
കണ്ണൂര്‍:ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍,സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.നഗരസഭാ അധ്യക്ഷന്‍ ഇ വി രാമകൃഷ്ണനെ മര്‍ദിച്ചെന്ന പരാതിയില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുരളിയെ അക്രമിച്ചെന്ന പരാതിയില്‍ ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്.
കഴിഞ്ഞ ദിവസം, ശ്രീകണ്ഠാപുരം ടൗണില്‍ സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെയാണ് സംഘര്‍ഷം ഉണ്ടായത്.കോണ്‍ഗ്രസിന്റെ കൊടിമരം ഡിവൈഎഫ്‌ഐ നശിപ്പിച്ചതാണ് സംഘര്‍ഷത്തിന് കാരണം.ഇതിനിടെയാണ് നഗരസഭ അധ്യക്ഷനെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചു എന്ന ആരോപണമുണ്ടായത്.ഇതിന്റെ പേരില്‍ ഇന്ന് ശ്രീകണ്ഠപുരത്ത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നു.
ഇരു കൂട്ടരും ടൗണില്‍ പ്രകടനം നടത്തുന്നതിനിടെ രണ്ട് പ്രകടനങ്ങളും ഒന്നിച്ചെത്തിയപ്പോള്‍ പരസ്പരം പോര്‍ വിളികള്‍ ഉയരുകയും തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാവുകയുമായിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്ന് പരാതി ഉണ്ടായി.