
കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് ‘ബംഗ്ല’ എന്നാക്കാനുള്ള മുൻ നിർദ്ദേശം തള്ളിക്കളഞ്ഞുകൊണ്ട്, ‘പശ്ചിം ബംഗ’ എന്ന് പുനർനാമകരണം ചെയ്യാനുള്ള ബിൽ കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സമീക് ഭട്ടാചാര്യ തിങ്കളാഴ്ച പറഞ്ഞു.
സംസ്ഥാനത്തിന്റെ ചരിത്രത്തെയും സ്വത്വത്തെയും പ്രതിഫലിപ്പിക്കുന്നതാകണം പുതിയ പേര് എന്ന് ഊന്നിപ്പറഞ്ഞ ഭട്ടാചാര്യ, നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ തന്നെ ഇതിനായുള്ള ബിൽ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി.
‘സംസ്ഥാനത്തിന്റെ പേര് അതിന്റെ ചരിത്രവുമായും സ്വത്വവുമായും ബന്ധപ്പെട്ട് നിലനിൽക്കുന്നതിനായി ഞങ്ങൾ ആദ്യ സമ്മേളനത്തിൽ തന്നെ ഒരു ബിൽ കൊണ്ടുവരും. സംസ്ഥാനത്തിന്റെ പേര് ‘പശ്ചിം ബംഗ’ എന്നായിരിക്കും,’ ബിജെപിയുടെ സാൾട്ട് ലേക്ക് ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ ഭട്ടാചാര്യ പറഞ്ഞു.
‘വെസ്റ്റ് ബംഗാൾ’ എന്നോ ‘ബംഗ്ല’ എന്നോ ഉള്ള പേരുകൾ ബിജെപി അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള പേര് വിഭജനത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതാണെന്നും, സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സ്വത്വം അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വാദിച്ചു.
‘ഇത് ‘വെസ്റ്റ് ബംഗാൾ’ എന്നോ വെറും ‘ബംഗ്ല’ എന്നോ ആയിരിക്കില്ല. ബംഗാൾ വിഭജിക്കപ്പെടുകയും ഒരു ഭാഗം വേർപിരിയുകയും ചെയ്തു. ബാക്കിയുള്ളതാണ് ‘വെസ്റ്റ് ബംഗാൾ’. ആ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്ന പേരാണ് ‘പശ്ചിം ബംഗ’,’ ഭട്ടാചാര്യ പറഞ്ഞു.
‘സംസ്ഥാനത്തിന് അതിന്റേതായ ചരിത്രവും സ്വത്വവും രാഷ്‌ട്രീയസാംസ്‌കാരിക പൈതൃകവുമുണ്ട്. പേര് ആ ചരിത്രവുമായി ബന്ധപ്പെട്ട് തന്നെ നിലനിൽക്കണം,’ അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പേര് ‘കേരളം’ എന്നാക്കാനുള്ള നിർദ്ദേശത്തെക്കുറിച്ചുള്ള ചർച്ചയ്‌ക്കിടെ ആഗസ്തിൽ രാജ്യസഭയിലും ഭട്ടാചാര്യ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ‘വെസ്റ്റ് ബംഗാൾ’ എന്ന പേര് മാറ്റി വെറും ‘ബംഗാൾ’ എന്നാക്കാനുള്ള നീക്കത്തെ അദ്ദേഹം എതിർത്തിരുന്നു; ‘വെസ്റ്റ് ബംഗാൾ’ എന്ന സംസ്ഥാനത്തിന്റെ രൂപീകരണം വിഭജനത്തിന്റെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വാഗ്ദാനങ്ങളുടെ ഭാഗമായിരിക്കും ഈ പേരുമാറ്റമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
ഒഴിവുള്ള സർക്കാർ തസ്തികകൾ നികത്തുക, ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കുക, ഫെഡറൽ ചട്ടക്കൂടിനുള്ളിൽ കേന്ദ്രസംസ്ഥാന ബന്ധങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും സർക്കാർ നിറവേറ്റുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘തിരഞ്ഞെടുപ്പിന് മുൻപ് ഞങ്ങൾ നൽകിയ ഉറപ്പ് വ്യക്തമായിരുന്നു. ജനങ്ങൾക്ക് മുന്നിൽ ഒരു ‘സങ്കൽപ് പത്ര’ (പ്രകടനപത്രിക) അവതരിപ്പിച്ച ഞങ്ങൾ, അധികാരത്തിൽ വന്നാലുടൻ സർക്കാർ തസ്തികകളിലെ ഒഴിവുകൾ നികത്തുന്ന നടപടികൾ ആരംഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഞങ്ങളുടെ സർക്കാർ ആ വാഗ്ദാനങ്ങളെല്ലാം ഓരോന്നായി നിറവേറ്റിക്കൊണ്ടിരിക്കുകയാണ്,’ ഭട്ടാചാര്യ പറഞ്ഞു.
ബംഗാളി ഭാഷയിൽ സംസ്ഥാനം ഇതിനകം തന്നെ ‘പശ്ചിമ ബംഗ’ എന്നാണ് അറിയപ്പെടുന്നതെന്ന പ്രതിപക്ഷത്തിന്റെ വാദത്തോട് പ്രതികരിക്കവെ, നിർദ്ദിഷ്ട നിയമനിർമ്മാണം ആ പേരിന് ഔദ്യോഗിക അംഗീകാരം നൽകാൻ ഉദ്ദേശിച്ചുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
‘സർക്കാർ പ്രവർത്തനങ്ങളിൽ ബംഗാളിയിൽ എന്താണ് എഴുതുന്നത് എന്നത് ഒരു കാര്യമാണ്. എന്നാൽ ഞങ്ങളുടെ നിലപാട് വ്യക്തമാണ് അത് ‘വെസ്റ്റ് ബംഗാൾ’ ആകരുത്, ‘ബംഗ്ല’ ആകുകയുമരുത്. അത് ‘പശ്ചിമ ബംഗ’ തന്നെയായിരിക്കണം,’ അദ്ദേഹം പറഞ്ഞു.
യുവതലമുറ ബിജെപിയോട് അകലുകയാണെന്ന വാദങ്ങളെയും ഭട്ടാചാര്യ തള്ളി; സമൃദ്ധവും വികസിതവുമായ ഒരു ഇന്ത്യയാണ് ‘ജെൻഇസഡ്’ വിഭാഗം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഇന്നത്തെ യുവതലമുറ രാജ്യത്തെയോ അതിന്റെ വികസനത്തെയോർത്ത് അസംതൃപ്തരാണെന്ന് ഞാൻ കരുതുന്നില്ല. കൂടുതൽ സമൃദ്ധവും വികസിതവുമായ ഒരു ഭാരതമാണ് അവർ ആഗ്രഹിക്കുന്നത്. അവരുടെ ദേശസ്‌നേഹവും രാജ്യത്തോടുള്ള പ്രതിബദ്ധതയും പുരോഗതിക്കായുള്ള ആഗ്രഹവും സംശയത്തിന് അതീതമാണ്,’ അദ്ദേഹം പറഞ്ഞു.
‘ഈ തലമുറയുടെ വികാരങ്ങളെയും അഭിലാഷങ്ങളെയും തൊട്ടറിയാൻ സാധിച്ച വ്യക്തി നരേന്ദ്ര മോദിയാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി പശ്ചിമ ബംഗാൾ ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ ലോക്കറ്റ് ചാറ്റർജി, സംസ്ഥാന യുവജനക്ഷേമകായികഉപഭോക്തൃകാര്യ വകുപ്പ് സഹമന്ത്രി (സ്വതന്ത്ര ചുമതല) ഇന്ദ്രനിൽ ഖാൻ, ബിജെപി മുഖ്യ വക്താവ് ദേബ്ജിത് സർക്കാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.