Vicharam

അപ്രസക്തരുടെ അതിജീവന നാടകം

Published by
ജ്യോതികൃഷ്ണന്‍ പി.ജി.

ദല്‍ഹി തെരുവുകളില്‍ ചില രാഷ്‌ട്രീയ കക്ഷികള്‍ വീണ്ടും സമരകോലാഹലങ്ങള്‍ ഉയര്‍ത്തുമ്പോള്‍, അത് ഭാരതീയ ജനാധിപത്യത്തിന്റെ സുതാര്യതയ്‌ക്ക് വേണ്ടിയുള്ള പ്രക്ഷോഭമല്ല; മറിച്ച്, ജനപിന്തുണ നഷ്ടപ്പെട്ട രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ അതിജീവന നാടകം മാത്രമാണ്. എന്തുകൊണ്ടാണ് ജനങ്ങള്‍ ഇക്കൂട്ടരെ നിരന്തരം തള്ളിക്കളയുന്നത് എന്ന് മനസ്സിലാക്കണമെങ്കില്‍, ദേശീയ രാഷ്‌ട്രീയത്തിന്റെ ചരിത്രവും, കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും പ്രാദേശിക കക്ഷികള്‍ക്കും സംഭവിച്ച ചരിത്രപരമായ തകര്‍ച്ചയും, ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തിന് ആവശ്യമായ നയവും പ്രവര്‍ത്തന പദ്ധതികളും എന്ന തത്വവും ആഴത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്.

ഒരു രാഷ്‌ട്രീയ പ്രസ്ഥാനം ജനങ്ങള്‍ക്കിടയില്‍ ജനകീയ അംഗീകാരത്തോടെ നിലനില്‍ക്കണമെങ്കില്‍ കൃത്യമായ നയവും സമയബന്ധിതമായ പ്രവര്‍ത്തന പദ്ധതികളും ആവശ്യമാണ്. നയം എന്നത് പ്രസ്ഥാനത്തിന്റെ ആത്മാവാണ്; അത് കാലാതീതമായി മാറാതെനില്‍ക്കുന്ന തത്വമാണ്. ബിജെപിക്ക് സംശയമില്ലാതെ ഉയര്‍ത്തിപ്പിടിക്കാനുള്ള നയം ദേശീയതയും സാംസ്‌കാരിക അസ്തിത്വവുമാണ്. അത് എക്കാലത്തും ഏതൊരു രാഷ്‌ട്രത്തിനും പ്രസക്തമായ ഒന്നാണ്. പ്രവര്‍ത്തന പദ്ധതി എന്നത് സമയബന്ധിതമാണ്; ഓരോ കാലഘട്ടത്തിലും പ്രസ്ഥാനവും രാജ്യവും കൈവരിക്കേണ്ട ലക്ഷ്യങ്ങളാണത്. ബിജെപി മുന്നോട്ടുവെക്കുന്ന ‘ആത്മനിര്‍ഭര്‍ ഭാരത്’, സാങ്കേതിക വിപ്ലവം, അടിസ്ഥാന സൗകര്യ വികസനം എന്നിവ ഇത്തരം കൃത്യമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് ഉദാഹരണമാണ്. എന്നാല്‍, ഇന്ന് ദല്‍ഹിയില്‍ സമരം നടത്തുന്ന പ്രതിപക്ഷ കക്ഷികള്‍ക്ക് എടുത്തുപറയാന്‍ കൃത്യമായ നയമോ പ്രവര്‍ത്തന പദ്ധതിയോ ഇല്ല; അല്ലെങ്കില്‍ അവര്‍ തങ്ങളുടെ അടിസ്ഥാന ആശയങ്ങളില്‍ നിന്നെല്ലാം പൂര്‍ണ്ണമായി വ്യതിചലിച്ചിരിക്കുന്നു. ഏതു മാര്‍ഗ്ഗത്തിലൂടെയും ഭരണപക്ഷത്തെയും പ്രധാനമന്ത്രിയെയും അധികാരത്തില്‍ നിന്ന് മാറ്റി തങ്ങളുടെ അധികാരം ഉറപ്പിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ, അനാവശ്യ വിഷയങ്ങളില്‍ ഇവര്‍ കൊണ്ടുവന്ന താല്‍ക്കാലിക തന്ത്രങ്ങളെല്ലാം ജനങ്ങള്‍ പൂര്‍ണ്ണമായി തള്ളിപ്പറയുകയാണുണ്ടായത്.

കേന്ദ്ര സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ തരംഗം സൃഷ്ടിക്കാന്‍ പ്രതിപക്ഷം ഓരോ കാലത്തും കൊണ്ടുവന്ന താല്‍ക്കാലിക അജണ്ടകളെല്ലാം ജനവിധിക്കു മുന്നില്‍ തകര്‍ന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലിനെതിരെയും നോട്ടുനിരോധനത്തിനെതിരെയും ജനങ്ങളില്‍ ഭീതി പരത്താന്‍ ശ്രമിച്ചെങ്കിലും, കശ്മീരിലെ സമാധാന അന്തരീക്ഷവും ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ മുന്നേറ്റവും സര്‍ക്കാരിനൊപ്പമാണ് ജനങ്ങളെന്ന് തെളിയിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെയും, നിലവില്‍ വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിനായുള്ള എസ്.ഐ.ആര്‍ നടപടികള്‍ക്കെതിരെയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാന്‍ വിഫലശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും, ബംഗാള്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത് ജനങ്ങള്‍ ഈ ഭീതിപരത്തല്‍ രാഷ്‌ട്രീയത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു എന്നാണ്.

മറുഭാഗത്ത്, ദാര്‍ഷ്ട്യമില്ലാതെ രാഷ്‌ട്രനന്മ മുന്‍നിര്‍ത്തി പക്വതയോടെ തീരുമാനങ്ങളെടുക്കുന്ന ഭരണരീതിയാണ് കേന്ദ്ര സര്‍ക്കാര്‍ കാഴ്ചവെച്ചത്. കര്‍ഷകരുടെ ഉന്നമനത്തിനായി കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ചില ശക്തികള്‍ അനാവശ്യ പ്രക്ഷോഭങ്ങളിലൂടെ രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍, സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ആ നിയമങ്ങള്‍ പിന്‍വലിച്ചു. ഇത് പരാജയമല്ല, മറിച്ച് ഉത്തരവാദിത്തമുള്ള നിലപാടായിരുന്നു. നീറ്റ് പരീക്ഷാ വിവാദത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുത്തു. പരീക്ഷയുടെ പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്ക് അതിന് അവസരം നല്‍കാതെ, ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ പദവി ഒഴിയുകയും സര്‍ക്കാര്‍ ഭാവി സുതാര്യത ഉറപ്പാക്കുകയും ചെയ്തു.

സ്വാതന്ത്ര്യസമര പാരമ്പര്യമുള്ള യഥാര്‍ത്ഥ പ്രസ്ഥാനം പിളര്‍പ്പുകളെ തുടര്‍ന്ന് ഇല്ലാതാവുകയും, 1969-ല്‍ ഇന്ദിരാഗാന്ധി സ്വന്തം വ്യക്തിഗത താല്‍പ്പര്യങ്ങള്‍ക്കായി രൂപീകരിച്ച ‘ഇന്ദിരാ കോണ്‍ഗ്രസ്’ ഇന്ന് കാണുന്ന കോണ്‍ഗ്രസായി പരിണമിക്കുകയുമായിരുന്നു. രാജ്യത്തിന്റെ സാംസ്‌കാരിക അസ്തിത്വമോ വികസന കാഴ്ചപ്പാടോ ഇല്ലാതിരുന്ന ഇവര്‍, ഭാരതത്തിന്റെ ഭരണസംവിധാനത്തെ പഴയ മുഗള്‍ നാടുവാഴിത്ത മാതൃകയിലേക്കാണ് മാറ്റിയെടുത്തത്. ദല്‍ഹിയിലെ ഒരു കുടുംബം അപ്രമാദിത്തത്തോടെ വാഴുമ്പോള്‍, തങ്ങള്‍ക്ക് വിധേയരായവര്‍ക്ക് ഓരോ സംസ്ഥാനത്തെയും അധികാരം പങ്കുവെച്ചു നല്‍കുന്നതായിരുന്നു ഇവരുടെ ശൈലി. തമിഴ്‌നാട്ടില്‍ കെ. കാമരാജിനു ശേഷം തമിഴ് സംസ്‌കാരത്തെ അവഗണിച്ച് ആജ്ഞാനുവര്‍ത്തികളെ പ്രതിഷ്ഠിച്ചതോടെ ജി.കെ. മൂപ്പനാരെപ്പോലുള്ള നേതാക്കള്‍ പാര്‍ട്ടി വിടുകയും കോണ്‍ഗ്രസ് തകരുകയും ചെയ്തു. ആന്ധ്രാപ്രദേശില്‍ ജനങ്ങളുടെ സ്വാഭിമാനത്തെ ചോദ്യം ചെയ്തപ്പോള്‍ എന്‍.ടി. രാമറാവുവും, പില്‍ക്കാലത്ത് ജഗന്‍ മോഹന്‍ റെഡ്ഡിയും പുതിയ പാര്‍ട്ടികളുണ്ടാക്കി കോണ്‍ഗ്രസിനെ അപ്രസക്തമാക്കി. തെലങ്കാന വിഭജനം രാഷ്‌ട്രീയ ലാഭത്തിനായി വഷളാക്കിയതിനെ തുടര്‍ന്ന് ബി.ആര്‍.എസ് അധികാരം പിടിച്ചു. പിന്നീട് ബി.ആര്‍.എസിന്റെ വീഴ്ചയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയെങ്കിലും, കൃത്യമായ ദേശീയ നയമില്ലാത്തതിനാല്‍ ഇത്തരം തിരിച്ചുവരവുകള്‍ ഗുണം ചെയ്തില്ല. ബംഗാളില്‍ മമതാ ബാനര്‍ജിയും, മഹാരാഷ്‌ട്രയില്‍ ശരദ് പവാറും, മേഘാലയയില്‍ പി.എ. സാങ്മയും ഹൈക്കമാന്‍ഡ് ഏകാധിപത്യത്തില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്. കേരളത്തില്‍ എ.കെ. ആന്റണിയും കെ. കരുണാകരനും വിട്ടുപോയെങ്കിലും പിന്നീട് രാഷ്‌ട്രീയ അതിജീവനത്തിനായി തിരിച്ചെത്തുകയായിരുന്നു.

ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ തകര്‍ച്ചയും ദേശീയ രാഷ്‌ട്രീയത്തിലെ സുപ്രധാന അധ്യായമാണ്. കമ്മ്യൂണിസ്റ്റ് നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ചൂണ്ടിക്കാണിച്ചതുപോലെ, ഭാരതീയ സാഹചര്യങ്ങളെ ഉള്‍ക്കൊള്ളാതെ വിദേശ പ്രത്യയശാസ്ത്രങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരാജയം. 2004-ല്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റാന്‍ സ്വന്തം പ്രത്യയശാസ്ത്രം അടിയറവ് വെച്ച് കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ നല്‍കിയതോടെ ഇവരുടെ തകര്‍ച്ച പൂര്‍ത്തിയായി. ബംഗാളിലും ത്രിപുരയിലും ജനങ്ങള്‍ അവരെ തള്ളിപ്പറഞ്ഞു. നിലവില്‍ കേരളത്തിലെ ഒരു പ്രാദേശിക കക്ഷി എന്ന നിലയില്‍ മാത്രമായി ഒതുങ്ങിയ ഇവര്‍, ഇപ്പോഴുള്ള രാജ്യസഭാ സീറ്റുകളുടെ കാലാവധി കഴിയുന്നതോടെ ദേശീയ രാഷ്‌ട്രീയത്തില്‍ പൂര്‍ണ്ണമായും അസ്തമിക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്.

അടിയന്തരാവസ്ഥയ്‌ക്കെതിരെ ജയപ്രകാശ് നാരായണന്റെയും മൊറാര്‍ജി ദേശായിയുടെയും നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന ജനകീയ മുന്നേറ്റമാണ് ‘ജനതാ പാര്‍ട്ടി’ രൂപീകരണത്തിലേക്ക് നയിച്ചത്. എന്നാല്‍, അധികാരത്തില്‍ വന്നതോടെ ജനസംഘം നേതാക്കളോട് ആര്‍.എസ്.എസ് ബന്ധം ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുകയും ദേശീയ നിലപാടുകളെ എതിര്‍ക്കുകയും ചെയ്തതോടെ ഈ കൂട്ടായ്‌മ തകര്‍ന്നു. തുടര്‍ന്ന് 1980-ല്‍ എ.ബി. വാജ്പേയിയുടെയും എല്‍.കെ. അദ്വാനിയുടെയും നേതൃത്വത്തില്‍ ബിജെപി രൂപീകരിക്കപ്പെട്ടു. ജനതാ പാര്‍ട്ടി പിളര്‍ന്നതോടെ ഉയര്‍ന്നുവന്ന ബീഹാറിലെ ആര്‍.ജെ.ഡി, ജെ.ഡി.യു, ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടി, കര്‍ണാടകത്തിലെ ജെ.ഡി.എസ് തുടങ്ങിയ വ്യക്തികേന്ദ്രീകൃത പ്രാദേശിക പാര്‍ട്ടികള്‍ക്ക് കൃത്യമായ ദേശീയ നയമില്ലാത്തതിനാല്‍ പ്രസക്തി നഷ്ടപ്പെടുകയാണ്. ഇന്ന് ജെ.ഡി.യു പോലെയുള്ള പാര്‍ട്ടികള്‍ നിലനില്‍ക്കുന്നത് തന്നെ ബി.ജെ.പിയുടെ ദേശീയ നയങ്ങളെ പിന്തുണയ്‌ക്കുന്നതിനാലാണ്.

അഴിമതിവിരുദ്ധ വികാരം മുതലെടുത്ത് അധികാരത്തില്‍ വന്ന ആം ആദ്മി പാര്‍ട്ടി, അണ്ണാ ഹസാരെയെ വഞ്ചിക്കുകയും മദ്യനയ അഴിമതിയില്‍ മുങ്ങുകയും ചെയ്തു. ദല്‍ഹിയില്‍ നിലനില്‍പ്പ് അപകടത്തിലായപ്പോള്‍ സോനം വാങ്ചുക്കിന്റെ ലഡാക്ക് പ്രക്ഷോഭത്തെ ജന്തര്‍ മന്ദറിലെത്തിച്ച് ‘അണ്ണാ ഹസാരെ മോഡല്‍’ ആവര്‍ത്തിക്കാന്‍ നോക്കിയെങ്കിലും, സര്‍ക്കാരിന്റെ പക്വമായ ഇടപെടലില്‍ അത് പരാജയപ്പെട്ടു. എങ്കിലും പുതിയ വേഷങ്ങളിലൂടെ രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഇവര്‍ തുടരുകയാണ്.

മറുഭാഗത്ത്, തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്ന എസ്.ഐ.ആര്‍ നടപടിയെ ‘വോട്ടുമോഷണം’ എന്ന് ആരോപിച്ച് പ്രതിപക്ഷം തെരുവുകളില്‍ സമരം നടത്തുന്നു. മുന്‍പ് കോണ്‍ഗ്രസ് ഭരണത്തിലും ഇത്തരം ശുദ്ധീകരണങ്ങള്‍ നടന്നിട്ടുണ്ട്. നിലവില്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്രമന്ത്രിയും അടങ്ങുന്ന സുതാര്യമായ സമിതിയാണ് കമ്മിഷനെ തെരഞ്ഞെടുക്കുന്നത്. സുദീര്‍ഘമായ ഭരണനിര്‍വ്വഹണ പാടവവും പ്രവര്‍ത്തിപരിചയവുമുള്ള, എല്‍.ഡി.എഫ് – യു.ഡി.എഫ് ഭരണകാലത്തും എ.കെ. ആന്റണി പ്രതിരോധമന്ത്രിയായിരുന്നപ്പോഴും സുപ്രധാന പദവികള്‍ വഹിച്ച ഗ്യാനേഷ് കുമാര്‍ ഐ.എ.എസിനെ രാഷ്‌ട്രീയമായി ആക്ഷേപിക്കുന്നത് ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കാനാണ്.

ഇതേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ തെരഞ്ഞെടുപ്പിലൂടെ വിജയിച്ചെത്തിയ എം.പിമാരും മുഖ്യമന്ത്രിമാരും, തങ്ങളുടെ സ്വന്തം വിജയത്തെത്തന്നെ ചോദ്യം ചെയ്തുകൊണ്ട് ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരെ തെരുവിലിറങ്ങുന്നത് വലിയ രാഷ്‌ട്രീയ വൈരുദ്ധ്യമാണ്. തങ്ങള്‍ ജയിച്ച തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കൈവന്ന ഭരണഘടനാപദവികളും അധികാരവും ആനുകൂല്യങ്ങളും പരമാവധി ആസ്വദിച്ചുകൊണ്ടുതന്നെ, അതേ തെരഞ്ഞെടുപ്പ് പ്രക്രിയയെ തെരുവില്‍ തള്ളിപ്പറയുന്നത് ജനങ്ങളുടെ ബുദ്ധിയെ ചോദ്യം ചെയ്യലാണ്. തോറ്റിടത്ത് ‘വോട്ടുമോഷണവും’ ജയിച്ചിടത്ത് ‘ജനവിധിയും’ എന്ന് പറയുന്ന ഈ ഇരട്ടത്താപ്പ് പുതിയ തലമുറ തിരിച്ചറിഞ്ഞു കഴിഞ്ഞു.

Recent Posts