India

ബാങ്ക് ജീവനക്കാരിയായ യുവതിയെ ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തി കൂടെയുള്ള ആൾ മുങ്ങി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഹൈദരാബാദ്: ഹൈദരാബാദിലെ ഒരു ഹോട്ടൽ മുറിയിൽ ബാങ്ക് ജീവനക്കാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയോടൊപ്പം ഹോട്ടലിൽ താമസിച്ചിരുന്ന പുരുഷനെ കാണാനില്ല. സംഭവത്തിൽ പൊലീസ് കൊലപാതകത്തിനു കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

വികാരാബാദ് ജില്ലയിലെ നാഗസമുദ്രം സ്വദേശിയും ബാങ്ക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവുമായ ബി. സിരീഷ (34) ആണ് മരിച്ചതെന്ന് പൊലീസ് കണ്ടെത്തി. സെപ്റ്റംബർ 24നാണ് ഇവർ എ. ശ്രീനിവാസ് (38) എന്നയാൾക്കൊപ്പം എസ്.ആർ.നഗറിലെ ഗോകുൽ പ്രൈഡ് ഹോട്ടലിൽ മുറിയെടുത്തത്.

വ്യാജ പേരും തിരിച്ചറിയൽ രേഖകളും ഉപയോഗിച്ചാണ് ഇരുവരും ഹോട്ടലിൽ പ്രവേശിച്ചതെന്ന് ജൂബിലി ഹിൽസ് ഡിസിപി എ. രമണ റെഡ്ഡി പറഞ്ഞു. ശ്രീനിവാസ് ‘ഗണേഷ്’ എന്ന പേരിലും സിരീഷ ‘ദുർഗ’ എന്ന പേരിലുമാണ് ഹോട്ടൽ രേഖകളിൽ റജിസ്റ്റർ ചെയ്തിരുന്നത്. ഇരുവരും റൂം നമ്പർ 10ൽ ആയിരുന്നു താമസം.

ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ ശ്രീനിവാസ് ഹോട്ടലിൽനിന്ന് പുറത്തേക്കു പോയതോടെയാണ് ജീവനക്കാർക്ക് സംശയം തോന്നിയത്. സിരീഷ പിന്നീട് പ്രഭാതഭക്ഷണം കഴിച്ച ശേഷം ചെക്ക് ഔട്ട് ചെയ്യുമെന്ന് ഇയാൾ റിസപ്ഷനിൽ അറിയിച്ചിരുന്നു. എന്നാൽ, മുറിയിലേക്ക് ആവർത്തിച്ച് വിളിച്ചിട്ടും പ്രതികരണമില്ലാതെ വന്നതോടെ ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് സിരീഷയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഡിസിപി രമണ റെഡ്ഡി പറഞ്ഞു.

രാത്രിയിൽ സിരീഷയും ശ്രീനിവാസും തമ്മിൽ തർക്കമുണ്ടായതായും തുടർന്ന് ഇയാൾ മാരകായുധം ഉപയോഗിച്ച് യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തി എന്നുമാണ് സംശയിക്കുന്നത്. വിരലടയാള വിദഗ്ധർ അടക്കം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനിവാസിനെ കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘങ്ങളെ നിയമിച്ചു. യുവതിയുടെ ശരീരത്തിൽ നിരവധി പരുക്കുകളുണ്ടെന്നും ജനാലയിൽ കർട്ടൻ ഇടുന്ന ഇരുമ്പ് വടികൊണ്ട് ക്രൂരമായി മർദിച്ചതാകാം മരണകാരണമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.

മുൻപ് ഭർത്താവിന്റെ മർദനത്തെ തുടർന്ന് ഇവർ ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. ആ സംഭവത്തിന് ഈ കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എസ്ആർ നഗർ പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103(1) പ്രകാരം കൊലപാതകത്തിനു കേസെടുത്തു. ഹോട്ടൽ രേഖകൾ, സിസിടിവി ദൃശ്യങ്ങൾ, ഫോറൻസിക് തെളിവുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Recent Posts