Entertainment

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലോകമെമ്പാടും അറിയപ്പെടുകയും വർഷങ്ങളായി സൂപ്പർതാര പദവി അലങ്കരിക്കുകയും ചെയ്യുന്ന നടൻ മമ്മൂട്ടിയെ കുറിച്ച് പ്രധാനമായും കേൾക്കാറുള്ള ഒരു പരാതിയാണ് താരം പരുക്കനും മുൻകോപിയുമാണെന്നത്. എന്നാൽ സഹജീവികളോട് എത്രത്തോളം കരുണയും ദയയും പുലർത്തുന്നയാളാണ് നടനെന്ന് ഒരിക്കൽ പഴയകാല നടി ഉണ്ണിമേരി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജീവനൊടുക്കാൻ ശ്രമിച്ച ഉണ്ണിമേരിയെ തക്ക സമയത്ത് ഇടപെട്ട് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് മമ്മൂട്ടിയാണ്.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ക്ലാസിക് ചിത്രങ്ങളിലൊന്നായ ഐ.വി ശശി സംവിധാനം ചെയ്ത് 1984ൽ പുറത്തിറങ്ങിയ മമ്മൂട്ടി, റഹ്മാൻ, ശോഭന എന്നിവർ പ്രധാന വേഷത്തിലെത്തിയ കാണാമറയത്ത് എന്ന സിനിമാ ഷൂട്ടിങ് സെറ്റിൽ വെച്ചായിരുന്നു ഈ സംഭവം നടന്നത്.

‘ ഞാനും മമ്മൂട്ടിയുമടക്കമുള്ളവര്‍ താമസിച്ചിരുന്നത് അന്ന് ഒരേ ഹോട്ടലിലായിരുന്നു. ഒരു ദിവസം എന്റെ അച്ഛന്‍ ഹോട്ടലില്‍ എന്നെ കാണാന്‍ വേണ്ടി വന്നപ്പോള്‍ അവിടെയുള്ളവര്‍ അച്ഛനെ അകത്തേക്ക് കടത്തിവിട്ടില്ല. എത്ര അപേക്ഷിച്ചിട്ടും നടന്നില്ല. പ്രായമായ എന്റെ അച്ഛന് വളരെ മോശം അനുഭവം അന്ന് അവിടെ നിന്ന് നേരിടേണ്ടി വന്നു.

സങ്കടത്തില്‍ അച്ഛന് മടങ്ങി പോകേണ്ടി വന്നു. വിവരം അറിഞ്ഞപ്പോള്‍ സത്യത്തിൽ എനിക്ക് സങ്കടം സഹിക്കാനായില്ല. മുറിയില്‍ കയറിയിരുന്നപ്പോള്‍ വേണ്ടാത്ത ചിന്തകള്‍ വന്ന് തുടങ്ങി. അന്ന് കുറെ ഉറക്ക ഗുളികകള്‍ എടുത്ത് കഴിച്ചു. കുറെ നേരമായിട്ടും എന്നെ പുറത്തേക്ക് കാണാതായപ്പോള്‍ പലരും അന്വേഷിച്ചു വന്ന് തുടങ്ങി. ഏറെ നേരം കഴിഞ്ഞിട്ടും മുറിയുടെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ആശങ്കയേറി.

അവർ എത്ര വിളിച്ചിട്ടും ഞാൻ വാതിൽ തുറക്കാതെ ആയപ്പോള്‍ പെട്ടെന്ന് മമ്മൂട്ടി വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറി വരികയായിരുന്നു. അബോധാവസ്ഥയിലായിരുന്ന എന്നെ അദ്ദേഹവും മറ്റുള്ളവരും ചേർന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അന്ന് മമ്മൂട്ടി തക്കസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഇന്ന് ഞാനുണ്ടാകുമായിരന്നില്ല എന്നാണ് ഉണ്ണി മേരി അന്ന് അഭിമുഖത്തിനിടെ പറഞ്ഞത്.

 

 

Recent Posts