
ഹൂഗ്ലി (ബംഗാള്‍): തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബംഗാളില്‍ എസ് ഐ ആര്‍ നടത്തിയതില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മറ്റ് രണ്ട് അംഗങ്ങള്‍ എതിര്‍ത്തിരുന്നു എന്ന ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില്‍ ബംഗാളില്‍ കലാപം നടത്താനൊരുങ്ങിയ മമതയ്ക്കൊപ്പം ആളില്ല. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും സംയുക്തമായി ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബംഗാളിലെ എസ് ഐ ആര്‍ (അതിതീവ്ര വോട്ട് പരിശോധന) ഏകകണ്ഠമായി നടത്തിയതാണെന്നും അതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ക്കിടയില്‍ യാതൊരു വിധ അഭിപ്രായഭിന്നതയും ഇല്ലായിരുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ എക്സ്പ്രസിന്റെ ലേഖിക റിതിക ചോപ്രയുടെ സ്റ്റോറി പൊളിഞ്ഞു.
48 മണിക്കൂറിനകം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റിയില്ലെങ്കില്‍ കലാപം നടത്തുമെന്ന് പറഞ്ഞ സിജെപി നേതാക്കളായ അഭിജിത് ദീപ്കെയും സൗരവ് ദാസും അശുതോഷ് റാങ്കയും ഇപ്പോള്‍ മുങ്ങിയിരിക്കുകയാണ്. കാരണം അവര്‍ നല്‍കിയ അന്ത്യശാസനമായ 48 മണിക്കൂര്‍ അവസാനിച്ചു. അതിന് ശേഷമാണ് മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും സംയുക്ത വാര്‍ത്താക്കുറിപ്പ് പുറത്ത് വന്നത്. ഇതില്‍ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചും എസ് ഐ ആറിനെക്കുറിച്ചും ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളും തെറ്റാണെന്ന് മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ചേര്‍ന്ന് സംശയത്തിനിടയില്ലാത്ത വിധം വിശദീകരിച്ചുകഴിഞ്ഞിരിക്കുന്നു.
കഴിഞ്ഞ ദിവസം മമത ബാനര്‍ജി പറഞ്ഞത് ബംഗാളിലെ എസ് ഐആര്‍ തെറ്റാണെന്ന് തെളിഞ്ഞുകഴിഞ്ഞുവെന്നും ബംഗാളില്‍ വീണ്ടും നിയമസഭാതെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ്. അതിന്റെ അടിസ്ഥാനത്തില്‍ മമത വീണ്ടും പഴയ സമര നായികയായി തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. ശനിയാഴ്ച ബംഗാളില്‍ ഹുഗ്ലിയില്‍ അവര്‍ യോഗം സംഘടിപ്പിച്ചിരുന്നു. അതില്‍ മമത നടത്തിയ പ്രസംഗം ഇങ്ങിനെയായിരുന്നു:” മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാർ പുറത്തുപോകണം. അദ്ദേഹം പോകുന്നതുവരെ ഞങ്ങളുടെ പ്രക്ഷോഭം തുടരും. കുറ്റക്കാരെ അറസ്റ്റ് ചെയ്യണം. വോട്ടർമാരുടെ അവകാശം കവർന്നെടുക്കാനോ വോട്ടുകൾ തട്ടിയെടുക്കാനോ നിങ്ങൾക്ക് അവകാശമില്ല… നിങ്ങൾ ബംഗാൾ പിടിച്ചെടുത്തു, ഞങ്ങൾ ഡൽഹി പിടിച്ചെടുക്കും… 2029 വരെ ഈ സർക്കാർ നിലനിൽക്കുമോ എന്ന് എനിക്ക് സംശയമുണ്ട്. ഈ ‘എസ്.ഐ.ആർ’ (SIR) പട്ടിക റദ്ദാക്കണം. പഴയ പട്ടിക ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തണം. നിർബന്ധപൂർവ്വം പേരുകൾ നീക്കം ചെയ്യപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണം” . എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ സംയുക്ത വാര്‍ത്താക്കുറിപ്പ് പുറത്തുവന്നതോടെ മമതയുടെ കൂടെ നിന്നിരുന്ന പലരും വലിഞ്ഞിരിക്കുകയാണ്. മമതയുടെ കൂടെ തെരുവില്‍ പ്രക്ഷോഭം നയിക്കാന്‍ തൃണമൂല്‍ അനുയായികള്‍ ഭയക്കുകയാണ്. കാരണം സമരം ചെയ്താല്‍ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി എല്ലാവരേയും ജയിലില്‍ പിടിച്ചിടുമെന്നുറപ്പാണ്. കലാപത്തിന് ഒരുമ്പെട്ടാല്‍ ലാത്തിയടി കിട്ടുമെന്നും ഉറപ്പായതോടെ നല്ലൊരു ശതമാനം അനുയായികളും പിന്‍വലിഞ്ഞിരിക്കുകയാണ്.