Kerala

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തലശ്ശേരി ; മാരക മയക്കുമരുന്ന് പിടികൂടിയ കേസില്‍ വധശിക്ഷക്കിരയായ പെരിങ്ങാടി പുതിയ റോഡിലെ നൗറീസില്‍ അബൂട്ടി വെള്ളില്‍ നിരപരാധിയാണെന്ന് കുടുംബം. തൊഴില്‍ വിസ തീര്‍ന്ന അബൂട്ടിയെ സഹായിച്ച സുഹൃത്ത് ചതിച്ചതാണെന്നാണ് കുടുംബത്തിന്റെ വെളിപ്പെടുത്തല്‍.

കാറിന്റെ ഇന്ധനടാങ്കില്‍ നിന്നും മെത്താഫിറ്റമിന്‍ എന്ന ലഹരിപദാര്‍ഥം പിടികൂടിയ കേസില്‍പ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി സൗദി അറേബ്യയിലെ ദമാം ഖത്വീഫ് ജയിലിലടക്കയ്‌പ്പെട്ട അബൂട്ടിയുടെ വധശിക്ഷ ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് നടപ്പാക്കിയത്. മയ്യിത്ത് സൗദിയില്‍ തന്നെ ഖബറടക്കിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

മോന്‍ നിരപരാധിയാണെന്നും തെറ്റായതൊന്നും ചെയ്യില്ലെന്നുമാണ് മാതാവ് ഷാഹിദ പറയുന്നത്. ജയിലിലാകുന്നതിന് മുന്പ്, ‘ഉമ്മാ, ഞാന്‍ നാട്ടില്‍ വരുകയാണ്, ഉമ്മ എയര്‍പോര്‍ട്ടില്‍ കൂട്ടാന്‍ വന്നോളൂ എന്ന് അറിയിച്ചിരുന്നു. കൂട്ടിക്കൊണ്ടുവരാന്‍ ഞാനും ഓന്റെ ഭാര്യ മിസിരിയയും മക്കളും പോയിരുന്നു. എന്നാല്‍ വിമാനം വന്നിട്ടും മോനെ മാത്രം കണ്ടില്ല’ ഷാഹിദ പറഞ്ഞു.

2023ലാണ് ഒമാനില്‍ നിന്ന് റോഡ് മാര്‍ഗം സഊദിയിലേക്ക് അതിര്‍ത്തികടന്ന ലാന്‍ഡ് ക്രൂയിസര്‍ കാറില്‍ നിന്ന് 43 കിലോഗ്രാം മാരകലഹരി മരുന്ന് ശേഖരം സുരക്ഷാസേന പിടിച്ചെടുത്തത്. തുടര്‍ന്ന് ഡ്രൈവറായിരുന്ന അബൂട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Recent Posts