
താനെ: സിനിമ, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന വനിതകളെ കെണിയിൽപ്പെടുത്തി പെൺവാണിഭത്തിന് ഇരയാക്കിയിരുന്ന വൻ സംഘത്തെ താനെ പോലീസ് പിടികൂടി. സംഘത്തിന്റെ പിടിയിൽ അകപ്പെട്ട 35 കാരിയായ പ്രമുഖ ഹിന്ദി സീരിയൽ-വെബ് പരമ്പര നടിയെ പോലീസ് വിജയകരമായി മോചിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ചത്തീസ്ഗഡ് സ്വദേശിനിയും നിലവിൽ ജോപ്പേശ്വരിയിൽ താമസക്കാരിയുമായ തബസ്സും എന്ന സോണിയ ഉമർ ഖുറേഷിയെ (39) പോലീസ് അറസ്റ്റ് ചെയ്തു. പ്രാദേശിക സന്നദ്ധ സംഘടന നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. ഒക്ടോബർ 8-ന് വ്യാഴാഴ്ച, താനെ പോലീസിലെ ഉദ്യോഗസ്ഥൻ വ്യാജ ആവശ്യക്കാരനായി മീരാ-ഭയാന്ദർ റോഡിലുള്ള ഹോട്ടലിൽ എത്തി.
അനധികൃത ഇടപാടുകൾ സ്ഥിരീകരിച്ചതോടെ കൂടുതൽ പോലീസ് സേന സ്ഥലത്തെത്തി ഹോട്ടൽ വളഞ്ഞ് റെയ്ഡ് നടത്തുകയായിരുന്നു. പണം കൈപ്പറ്റുന്നതിനിടെയാണ് സോണിയ ഉമർ ഖുറേഷി അറസ്റ്റിലായത്. കേസിൽ ഇവരുടെ കൂടെ പ്രവർത്തിച്ചിരുന്ന പുരുഷ പങ്കാളി നിലവിൽ ഒളിവിലാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മോചിപ്പിച്ച നടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.