Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മന്ത്രിയും തമ്മിലുള്ള ഭിന്നത പുകയുന്നതിനിടെ, തദ്ദേശ വകുപ്പില്‍ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ചേരിപ്പോര്. മാലിന്യ സംസ്‌കരണ പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്. അയ്യരും തമ്മിലാണ് ഒരേ ആവശ്യത്തിന്റെ പേരില്‍ പോര് നടക്കുന്നത്.

മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് ടി.വി. അനുപമ ‘നിര്‍മലം’ എന്ന പേരിലും ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തില്‍ ഐസി 100 ചലഞ്ച് എന്ന പേരിലും പദ്ധതികള്‍ പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതിയാണ് നിര്‍മലം. ടി.വി. അനുപമയാണ് പദ്ധതിയുടെ ഉത്തരവിറക്കിയത്. ഇതില്‍ ദിവ്യ എസ്. അയ്യര്‍ക്ക് വലിയ റോളൊന്നും ഇല്ല.

എന്നാല്‍ ലോകബാങ്ക് സഹായത്തോടെയുള്ള കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിയുടെ ഡയറക്ടര്‍ കൂടിയായ ദിവ്യ എസ്. അയ്യരാണ് രണ്ടാം പദ്ധതിക്കായി സര്‍ക്കുലര്‍ പുറത്തിറക്കിയത്. മന്ത്രി കെ.എം. ഷാജി തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രണ്ട് പദ്ധതികളെക്കുറിച്ചും പരാമര്‍ശിച്ചിരുന്നെങ്കിലും ഉത്തരവും സര്‍ക്കുലറും വെവ്വേറെ ആയിരുന്നു.

നിര്‍മലം എന്നത് 5 വര്‍ഷം കൊണ്ട് വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയാണെന്നും ഐസി 100 ചലഞ്ച് തദ്ദേശ സ്ഥാപനങ്ങള്‍ ഓരോന്നും മാലിന്യപ്രശ്‌നം രൂക്ഷമായ ഒരു പ്രദേശം 100 ദിവസത്തേക്കു തുടര്‍ച്ചയായി മാലിന്യമുക്തമായി നിലനിര്‍ത്തുന്നതാണെന്നും തദ്ദേശ വകുപ്പ് വിശദീകരിച്ചു. നിര്‍മലം പദ്ധതിയുടെ സംസ്ഥാനതല ഏകോപന സമിതിയില്‍ തദ്ദേശ സെക്രട്ടറി ജോയിന്റ് കണ്‍വീനറാകുമ്പോള്‍ തദ്ദേശ പ്രിന്‍സിപ്പല്‍ സെക്രട്ടറി വെറും അംഗം മാത്രം. രണ്ടു പേരും തമ്മില്‍ വടംവലി രൂക്ഷമാകുമ്പോഴും വകുപ്പില്‍ ഒരു പ്രശ്‌നവുമില്ലെന്നും ഉദ്യോഗസ്ഥര്‍ തമ്മിലുള്ള നല്ല മത്സരമാണെന്നുമാണ് മന്ത്രി പറയുന്നത്.

Recent Posts