
തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ്. കോണ്‍ഗ്രസ് ഗുണ്ടകള്‍ക്ക് ശക്തമായ മറുപടി നല്‍കും. വ്യാഴാഴ്ച കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അറിയിച്ചു.
പ്രതിഷേധത്തിന്റെ പേരില്‍ അക്രമവും കയ്യാങ്കളിയും നടത്താനുള്ള കോണ്‍ഗ്രസ് ശ്രമം അവസാനിപ്പിക്കണം. ആക്രമണത്തിന്റെ പാതയാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കരുത്തുള്ള പ്രസ്ഥാനമാണ് ബിജെപി എന്ന് കോണ്‍ഗ്രസ് മറക്കരുത്. പി കെ കൃഷ്ണദാസിനെതിരായ അക്രമത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
സമാധാനപരവും ജനാധിപത്യപരവുമായ പ്രതിഷേധങ്ങളെ ബിജെപി എപ്പോഴും സ്വാഗതം ചെയ്യും. എന്നാല്‍ പ്രതിഷേധത്തിന്റെ പേരില്‍ അതിക്രമത്തിലേക്ക് കടന്നാല്‍ അതിനെ നിയമപരമായി നേരിടുന്നതിനൊപ്പം ശക്തമായ ജനാധിപത്യ പ്രതിഷേധങ്ങളിലൂടെ മറുപടി നല്‍കാന്‍ ബിജെപിക്ക് മടിയില്ല. ബിജെപി പ്രവര്‍ത്തകരെയും നേതാക്കളെയും ആക്രമിച്ചുകൊണ്ട് രാഷ്‌ട്രീയ നേട്ടമുണ്ടാക്കാമെന്ന് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതേണ്ടതില്ല.
150 ദിവസം പിന്നിട്ട സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയവും ഇടതു-വലത് ഒത്തുകളി രാഷ്‌ട്രീയവും മറച്ചുവെക്കാന്‍ ബിജെപി നേതാക്കളെ ആക്രമിച്ച് ജനശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
കേരളത്തിലെ ക്രമസമാധാനം സംരക്ഷിക്കേണ്ടത് ബിജെപിയുടെ മാത്രം ഉത്തരവാദിത്വമല്ല. രാഷ്‌ട്രീയ എതിരാളികള്‍ക്കെതിരെ അക്രമം നടത്താതെ ജനാധിപത്യപരമായ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തകരെ നിയന്ത്രിക്കണം. അക്രമ രാഷ്‌ട്രീയം തുടര്‍ന്നാല്‍ അതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ത്തുമെന്നും അഡ്വ എസ് സുരേഷ് വ്യക്തമാക്കി.
പി കെ കൃഷ്ണദാസിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. മണ്ഡലം തലത്തിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.