
തിരുവനന്തപുരം: 2025-26 വര്‍ഷത്തെ സര്‍ക്കാരിന്റെ ജി വി രാജ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.പുരുഷ വിഭാഗം അവാര്‍ഡ് ട്രിപ്പിള്‍ ജമ്പ് താരം എല്‍ദോസ് പോളിന് ലഭിച്ചു. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍, ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ പ്രവേശനം, കോണ്ടിനെന്റല്‍ ടൂറുകളിലെ വിജയങ്ങള്‍ എന്നിവയ്‌ക്കാണ് പുരസ്‌കാരം. വനിതാ വിഭാഗത്തില്‍ ബാഡ്മിന്റണ്‍ താരം ട്രീസ ജോളി പുരസ്‌കാരത്തിനര്‍ഹയായി. ഏഷ്യന്‍ വനിതാ ടീം ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണം, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടീം വെങ്കലവും വനിതാ ഡബിള്‍സ് വെങ്കലവും, ഏഷ്യന്‍ മിക്‌സഡ് ടീം വെങ്കലം, ഓള്‍ ഇംഗ്ലണ്ട് സെമി ഫൈനല്‍ പ്രവേശനം എന്നിവ കണക്കിലെടുത്താണ് അവാര്‍ഡ്.
അനൂപ് ജോസഫിനാണ് മികച്ച കായിക പരിശീലകനുള്ള അവാര്‍ഡ്.ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മികച്ച കായിക പരിശീലകനുള്ള അവാര്‍ഡ്.
ആജീവനാന്ത മികവിനുള്ള സുരേഷ് ബാബു പുരസ്‌കാരത്തിന് ഡോ പി ടിജോസഫാണ് അര്‍ഹനായത്. കായിക പരിശീലനം, കായിക വിദ്യാഭ്യാസം, സര്‍വകലാശാല തലങ്ങളിലെ കായിക അടിസ്ഥാന സൗകര്യ വികസനം, കായിക ഭരണനിര്‍വഹണം എന്നീ മേഖലകളിലെ ദീര്‍ഘകാല സേവനമാണ് പി ടി ജോസഫിനെ അവാര്‍ഡിന് അര്‍ഹനാക്കിയത് . ചൊവ്വാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കും.അന്തര്‍ദേശീയ പാരാ പവര്‍ലിഫ്റ്റിംഗ് മത്സരങ്ങളിലെ മെഡല്‍ നേട്ടങ്ങളിലൂടെ കേരളത്തിന്റെ പാരാ കായികരംഗത്ത് പ്രചോദനമായ പവര്‍മാന്‍ ജോബി മാത്യുവിനും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെയും കേരളത്തെയും പ്രതിനിധീകരിച്ച് ഗോള്‍കീപ്പറായും ക്യാപ്റ്റനായും സേവനമനുഷ്ഠിച്ച് സന്തോഷ് ട്രോഫി ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ നേട്ടങ്ങള്‍ കൊയ്ത വിക്ടര്‍ മഞ്ഞിലയ്‌ക്കും അവാര്‍ഡ് കമ്മിറ്റി പ്രത്യേക അംഗീകാരം രേഖപ്പെടുത്തി.അഞ്ജു ബോബി ജോര്‍ജ്, പി ആര്‍ ശ്രീജേഷ്, ഡോ ബിനു ജോര്‍ജ് വര്‍ഗീസ്, സനില്‍ പി തോമസ്, കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, കായിക വകുപ്പ് ഡയറക്ടര്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്.