
അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു
തിരുവനന്തപുരം: ഇന്‍ഡി സഖ്യം ദല്‍ഹിയില്‍ ആസൂത്രണം ചെയ്തതനുസരിച്ച്, മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണര്‍ക്കെതിരേ കഴിഞ്ഞ ദിവസം നടത്തിയ തലസ്ഥാനത്തെ പ്രതിഷേധ മാര്‍ച്ചിന്റെ മറവില്‍ അരങ്ങേറിയ അക്രമങ്ങള്‍ക്കു നേതൃത്വമേകിയതും ആസൂത്രണം ചെയ്തതും മന്ത്രി ഒ.ജെ. ജനീഷ്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സുരക്ഷാ വലയത്തിലേക്ക് അതിക്രമിച്ചുകടന്നുള്ള കരിങ്കൊടി പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ കമ്മിറ്റിയുടെ പൊതുവായ തീരുമാന പ്രകാരമുള്ളതാണെന്നും കായിക വകുപ്പു മന്ത്രിയും യൂത്തു കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ.ജെ. ജനീഷ് അവകാശപ്പെട്ടിരുന്നു.
ഒരു മന്ത്രിതന്നെ അണികളെക്കൂട്ടി പന്തംകൊളുത്തി അക്രമസമരം നടത്തിയത് ഗുരുതര ക്രമസമാധാന വീഴ്ചയും സത്യപ്രതിജ്ഞാ ലംഘനവുമായാണ് വിലയിരുത്തപ്പെടുന്നത്. ഭരണഘടനാ സ്ഥാനത്തിരുന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരേ പ്രതിഷേധാഹ്വാനം നടത്തിയതും യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലിലേക്ക് അണികളെക്കൂട്ടി അക്രമത്തിന് നേതൃത്വം നല്കിയതും മന്ത്രിയുടെ പക്വതക്കുറവും അക്രമ വാസനയും വെളിവാക്കുന്നതായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെന്‍സ് ഹോസ്റ്റലിലേക്ക് തീപ്പന്തം വലിച്ചെറിയുമ്പോള്‍ മന്ത്രി ജനീഷും ഷാഫി പറമ്പില്‍ എംപിയും പ്രോത്സാഹനമേകി ഒപ്പമുണ്ടായിരുന്നു. എസ്എഫ്‌ഐ ക്രിമിനലുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മെന്‍സ് ഹോസ്റ്റലിനു മുന്‍വശം തന്നെ പന്തം കൊളുത്തി പ്രകടനം തുടങ്ങുന്നതിന് നിര്‍ദേശിച്ചതും ഒ.ജെ. ജനീഷെന്നാണ് സൂചന. പ്രകോപനമുണ്ടാക്കി അക്രമം ഇളക്കിവിടുകയായിരുന്നു ലക്ഷ്യം. അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപിയെത്തന്നെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. മെന്‍സ് ഹോസ്റ്റലില്‍ ലാത്തി വീശുന്നതിന് പോലീസിനെ നിര്‍ബന്ധിതമാക്കിയതും മന്ത്രിയുടെ ഇടപെടലെന്നാണ് സൂചന.
മെന്‍സ് ഹോസ്റ്റലിനു മുന്നിലെത്തിയ പന്തംകൊളുത്തി പ്രകടനത്തെ ഹോസ്റ്റല്‍ വളപ്പില്‍ മദ്യലഹരിയിലായിരുന്നവര്‍ കൂക്കിവിളിച്ചു. ഇതോടെ പ്രകോപിതരമായ യൂത്തു കോണ്‍ഗ്രസുകാര്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഹോസ്റ്റലിനുള്ളിലേക്ക് തീപ്പന്തം വലിച്ചെറിഞ്ഞു. ഇതേത്തുടര്‍ന്ന് ഹോസ്റ്റല്‍ വളപ്പില്‍ മദ്യപിച്ചിരുന്നവര്‍ മദ്യക്കുപ്പികള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കു നേരേയും വലിച്ചെറിഞ്ഞു. ഇത്രയുമായിട്ടും അണികളെ പിന്തിരിപ്പിക്കാനോ സംഘര്‍ഷം ഒഴിവാക്കാനോ മന്ത്രിയും എംപിയും ഇടപെട്ടില്ല. ഇതിനകം സംഘര്‍ഷം കല്ലേറിലേക്ക് കടന്നിരുന്നു. ഉത്തരവാദപ്പെട്ട മന്ത്രിയെന്ന നിലയില്‍ പ്രകോപിതരായ അണികളെ സമാധാനിപ്പിച്ച് സംഘര്‍ഷം ഒഴിവാക്കുന്നതിനു പകരം മറുഭാഗത്തുള്ളവരെ പാഠം പഠിപ്പിക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ വിളിച്ചുവരുത്തുകയായിരുന്നു.്