Sports

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

നഗോയ: ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷ് പുരുഷ വിഭാഗം സിംഗിള്‍സിലും വനിതാ സിംഗിള്‍സിലും ഭാരതത്തിന് വെള്ളിത്തിളക്കം. ഭാരതത്തിന് അഭിമാന നിമിഷം സമ്മാനിച്ച് പതിനെട്ടുകാരി അനാഹത് സിംഗ് വനിതാ സിംഗിള്‍സില്‍ വെള്ളി നേടിയപ്പോള്‍ പുരുഷ വിഭാഗത്തില്‍ അഭയ് സിങ്ങാണ് വെള്ളി നേടിയത്.

ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ തന്നെ വനിതാ സിംഗിള്‍സ് ഫൈനലില്‍ എത്തുന്ന ആദ്യ ഭാരതീയ താരം എന്ന ചരിത്രനേട്ടവും ഈ ടൂര്‍ണമെന്റിലൂടെ അനാഹത് തന്റെ പേരിലാക്കി. ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ മലേഷ്യന്‍ താരം ശിവസംഗരി സുബ്രഹ്‌മണ്യത്തോടാണ് അനാഹത് തോല്‍വി വഴങ്ങിയത് (4-11, 4-11, 7-11).

ചെറുപ്രായത്തില്‍ തന്നെ അന്താരാഷ്‌ട്ര തലത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ അനാഹത് സിംഗ്, അണ്ടര്‍11, അണ്ടര്‍15, അണ്ടര്‍19 വിഭാഗങ്ങളില്‍ ബ്രിട്ടീഷ് ജാപ്പനീസ്, യുഎസ് ഓപ്പണ്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരത നിരയിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി എത്തിയ അനാഹത്, ഇന്ന് ലോക റാങ്കിംഗിലും മികച്ച മുന്നേറ്റം നടത്തുന്നുണ്ട്. സ്‌ക്വാഷ് അടുത്ത ഒളിമ്പിക്‌സിന്റെ ഭാഗമാകാനിരിക്കെ, കൗമാരപ്രായത്തില്‍ തന്നെ ഏഷ്യന്‍ ഗെയിംസ് വെള്ളിമെഡല്‍ നേട്ടത്തിലൂടെ തന്റെ ഒളിമ്പിക് പ്രതീക്ഷകള്‍ കൂടിയാണ് അനാഹത് വ്യക്തമാക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഭാരതത്തിനായി കൂടുതല്‍ തിളങ്ങാന്‍ ഈ പ്രതിഭയ്‌ക്ക് സാധിക്കുമെന്നാണ് കായിക ലോകത്തിന്റെ പ്രതീക്ഷ.

അഭയ് സിങ് മികവ്
ഫൈനല്‍ പോരാട്ടത്തില്‍ മലേഷ്യന്‍ താരം എന്‍ജി ഈന്നിയോട് കീഴടങ്ങിയാണ് അഭയ് വെള്ളി നേട്ടത്തില്‍ ഒതുങ്ങിയത്. സൗരവ് ഘോഷാലിന് ശേഷം ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ എത്തുന്ന രണ്ടാമത്തെ ഭാരതീയ താരം എന്ന ചരിത്രനേട്ടവും അഭയ് സിംഗ് തന്റെ പേരിലാക്കി.

ഫൈനല്‍ പോരാട്ടത്തില്‍ കരുത്തനായ മലേഷ്യന്‍ എതിരാളിക്കെതിരെ മികച്ച പോരാട്ടമാണ് അഭയ് കാഴ്ചവെച്ചത്. 911, 511, 511 എന്ന സ്‌കോറിനാണ് മലേഷ്യന്‍ താരം മത്സരം കൈക്കലാക്കിയത്. ആദ്യ ഗെയിമില്‍ തുടക്കത്തില്‍ 36 ന് പിന്നിലായിരുന്ന അഭയ്, അതിശക്തമായി തിരിച്ചടിച്ച് 88 എന്ന നിലയില്‍ ഒപ്പമെത്തി കടുത്ത സമ്മര്‍ദം സൃഷ്ടിച്ചെങ്കിലും നിര്‍ണായക നിമിഷങ്ങളില്‍ പോയിന്റുകള്‍ സ്വന്തമാക്കി മലേഷ്യന്‍ താരം ഗെയിം പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന രണ്ട് ഗെയിമുകളിലും മുന്നേറ്റം നിലനിര്‍ത്തിയ എതിരാളിക്ക് മുന്നില്‍ അഭയ്‌ക്ക് വെള്ളി മെഡലുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഫൈനലിലേക്കുള്ള പ്രയാണത്തില്‍ സെമിഫൈനല്‍ പോരാട്ടത്തില്‍ പാകിസ്താന്റെ മുഹമ്മദ് ഇര്‍ഫാനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (11-3, 12-10, 116) തകര്‍ത്താണ് അഭയ് ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. വെറും 35 മിനിറ്റുകൊണ്ട് കൈവരിച്ച ആധിപത്യം നിറഞ്ഞ ജയം അഭയ്യുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു. അന്താരാഷ്‌ട്ര തലത്തിലും ഏഷ്യന്‍ തലത്തിലും ഭാരത സ്‌ക്വാഷിന് വലിയ കരുത്ത് പകരുന്നതാണ് അഭയ് സിംഗിന്റെ ഈ നേട്ടം.

Recent Posts