Categories: Kerala

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

Published by
അനു അനീഷ്‌

തിരുവനന്തപുരം : ദേശീയ രാഷ്‌ട്രീയത്തിലും ബിജെപി സംഘടനാ തലത്തിലും അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അനുഭവസമ്പത്തുമായാണ് ഓംപ്രകാശ് മാഥൂർ സിക്കിമിൽ നിന്ന് കേരള ലോക്ഭവനിലേക്ക് എത്തുന്നത് . 1972-ൽ തന്റെ 20-)0 വയസ്സിലാണ് ഓം പ്രകാശ് മാഥൂർ ആർഎസ്എസ് പ്രചാരകനായി പ്രവർത്തനം തുടങ്ങുന്നത്. രാഷ്‌ട്രീയത്തിൽ പൂർണമായി മുഴുകിയായിരുന്നു ജീവിതം. ആദ്യകാല ആർഎസ്എസ് പ്രവർത്തകനായ മാഥൂർ അവിവാഹിതനാണ്.

1952 ജനുവരി 2-ന് രാജസ്ഥാനിലെ പാലി ജില്ലയിലുള്ള ബാലി താലൂക്കിലെ ബെദാൽ ഗ്രാമത്തിലാണ് മാഥൂർ ജനിച്ചത്. പരേതരായ ചന്ദ് രാജ് മാഥുറിന്റെയും സജ്ജൻ കൻവാറിന്റെയും മകൻ സാമൂഹിക, സംഘടനാ, രാഷ്‌ട്രീയ സേവന രംഗങ്ങളിലെ തന്റെ ദീർഘകാല യാത്ര ആരംഭിക്കുന്നതിന് മുൻപ് രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടി.രാജസ്ഥാനിലെ വിവിധ ജില്ലകളിൽ ആർ എസ് എസ് പ്രചാരകനായി പ്രവർത്തിച്ച അദ്ദേഹം തന്റെ സംഘടനാപരമായ ഔദ്യോഗിക ജീവിതത്തിന് അടിത്തറയിട്ടു.

1975 ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ ശക്തമായി നിലകൊണ്ടു. 11 മാസക്കാലം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.പൗരാവകാശങ്ങളോടുള്ള അദ്ദേഹത്തിന്റെ ആദ്യകാല പ്രതിബദ്ധതയാണ് ഇതിലൂടെ തെളിയിക്കപ്പെട്ടത്. 1989 മുതൽ 2024 വരെ തുടർച്ചയായി ബിജെപിയുടെ ദേശീയ നിർവാഹക സമിതി അംഗമായിരുന്നു.

1990 മുതൽ 2002 വരെ ബിജെപി രാജസ്ഥാൻ ജനറൽ സെക്രട്ടറിയായും, 2008-09 കാലയളവിൽ ബിജെപി രാജസ്ഥാൻ സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ചു. പാർട്ടിയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ദേശീയ ജനറൽ സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് ഓംപ്രകാശ് മാഥൂർ. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറിയായി മാഥൂർ ദീർഘകാലം പ്രവർത്തിച്ചിരുന്നു. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിൽ അസാധാരണ മികവ് പുലർത്തിയ അദ്ദേഹം ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, ഗുജറാത്ത്, ഛത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ അമരക്കാരനുമായി.

കെനിയ, ടാൻസാനിയ, സിംബാബ്‌വെ, യുഎഇ, തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ, ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, ഇറ്റലി, ഫ്രാൻസ്, നോർവേ, അയർലൻഡ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച് ഭരണനിർവ്വഹണത്തിലും നയതന്ത്രത്തിലും ആഗോളതലത്തിലുള്ള കാഴ്ചപ്പാടുകൾ പഠിക്കാനും സമയം കണ്ടെത്തി.

ആർഎസ്എസിന്റെ താഴെത്തട്ടിലുള്ള പ്രവർത്തനം മുതൽ ദേശീയതല രാഷ്‌ട്രീയം വരെ, സത്യസന്ധതയും അച്ചടക്കവും കാത്തുസൂക്ഷിച്ചുകൊണ്ട് പതിറ്റാണ്ടുകളായി നീണ്ടുനിന്ന രാഷ്‌ട്രീയ വെല്ലുവിളികളെ അദ്ദേഹം വിജയകരമായി നേരിട്ടു. വന്ദേമാതരം അടക്കം ഏറെ കോളിളക്കം സൃഷ്ടിക്കുന്ന വിവാദങ്ങൾ ഉണ്ടാകുന്ന കേരളത്തിലേയ്‌ക്കാണ് മുതിർന്ന രാഷ്‌ട്രീയ തന്ത്രജ്ഞൻ ഗവർണറായി എത്തുന്നതെന്നതും ശ്രദ്ധേയം.

Recent Posts