Kerala

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി. മുന്‍ എം എല്‍ എ വി ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി.

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ആറ് ഏരിയാ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 8 പേരെ ക്ഷണിതാക്കളാക്കി ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഷീബി കൃഷ്ണയും ജില്ലാ കമ്മിറ്റി ക്ഷണിതാവ് ആയിട്ടുണ്ട്. പാര്‍ട്ടിയുടെ ഉയര്‍ച്ചയ്‌ക്ക് സുരേഷ് ബാബുവിനെ മാറ്റണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.വിഭാഗീയത ശക്തമായത് സുരേഷ് ബാബു കാരണമെന്നായിരുന്നു വിമര്‍ശനം. പാര്‍ട്ടി ഓഫീസ് നവീകരണത്തിലെ ഫണ്ട് ശേഖരണത്തിന്റെ കണക്ക് അവതരിപ്പിച്ചില്ലെന്നും പെരുമാറ്റ ദൂഷ്യമെന്ന വിമര്‍ശനവും ഉണ്ടായി.നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ഇഎന്‍ സുരേഷ് ബാബുവിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ പാര്‍ട്ടിയിലെ വിഭാഗീയത പരിഹരിക്കാന്‍ ഇ എന്‍ സുരേഷ് ബാബുവിന് കഴിഞ്ഞില്ല.വിമത നീക്കങ്ങള്‍ തടയാനായില്ല തുടങ്ങിയ പരാതികളാണ് ഉയര്‍ന്നിരുന്നത്.

ഒറ്റപ്പാലം, പുതുശേരി കമ്മിറ്റികളാണ് ഈ പരാതികള്‍ ഉന്നയിച്ചത്.ജില്ലാ സെക്രട്ടറി പക്വതയില്ലാതെയാണ് പെരുമാറുന്നതെന്നാണ് അംഗങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടെ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇ എന്‍ സുരേഷ് ബാബു മുന്‍കൈ എടുക്കുന്നില്ലെന്ന ആരോപണങ്ങളുമുണ്ട്.

 

Recent Posts