
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ മതം നോക്കി ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സംഭവവുമായി ബന്ധമുള്ള ഒരു കൊടും ഭീകരനെ കൂടി സുരക്ഷാ സൈന്യം വധിച്ചിരിക്കുന്നു. മധ്യ കശ്മീരിലെ ബഡ്ഗാമില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഹാഷിം മൂസ എന്ന ലഷ്‌കറെ തൊയ്ബ ഭീകരനെ വധിച്ചത്.
പാകിസ്ഥാന്‍ സൈനിക കമാന്‍ഡോ ആയിരുന്ന ഇയാള്‍ വിരമിച്ചതിനു ശേഷം ലഷ്‌കറില്‍ ചേരുന്നതിനു മുന്‍പ് പാക് സൈന്യത്തിന്റെ എലൈറ്റ് സ്പെഷ്യല്‍ സര്‍വീസസ് ഗ്രൂപ്പിലും പ്രവര്‍ത്തിച്ചിരുന്നു. സൈനിക സേവനം അവസാനിപ്പിച്ചതിനു ശേഷം ഭാരതത്തിലേക്ക് കടന്ന് ഇയാള്‍ കശ്മീരിലെ ലഷ്‌കര്‍ ഭീകര ശൃംഖലയിലെ പ്രമുഖനായി മാറി. ഫൗജി എന്ന പേരില്‍ അറിയപ്പെട്ട ഇയാള്‍ മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ വ്യക്തിഗത സുരക്ഷാ സംഘത്തിലെ അംഗവുമായിരുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരര്‍ 26 നിരപരാധികളായ ഹിന്ദുക്കളെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇതിനെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഭാരത സൈന്യം പാകിസ്ഥാനില്‍ കടന്നാക്രമിച്ച് കനത്ത നാശം വിതച്ചിരുന്നു. ഇതു കൂടാതെ പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരരെ ഓപ്പറേഷന്‍ മഹാദേവ് എന്നു പേരിട്ട് തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയിരുന്നു. ഈ ഭീകരരെ പാകിസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ കഴിയാത്തവിധം വകവരുത്തുകയായിരുന്നു.
ഭാരതത്തിന്റെ ശത്രുക്കള്‍ക്കെതിരായ ഓപ്പറേഷനുകള്‍ തുടരുകയാണെന്ന സന്ദേശമാണ് സൈന്യം അന്ന് നല്‍കിയത്. അതിര്‍ത്തി കടന്ന് രക്ഷപ്പെടുന്നതിന് മുന്‍പ് മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചത്. ഇപ്പോള്‍ മൂസയെ വധിച്ചതിലൂടെ ലക്ഷകര്‍ ഭീകര സംഘത്തിനും കനത്ത തിരിച്ചടിയാണ് സൈന്യം നല്‍കിയിട്ടുള്ളത്.
മൂസയുടെ പാക് ബന്ധത്തിന്റെ വിശദാംശങ്ങളും സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാന്‍ സൈന്യത്തിലെ നിരവധി സുപ്രധാന ചുമതലകള്‍ വഹിച്ചിരുന്നയാളാണ് മൂസ. പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യ പോരാളികള്‍ക്കെതിരെയും, വടക്കന്‍-തെക്കന്‍ വസീറിസ്ഥാനിലെ സൈനിക നടപടികളിലും ഇയാള്‍ പങ്കെടുത്തിരുന്നു. സുഡാനിലെ ഐക്യരാഷ്‌ട്രസഭയുടെ സമാധാന സംരക്ഷണ ദൗത്യത്തിനായി പാകിസ്ഥാന്‍ അയച്ച സംഘത്തിലും മൂസ ഉള്‍പ്പെട്ടിരുന്നു. പാക് സൈന്യത്തില്‍ നിന്ന് മൂസ നേരിട്ട് ഭീകര പ്രവര്‍ത്തനത്തിലേക്ക് മാറുകയായിരുന്നു. പിന്നീട് കശ്മീരിലേക്ക് നുഴഞ്ഞുകയറുകയും, ലഷ്‌കര്‍ കമാന്‍ഡറായി നിയമിക്കപ്പെടുകയും ചെയ്തു. ഇതെല്ലാം പാകിസ്ഥാനും ഭീകരവാദവും തമ്മിലുള്ള ബന്ധത്തിന് തെളിവാണ്.
പഹല്‍ഗാമിനു പുറമെ കശ്മീരില്‍ നടന്ന നിരവധി പ്രധാന ആക്രമണങ്ങളുമായി മൂസയ്‌ക്ക് ബന്ധമുണ്ടെന്നാണ് സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുള്ളത്. പൂഞ്ചില്‍ ഭാരത വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ, പതിയിരുന്നുള്ള ആക്രമണത്തിനും മൂസ നേതൃത്വം നല്‍കിയിരുന്നു. ഈ ആക്രമണത്തില്‍ ഒരു വ്യോമസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും, അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാക് സൈന്യത്തിലായിരുന്നപ്പോഴത്തെ പരിചയമാണ് ഇയാള്‍ ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിച്ചത്. യുദ്ധപരിചയം, ഭൂപ്രദേശത്തെക്കുറിച്ചുള്ള അറിവ് എന്നിവ ഇയാള്‍ ഭീകര പ്രവര്‍ത്തനത്തിനും നുഴഞ്ഞുകയറ്റത്തിനും ഉപയോഗിച്ചു. ഇതുവഴി കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്നു.
ഏറ്റുമുട്ടലില്‍ മൂസയെ വധിക്കാന്‍ കഴിഞ്ഞത് സുരക്ഷാ സേനയുടെ വലിയ നേട്ടമാണ്. നിരപരാധികളെ കൂട്ടക്കൊല ചെയ്യുമായിരുന്ന ഒരു കൊടുംഭീകരനെയാണ് സൈന്യം ഇല്ലാതാക്കിയത്. പഹല്‍ഗാമില്‍ ഭീകരര്‍ നിരപരാധികളെ കൊന്നൊടുക്കിയത് പാകിസ്ഥാന്റെ അറിവോടുകൂടിയാണെന്ന് മൂസയുടെ സൈനിക ബന്ധങ്ങള്‍ തെളിയിക്കുന്നു. പഹല്‍ഗാം കൂട്ടക്കൊലയുമായി ബന്ധമുള്ള അവസാനത്തെയാളും ശിക്ഷിക്കപ്പെടുമെന്ന മുന്നറിയിപ്പാണ് മൂസയുടെ കൊലപാതകം നല്‍കുന്നത്. പഹല്‍ഗാമിന്റെ പ്രതികാരം അവസാനിക്കുന്നില്ല, അത് ഓപ്പറേഷന്‍ സിന്ദൂറിലൂടെയും, ഓപ്പറേഷന്‍ മഹാദേവിലൂടെയും തുടരുക തന്നെ ചെയ്യും എന്നു ചുരുക്കം.