
കൊൽക്കത്ത: പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണിയോടെയാണ് പോളിംഗ് ആരംഭിച്ചത്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പുകൾക്ക് ശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പായതിനാൽ തന്നെ രാഷ്‌ട്രീയ മുന്നണികൾക്കും പ്രമുഖ പാർട്ടികൾക്കും ഇവിടുത്തെ ഫലം ഏറെ നിർണായകമാണ്.
പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റജിനഗർ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി സുവേന്ദു അധികാരി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് നന്ദിഗ്രാമിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
തമിഴ്‌നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ജനവിധി പരിശോധനയായി മാറിയ ധാരാപുരം, മധുരാന്തകം എന്നീ മണ്ഡലങ്ങളിലും പുതുച്ചേരിയിലെ തട്ടഞ്ചാവടി മണ്ഡലത്തിലുമാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനു പുറമെ, അസമിലെ നഗാവ് ലോക്‌സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഒക്ടോബർ ഒമ്പതിനാണ് വോട്ടെണ്ണൽ നടക്കുക.