
കോഴിക്കോട് : കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി അവനിക (14), പ്ലസ് ടു വിദ്യാര്‍ഥി തിരുവങ്ങൂര്‍ കോയിപ്പറമ്പത്ത് പാര്‍ത്ഥിബ് (17) എന്നിവരാണ് മരിച്ചത്.
ചേമഞ്ചേരി സ്റ്റേഷന് സമീപം ഞായറാഴ്ച വൈകിട്ട് 5.45 ഓടെ മംഗലാപുരം – ചെന്നൈ മെയില്‍ തട്ടിയാണ് മരണം. രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിലായതുകൊണ്ട് മരിച്ചവരെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. രണ്ടുപേരും വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ രാത്രി ഏറെ വൈകി ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തി മൃതദേഹങ്ങള്‍ തിരിച്ചറിയുകയായിരുന്നു.
ദേശീയപാതയും റെയില്‍വേ ട്രാക്കും അടുത്തടുത്തുവരുന്ന ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. അവനിക വികാസ് നോര്‍ത്ത് പാണകുളംകുനി സുരേഷ് – റീന ദമ്പതികളുടെ മകളാണ്. തിരുവങ്ങൂര്‍ കോയിപ്പറമ്പത്ത് സുബീഷിന്റെയും സുനിഷയുടയും മകനാണ് പാര്‍ത്ഥിബ്.