
ന്യൂദല്‍ഹി: എണ്ണപര്യവേക്ഷണത്തിന് കോടികള്‍ മടുക്കി 46 എണ്ണക്കിണറുകള്‍ കുഴിച്ചിട്ടും എണ്ണ കണ്ടെത്താനാകെ വലയുകയും എന്നിട്ടും തളരാരെ പര്യവേക്ഷണം തുടര്‍ന്ന് ഒടുവില്‍ വന്‍എണ്ണശേഖരം കണ്ടെത്തി ഊര്‍ജ്ജപ്രതിസന്ധി തീര്‍ത്ത ഗയാനയുടെ വഴിയിലൂടെ സഞ്ചരിക്കാന്‍ ഉറച്ച് ഇന്ത്യ. ഗയാനയുടെ മാതൃകയില്‍ ആന്‍ഡമാന്‍ ദ്വീപില്‍ എണ്ണപര്യവേക്ഷണം നടത്താന്‍ 84,700 കോടി രൂപ അനുവദിച്ചതായി വെളിപ്പെടുത്തി കേന്ദ്ര ഊര്‍ജ്ജ മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി. ‘റിപ്പബ്ലിക് ടിവി ചാനല്‍ സംഘടിപ്പിച്ച ഉച്ചകോടി’യിൽ സംസാരിക്കുകയായിരുന്നു ഹര്‍ദീപ് സിങ്ങ് പുരി.
ഫലം എന്തായാലും ചങ്കുറപ്പോടെ എണ്ണപര്യവേക്ഷണത്തിനിറങ്ങുക എന്ന ഗയാനയുടെ പാഠം ഉള്‍ക്കൊണ്ട് ഇന്ത്യയും ഇറങ്ങുകയാണ്.വർഷങ്ങളോളം നടത്തിയ ഡ്രില്ലിംഗിന് ശേഷവും ഗയാന പരാജയപ്പെട്ടു. 46 എണ്ണക്കിണറുകള്‍ കുഴിച്ചിട്ടും എണ്ണ കണ്ടെത്താനായില്ല. ഒടുവിലാണ് ഗയാന എണ്ണപ്പാടങ്ങള്‍ കണ്ടെത്തിയത്. ഏകദേശം 150 കിണറുകൾ കുഴിച്ച് ആഴക്കടൽ പര്യവേക്ഷണത്തിന് ഇറങ്ങുകയാണ് ഇന്ത്യ. എണ്ണയുടെ ഇറക്കുമതി കുറയ്‌ക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ഹര്‍ദീപ് സിങ്ങ് പുരി പറഞ്ഞു.
ആൻഡമാനിലെ പര്യവേക്ഷണം ഇന്ത്യയുടെ ഊർജ്ജമേഖലയിൽ നിർണായക മാറ്റമുണ്ടാക്കുമെന്ന് ഹർദീപ് പുരി പറഞ്ഞു. എണ്ണ-വാതക പര്യവേക്ഷണത്തിന് വലിയ സാധ്യതയുള്ള മേഖലയാണ് ആന്‍ഡമാന്‍ തടത്തെ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് പുരി വിശേഷിപ്പിച്ചു.
ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്‌ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി ഇന്ത്യ നടപ്പാക്കിവരികയാണ്. ആഴക്കടൽ പര്യവേക്ഷണത്തിനുള്ള ഫണ്ട് സർക്കാർ ഗണ്യമായി വർദ്ധിപ്പിച്ചതായും, പര്യവേക്ഷണത്തിനും ഉൽപ്പാദനത്തിനുമായി മുമ്പ് നിയന്ത്രണമുണ്ടായിരുന്ന മേഖലകൾ തുറന്നുകൊടുത്തതായും പുരി പറഞ്ഞു.