Varadyam

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

Published by
ശിവജി വി. ആര്‍.

കേരളം അനുഷ്ഠാനകലകളുടെ നാടാണ്. പ്രാദേശികമായ ഒട്ടനവധി കലാരൂപങ്ങള്‍ ഇവിടെ മനുഷ്യ ജീവിതവുമായി ഇഴുകിച്ചേര്‍ന്ന് കിടക്കുന്നു. ഭക്തിരസം തുളുമ്പുന്ന തെയ്യം, തിറ, തിടമ്പുനൃത്തം, അര്‍ജുനനൃത്തം തുടങ്ങിയ സാംസ്‌കാരിക നൃത്തങ്ങളുടെ മണ്ണില്‍, പൊയ്‌ക്കാലുകളില്‍ മയില്‍ വേഷം സന്വയിപ്പിച്ചു മുരുക വേഷം കെട്ടിയാടുന്ന കലയാണ് മയിലാട്ടം അഥവാ മയൂരനൃത്തം. ഈ അനുഷ്ഠാനകലാരൂപത്തെ, നെഞ്ചിലേറ്റിയ ചൂരക്കുളങ്ങര മണി എന്ന ഇല്ലത്തുപറമ്പില്‍ എന്‍. നാരായണന്‍ വിടപറയുമ്പോള്‍ അതൊരു സുവര്‍ണ്ണ കാലഘട്ടത്തിന്റെ സമാപ്തിയാണ്. എണ്‍പത്തിരണ്ടാം വയസ്സില്‍ അന്തരിച്ച അദ്ദേഹം, ആറു പതിറ്റാണ്ടിലേറെ കേരളത്തിന്റെ ഉത്സവപ്പറമ്പുകളിലും ഘോഷയാത്രകളിലും വശ്യസുന്ദരമായ നൃത്ത-ദൃശ്യാവിഷ്‌കാരവുമായി നിറഞ്ഞു നിന്നിരുന്നു.

അവാര്‍ഡ് ജേതാവായ ശാസ്താംപാട്ടു കലാകാരന്‍ നീലകണ്ഠന്‍ ഗുരുക്കളുടെ പുത്രനായി ജനിച്ച മണി, അച്ഛന്റെ പാതയിലൂടെ സഞ്ചരിച്ച ശേഷം, കുമാരനല്ലൂര്‍ പരമേശ്വരന്‍ നായരുടെ ശിക്ഷണത്തില്‍ മയിലാട്ടത്തിലേക്കു വഴിമാറുകയായിരുന്നു. ഇരുപതാം വയസ്സില്‍ പഠനം ആരംഭിച്ച അദ്ദേഹം, ഈ കലാരൂപത്തെ ഇന്ന് കാണുന്ന മനോഹരമായ വേഷവിധാനങ്ങളും നൃത്തച്ചുവടുകളും ബന്ധപ്പെടുത്തിയുള്ള ശൈലി രൂപപ്പെടുത്തുന്നതില്‍ കാര്യമായ പങ്ക് വഹിച്ചു.

സ്‌കന്ദപുരാണത്തെ പ്രമാണമാക്കി സംവിധാനം ചെയ്തിട്ടുള്ള ഈ നൃത്തരൂപത്തില്‍, മുരുകന്റെ വാഹനമായ മയിലാണ് കേന്ദ്രകഥാപാത്രം. മയില്‍ മുരുകവാഹനമായതിന്റെ പിന്നിലെ ഐതിഹ്യങ്ങള്‍ കോര്‍ത്തിയിണക്കിയുള്ളതാണ് മയൂരനൃത്തത്തിന്റെ സാരം. ദേവാസുര യുദ്ധത്തില്‍, ശിവപ്രീതി നടത്തി വരം നേടി അഹങ്കാരിയായിത്തീര്‍ന്ന ശൂരപത്മാസുരന്റെ നേതൃത്വത്തില്‍ ദേവേന്ദ്രാദികള്‍ക്കുമേല്‍ അതിശക്തമായ ആക്രമണമഴിച്ചു വിട്ടു. യുദ്ധത്തില്‍ ദേവകള്‍ തോറ്റു. ത്രിമൂര്‍ത്തികളെ കണ്ടു ദേവകള്‍ സങ്കടമുണര്‍ത്തിച്ചു. ശങ്കരഭഗവാന്‍, സ്‌കന്ദനെ സൃഷ്ടിച്ച് ദേവ സൈന്യാധിപനാക്കി. തുടര്‍ന്നുള്ള യുദ്ധത്തില്‍ സ്‌കന്ദന്റെ വേല്‍ ശൂരപത്മാസുരന്റെ മേല്‍ പതിക്കുമെന്നായപ്പോള്‍ അവന്‍ സമുദ്രത്തില്‍ പോയൊളിക്കുകയും, അവിടെനിന്നു ഒരു വന്‍മരമായി വളര്‍ന്ന് ആകാശവും പാതാളവും താണ്ടി വ്യാപിക്കുകയും ചെയ്തു. ഈ സമയം വേലത്തി വൃക്ഷത്തെ രണ്ടായി ഖണ്ഡിക്കുകയും ഒരു ഭാഗം മയിലും മറുഭാഗം കോഴിയുമായി മാറുകയും ചെയ്തു. ഈ മയിലിനെ സ്‌കന്ദന്‍ വാഹനമാക്കുന്നതാണ് കഥ.

കുമ്പിള്‍ത്തടിയില്‍ തീര്‍ത്ത, ചുവടറ്റത്ത് സര്‍പ്പരൂപങ്ങള്‍ കൊത്തിയ പൊയ്‌ക്കാലുകളിലാണ് മയില്‍നൃത്തം ചവിട്ടുന്നത്. ഒന്നരയടി നീളവും ഒരിഞ്ചു വ്യാസവുമുള്ള ഈ കാലുകളില്‍ നിന്നുകൊണ്ട് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആടുന്ന മയില്‍രൂപം ആരേയും ആകര്‍ഷിക്കും. മുഖത്തെഴുത്തിനും കിരീടം, മെയ്യാഭരണങ്ങള്‍ എന്നിവയ്‌ക്കു കഥകളിയോടാണു സാമ്യം. മയിലിന്റെ ഉടല്‍ പോലെ കൊത്തിയുണ്ടാക്കി പിന്നിലായി പീലികള്‍ നിരത്തി അരയിലുറപ്പിച്ചാല്‍ മയില്‍വാഹനനായ സ്‌കന്ദന്‍ തയ്യാറായി.

ഈ കലാരൂപത്തിന്റെ പൂര്‍ണ്ണരൂപം വളളീ – ദേവയാനി വേഷങ്ങളോടു കൂടി അഷ്ടപദി സ്തുതികളുടെ അകമ്പടിയോടെയുള്ള അവതരണമാണ്. അമ്പലപ്പുഴ രാമവര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് മയിലാട്ടം എന്നതിനു പകരം മയൂരനൃത്തം എന്ന പേര് നിലവില്‍ വന്നത്. ക്ഷേത്രമുറ്റങ്ങളിലും സ്റ്റേജുകളിലും മാത്രമായി ഒതുങ്ങിനിന്നിരുന്ന ഈ നൃത്തകല പിന്നീട് മല്ലി എന്ന തമിഴ് ചലച്ചിത്രത്തിലൂടെ, അഭ്രപാളികളിലും ഇടം പിടിച്ചു.

കുമാരനല്ലൂര്‍ ക്ഷേത്രത്തില്‍ നിന്നുള്ള മയൂരനൃത്ത രത്നം, മയൂരനടന കേസരിപ്പട്ടം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ മണിയെ തേടിയെത്തി. 2012-ലെ ഫോക് ലോര്‍ അക്കാദമി അവാര്‍ഡും നേടി. ഭാര്യ വെമ്പള്ളി, ഏഴേക്കുന്നേല്‍ ലക്ഷ്മിക്കുട്ടി. മക്കള്‍ സുരേഷ്, ഹരികുമാര്‍. അച്ഛന്റെ പാത പിന്തുടര്‍ന്ന് ഇളയ മകന്‍ ഹരികുമാര്‍ മുപ്പതോളം വര്‍ഷങ്ങളായി ഈ കലാരംഗത്ത് സജീവമാണ്.

Recent Posts