
മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന നടത്തിവന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പൊലീസ് പിടിയിലായി.പെരിന്തല്‍മണ്ണയില്‍ വച്ചാണ് ഇവര്‍ പിടിയിലായത്.
പെരിന്തല്‍മണ്ണ മണ്ണാര്‍മല പച്ചീരി സ്വദേശി റാവുത്തര്‍ വീട്ടില്‍ ജാസിര്‍ അര്‍ഷാദ് (20), അങ്ങാടിപ്പുറം ജൂബിലി റോഡ് അമ്പലക്കുത്ത് വീട്ടില്‍ ഷഹാന മിധ (20) എന്നിവരെയാണ് 11.63 ഗ്രാം എം ഡി എം എ യുമായി പൊലീസ് പിടികൂടിയത്.ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ലഹരിക്കടത്ത് തടയുന്നതിനായി നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ എസ് ഐ യും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പെരിന്തല്‍മണ്ണ ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന.
പിടിയിലായവര്‍ ലഹരിമരുന്ന് എവിടെനിന്നാണ് എത്തിച്ചതെന്നും ആര്‍ക്കൊക്കെയാണ് വിതരണം ചെയ്തതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ ആളുകള്‍ക്ക് ഇടപാടില്‍ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കുമെന്നും ലഹരി ഇടപാടുകള്‍ക്ക് വാഹനമോ സാമ്പത്തിക സഹായമോ നല്‍കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.