
തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലെ റാങ്ക് ലിസ്റ്റ് പുനര്‍മൂല്യനിര്‍ണയത്തിന് ശേഷം പിഎസ്‌സി പ്രസിദ്ധീകരിച്ചു. പരാതിക്കാരനായ ശ്യാം കൃഷ്ണനാണ് ഒന്നാം റാങ്ക്. നേരത്തെ ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശ്യാമിന്റെ നിയമപോരാട്ടങ്ങളാണ് പുനര്‍മൂല്യനിര്‍ണയത്തിലേക്ക് വഴി തുറന്നത്. 78.5 മാര്‍ക്കാണ് പുനര്‍മൂല്യനിര്‍ണയത്തിന് ശേഷം ശ്യാമിന് ലഭിച്ചത്. അരുണിന് കിട്ടിയത് 64.25 മാര്‍ക്കും.
ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍സ്ട്രി വിഭാഗം ചീഫ് തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ ആദ്യ റാങ്ക് ലിസ്റ്റാണ് വിവാദമായത്. 10 ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെയാണ് കമ്മീഷന്‍ റാങ്ക് പട്ടിക തയ്യാറാക്കിയത്.ഇതോടെയാണ് ക്രമക്കേട് പുറത്തുവന്നത്. ഒമ്പത് മുതല്‍ 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് (ആകെ 58 മാര്‍ക്ക്) മൂല്യനിര്‍ണയം നടത്താതിരുന്നത്. സംഭവം ഏറെ വിവാദമായതോടെ പുനര്‍മൂല്യനിര്‍ണയം നടത്താന്‍ പിഎസ്‌സി നിര്‍ബന്ധിതരാവുകയായിരുന്നു.
2022-ലാണ് ഈ തസ്തികയുടെ നോട്ടിഫിക്കേഷന്‍ പുറത്തുവന്നത്. 1,23,700-166,800 ആണ് ശമ്പളസ്‌കെയില്‍. 2023 ജൂലൈയില്‍ പരീക്ഷ നടന്നു. 2025 ഫെബ്രുവരിയില്‍ ചുരുക്കപ്പട്ടിക പുറത്തുവിട്ടു. അഭിമുഖത്തിന് ശേഷം മെയ് 31-ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
പെര്‍സ്‌പെക്ടീവ് പ്ലാനിങ് ഡിവിഷനിലെ റാങ്ക് ലിസ്റ്റും കമ്മീഷന്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരാള്‍ മാത്രമാണ് ഈ ലിസ്റ്റിലുള്ളത്. പ്ലാന്‍ കോര്‍ഡിനേഷന്‍ ഡിവിഷന്‍ റാങ്ക് ലിസ്റ്റില്‍ മാറ്റമില്ല.നേരത്തെ, പരീക്ഷാ ക്രമക്കേടില്‍ പിഎസ്‌സിയെ കേരള ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അന്വേഷണം തടയണമെന്ന പിഎസ്‌സിയുടെ വാദം ശരിയല്ലെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.