
ചാവക്കാട്: മുനക്കകടവ് ഫിഷ് ലാന്റിംഗ് സെന്ററില്‍ രാത്രികാല മത്സ്യലേലം മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍. പ്രദേശത്ത് വൈദ്യുതി ലഭ്യമാണെങ്കിലും അപ്രതീക്ഷിതമായി ഉണ്ടാകുന്ന പവര്‍ കട്ടാണ് മത്സ്യത്തൊഴിലാളികളെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നത്.
ആകാശത്ത് ചെറിയൊരു കാര്‍മേഘം കണ്ടാല്‍പോലും വൈദ്യുതി നിലയ്‌ക്കുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. നൂറുകണക്കിന് തൊഴിലാളികളാണ് ഉപജീവനത്തിനായി ദിവസേന ഇവിടെ ജോലിയെടുക്കുന്നത്. വെളിച്ചമില്ലായ്‌മ കാരണം രാത്രികാലങ്ങളിലെ ലേല നടപടികളും മത്സ്യവിതരണവും കനത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഈ ദുരിതത്തിന് ശാശ്വത പരിഹാരമായി ഫിഷ് ലാന്റിങ് സെന്ററില്‍ സോളാര്‍ പവര്‍ സംവിധാനം നടപ്പിലാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
സോളാര്‍ സംവിധാനം യാഥാര്‍ത്ഥ്യമായാല്‍ രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികള്‍ക്ക് അത് വലിയൊരു ആശ്വാസമാകും.അധികൃതര്‍ അടിയന്തരമായി ഈ പ്രശ്‌നത്തില്‍ ഇടപെട്ട് ഫിഷ് ലാന്റിങ് സെന്ററില്‍ സോളാര്‍ ലൈറ്റ് സൗകര്യം ഏര്‍പ്പെടുത്താന്‍ തയ്യാറാകണമെന്ന് മത്സ്യതൊഴിലാളികള്‍ ആവശ്യപ്പട്ടു.