
തിരുവനന്തപുരം: മുസ്ലിം ലീഗിന് 6 ക്യാബിനറ്റ് പദവികൾ നൽകിയത് കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ. മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ. മുനീറിനെ കേരള ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി ക്യാബിനറ്റ് റാങ്കോടെ നിയമിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം സാമൂഹ്യപ്രത്യാഘാതമുണ്ടാക്കും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ലീഗിന് 5ആം മന്ത്രി സ്ഥാനം കൊടുത്തപ്പോഴുണ്ടായ അനുഭവം വിഡി സതീശൻ മറക്കരുത്. ഒരു പ്രബല പിന്നാക്ക വിഭാഗത്തിന് രണ്ടു മന്ത്രിസ്ഥാനം മാത്രം ലഭിച്ചപ്പോൾ ഒരു മാതവിഭാഗത്തിന് ഏഴു ക്യാബിനറ്റ് പദവികളാണുള്ളത്. ഇത് സാമൂഹ്യ അസമത്വത്തിനു കാരണമാകും. മതമൗലികവാദികളെ പ്രീണിപ്പിക്കാനും വോട്ട് ബാങ്ക് ഉറപ്പിക്കാനുമാണ് വിഡി സതീശൻ ഇത്തരം അപകടകരമായ രാഷ്‌ട്രീയം കളിക്കുന്നത്.
മന്ത്രിസഭാ രൂപീകരണ സമയത്ത് ലീഗിന്റെ ആറാം മന്ത്രിസ്ഥാനം സംബന്ധിച്ച് ചർച്ചകൾ ഉയർന്നിരുന്നു. അന്ന് കോൺഗ്രസിന്റെ ഉള്ളിൽ ശക്തമായ പ്രതിഷേധം ഉയർന്നതു കൊണ്ടാണ് മന്ത്രിസ്ഥാനം ലഭിക്കാതെ പോയത്. മുനീറിന് ക്യാബിനറ്റ് റാങ്കിലുള്ള പദവി അനുവദിച്ചുകൊണ്ടുള്ള തീരുമാനമെടുക്കാൻ ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടെന്നു വ്യക്തമാണ്. ഒരു മതപാർട്ടിക്ക് കീഴടങ്ങുന്ന സർക്കാരിന് കേരളത്തിലെ മതേതരസ്വഭാവം സംരക്ഷിക്കാനാവില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.