട്ടില്ലാത്ത മോഹന്‍ലാലിന്റെ മാടമ്പിനായക കഥാപാത്രം ജീവിതത്തില്‍ ഏറ്റ ഒരു ആഘാതത്തില്‍ തകര്‍ന്നു നില്‍ക്കുമ്പോള്‍ ആ മുഹൂര്‍ത്തം സംവിധായകന്‍ ചിത്രീകരിക്കുന്നത് പുത്തന്‍ചേരിയുടെ ഗാനത്തിലൂടെയാണ്.
”സൂര്യകിരീടം വീണുടഞ്ഞു
രാവിന്‍ തിരുവരങ്ങളില്‍
പടുതിരിയാളും പ്രാണനിലേതോ
നിഴലുകളാടുന്നു…”
താന്‍ ആരുടെ പേരില്‍ അഭിമാനിച്ചിരുന്നുവോ അയാള്‍ തന്റെ ആരുമല്ലെന്നറിയുന്ന നിമിഷം നെഞ്ചിലെ ധൈര്യം ചോരുകയാണ്.
”നെഞ്ചിലെ പിരിശംഖിലെ
തീര്‍ത്ഥമെല്ലാം വാര്‍ന്നുപോയ്
നാമജപാമൃതമന്ത്രം ചുണ്ടില്‍
ക്ലാവുപിടിക്കും സന്ധ്യാനേരം…”
ഗിരീഷ് പുത്തന്‍ചേരി എന്ന കവിയെ ശ്രദ്ധേയനാക്കിയ ഈ വരികള്‍ എം.ജി. രാധാകൃഷ്ണന്‍ ചെഞ്ചുരുട്ടി രാഗത്തില്‍ ചിട്ടപ്പെടുത്തി എം.ജി. ശ്രീകുമാറാണ് ആലപിച്ചത്.
വയലാര്‍, പി. ഭാസ്‌കരന്‍, ശ്രീകുമാരന്‍ തമ്പി തുടങ്ങിയ ഗാനരചനയിലെ പ്രമുഖര്‍ക്കുശേഷം സിനിമാ ഗാനങ്ങളെ കവിതയോടടുപ്പിച്ച് നിര്‍ത്തിയ ഗിരീഷ് പുത്തന്‍ചേരി എന്ന പ്രതിഭ സൃഷ്ടിച്ച ഗാനവസന്തം മലയാളിയുടെ ആലാപന സംസ്‌കൃതിയ്‌ക്ക് എന്നും ഉണര്‍വ് പകര്‍ന്നുകൊണ്ടിരിക്കുമെന്ന് ഉറപ്പാണ്.

Recent Posts