
തിരുവനന്തപുരം: എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി ഉൾപ്പെടെയുള്ള കേരള സർവകലാശാലയുടെ മുഴുവൻ ഭൂമിയും നാളെ രാവിലെ പത്ത് മണിക്ക് അളക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരത്ത് പാളയത്തുള്ള സർവകലാശാലാ ആസ്ഥാനത്തെ ഭൂമിയിൽ നിന്ന് എകെജി സെന്ററിനായി കൂടുതൽ ഭൂമി കയ്യേറിയെന്ന പരാതിയുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങൾക്കിടയിലാണ് ഈ നിർണായക തീരുമാനം ഉണ്ടായത്.
കേരള സർവകലാശാല മുൻ ജോയിന്റ് രജിസ്ട്രാർ ആർ.എസ്. ശശികുമാർ നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. 1977-ൽ എകെജി സ്മാരക പഠന ഗവേഷണ കേന്ദ്രത്തിനായി സർവകലാശാലയിൽ നിന്ന് രണ്ടു തവണയായി ഏകദേശം 34 സെന്റ് (ചില രേഖകളിൽ 15 സെന്റ്) ഭൂമിയാണ് അനുവദിച്ചിരുന്നത്. എന്നാൽ നിലവിൽ എകെജി സെന്റർ 55 സെന്റിലധികം ഭൂമി കയ്യേറി കൈവശം വെച്ചിട്ടുണ്ടെന്നാണ് ഹർജിക്കാരന്റെ ആരോപണം.
എകെജി സെന്റർ കയ്യേറിയ ഭൂമി തിരിച്ചുപിടിക്കണമെന്നും സർവകലാശാലയുടെ നിയന്ത്രണത്തിലാക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.