Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ ഇടിമിന്നലിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാലിൽ വിൻസെന്റ് (52) ആണ് മരിച്ചത്. വീടുപണിക്കിടെയായിരുന്നു സംഭവം. വിൻസെന്റിന്റെ ഒപ്പമുണ്ടായിരുന്ന ദാസയ്യൻ, അജീഷ് എന്നിവർക്കും മിന്നലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാറശ്ശാല സ്വദേശികളാണ് മൂന്ന് പേരും.

മൂന്ന് പേരെയും ഉടൻ തന്നെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിൻസെന്റിന്റെ ജീവൻ രക്ഷിക്കാനായില്ല. പൊൻമുടിയിലും ഇടിമിന്നലേറ്റ് വനംവകുപ്പ് ജീവനക്കാരന് പരിക്കേറ്റു. ടോപ്പ് സ്റ്റേഷന് സമീപമുള്ള വാഹന പാർക്കിംഗ് മേഖലയിൽ ഗാർഡായി ജോലിചെയ്യുന്ന ശ്രീകുമാരൻ നായർക്കാണ് മിന്നലേറ്റത്. സമീപത്തെ മരത്തിൽ അടിച്ച ഇടിമിന്നൽ ഇദ്ദേഹത്തിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ ബോധരഹിതനായ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് അടുത്ത മൂന്ന് മണിക്കൂർ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. അതിനുശേഷം യെല്ലോ അലർട്ടാണുള്ളത്. കൊല്ലത്ത് അടുത്ത് മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് മുഴുവൻ സമയവും ഓറഞ്ച് അലർട്ടാണ്.

Recent Posts