
ന്യൂദൽഹി: മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകിയ കോൺഗ്രസിന്റെ നടപടികൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്ന കോൺഗ്രസ് സ്വന്തം ഭരണകാലത്തെ നടപടികൾ മറന്നുപോകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് ലഭിച്ച പുരസ്‌കാരങ്ങളും പിന്നീട് ലഭിച്ച രാഷ്‌ട്രീയ നിയമനങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ഗോയലിന്റെ വിമർശനം.
മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എം.എസ്. ഗില്ലിന് 2000-ൽ പദ്മവിഭൂഷൺ നൽകിയതിനെ ചോദ്യം ചെയ്ത ഗോയൽ, അദ്ദേഹം പദവിയിൽ തുടരുമ്പോൾ തന്നെ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി ലഭിച്ചത് പ്രലോഭനമായിരുന്നില്ലേയെന്നും ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ സേവനത്തിനുശേഷം ഗിൽ പാർലമെന്റിലേക്കും കേന്ദ്ര മന്ത്രിസഭയിലേക്കും എത്തിയതും അദ്ദേഹം പരാമർശിച്ചു. ഇത്തരം നടപടികൾ പ്രതിഫലത്തിന്റെയോ വിലപേശലിന്റെയോ ഭാഗമായിരുന്നോ എന്നായിരുന്നു ഗോയലിന്റെ ചോദ്യം.
മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ. ശേഷനെ 1999-ൽ എൽ.കെ. അദ്വാനിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയാക്കി മത്സരിപ്പിച്ചതും ഗോയൽ വിമർശിച്ചു. തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സത്യസന്ധതയ്‌ക്കും നിഷ്പക്ഷതയ്‌ക്കും പേരുകേട്ട വ്യക്തിയെ പിന്നീട് രാഷ്‌ട്രീയ മത്സരത്തിൽ ഇറക്കിയത് പ്രതിഫലമായി കാണാനാകില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ശേഷന്റെ ഗുജറാത്ത് ഗവർണർ നിയമനവും ഗോയൽ പരാമർശിച്ചു.
2005-ൽ നവീൻ ചൗളയെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിൽ സോണിയ ഗാന്ധിയുടെ പങ്കെന്തായിരുന്നുവെന്നും ഗോയൽ ചോദിച്ചു. അന്നത്തെ സംവിധാനമനുസരിച്ച് പ്രധാനമന്ത്രിയും സർക്കാരുമാണ് ഇത്തരം നിയമനങ്ങൾക്ക് ഉത്തരവാദികളായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2009-ൽ അന്നത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ഗോപാലസ്വാമി, ചൗളയെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട സംഭവവും ഗോയൽ ഉന്നയിച്ചു. ചൗള കോൺഗ്രസിന് അനുകൂലമായി പ്രവർത്തിക്കുന്നുവെന്ന ആശങ്ക ഗോപാലസ്വാമി പ്രകടിപ്പിച്ചിരുന്നുവെന്നാണ് ഗോയലിന്റെ വാദം. ഈ ആവശ്യം അന്നത്തെ മൻമോഹൻ സിങ് സർക്കാർ പരിഗണിച്ചില്ലെന്നും സോണിയ ഗാന്ധിക്ക് സർക്കാരിൽ വലിയ സ്വാധീനമുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന് ദേശീയ താൽപ്പര്യവും പൊതുതാൽപ്പര്യവും മുൻനിർത്തി സ്വതന്ത്രമായി പ്രവർത്തിക്കാൻ എൻഡിഎ സർക്കാർ പൂർണ സ്വയംഭരണാധികാരം നൽകിയിട്ടുണ്ടെന്ന് ഗോയൽ പറഞ്ഞു. നിയമിതരായ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് രാഷ്‌ട്രീയ നേട്ടങ്ങൾ വാഗ്ദാനം ചെയ്യുകയോ നിയമവ്യവസ്ഥകൾ മറികടന്ന് രാഷ്‌ട്രീയ പദവികൾ നൽകുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ കോൺഗ്രസ് ഭരണകാലത്ത് ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പാർട്ടി ടിക്കറ്റിൽ മത്സരിപ്പിക്കുകയും മറ്റൊരാളെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും രണ്ട് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ ഗവർണർമാരായി നിയമിക്കുകയും ചെയ്തതായി ഗോയൽ ആരോപിച്ചു. ഒരു തിരഞ്ഞെടുപ്പ് കമ്മീഷണർ കോൺഗ്രസിന് അനുകൂലമായി പ്രവർത്തിക്കുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിയുടെ സമീപനത്തെയും നടപടികളിലെ ഇരട്ടത്താപ്പിനെയും വിമർശിച്ച ഗോയൽ, ഭരണഘടനയുടെ അന്തസ്സിനെ ദുർബലപ്പെടുത്തുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതിനു മുമ്പ് കോൺഗ്രസ് സ്വന്തം ഭരണകാലത്തെ നടപടികൾ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വമാണ് കാരണമെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. കോൺഗ്രസിന്റെ രാഷ്‌ട്രീയ ഭാവിക്ക് രാഹുൽ ഗാന്ധി തന്നെ വലിയ തടസ്സമാണെന്ന് പലരും കരുതുന്നുവെന്നും യുവാക്കൾക്കിടയിൽ അദ്ദേഹം ഒരു ‘റെഡ് ഫ്ലാഗ്’ ആണെന്നുമായിരുന്നു ഗോയലിന്റെ പരാമർശം.
മൂന്ന് മാസം ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയോട് രാഹുൽ ഗാന്ധിയും സഹപ്രവർത്തകരും മോശമായി പെരുമാറിയെന്നും ഗോയൽ ആരോപിച്ചു. പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകയോടുള്ള പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും രാജ്യത്തെ ജനങ്ങളും മാധ്യമപ്രവർത്തകരും ഇതിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.