
ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ വെറുമൊരു നിരീക്ഷകന്റെ റോളിൽ നിന്ന് മാറി ഇരുരാജ്യങ്ങളുമായി സജീവമായ ചർച്ചകളിൽ ഏർപ്പെട്ടു വരികയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ന്യൂഡൽഹിയിൽ നടന്ന മ്യൂണിക് ലീഡേഴ്സ് യോഗത്തിൽ സംസാരിക്കവെയാണ് യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളെക്കുറിച്ച് വിദേശകാര്യ മന്ത്രി വെളിപ്പെടുത്തിയത്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയും ഇന്ത്യയുടെ സമാധാന നിർദ്ദേശങ്ങളെക്കുറിച്ച് പരാമർശിച്ചതിന് തൊട്ടുപിന്നാലെയാണ് ജയ്ശങ്കറിന്റെ പ്രസ്താവന. കരിങ്കടൽ വഴിയുള്ള ചരക്ക് കപ്പലുകളുടെ സുരക്ഷ, ധാന്യ-ഊർജ്ജ കയറ്റുമതിയിലെ ആശങ്കകൾ പരിഹരിക്കൽ തുടങ്ങിയ വിഷയങ്ങളിലാണ് ഇന്ത്യ നിലവിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര ചർച്ചകൾ അത്യാവശ്യമാണെന്നും ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-റഷ്യ ചരിത്രബന്ധത്തെക്കുറിച്ചും അന്താരാഷ്‌ട്ര രാഷ്‌ട്രീയ മാറ്റങ്ങളെക്കുറിച്ചും വിദേശകാര്യ മന്ത്രി സംസാരിച്ചു. മുൻകാലങ്ങളിൽ ഇന്ത്യയുടെ സുരക്ഷയ്‌ക്കും പ്രദേശിക അഖണ്ഡതയ്‌ക്കും ഭീഷണി നേരിട്ടപ്പോൾ റഷ്യ ഒപ്പം നിന്നിട്ടുണ്ടെന്നും, ഇന്ന് ആ ബന്ധം സാമ്പത്തികം, ഊർജ്ജം, പ്രതിരോധം എന്നീ മേഖലകളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.