
ന്യൂദല്‍ഹി: ഭാരത റെയില്‍വെയുടെ അതിവേഗ യാത്രാ മുന്നേറ്റത്തിന് കൂടുതല്‍ കരുത്തേകി പുതിയ വന്ദേഭാരത് ചെയര്‍കാര്‍ റേക്ക്, മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തിലെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. പശ്ചിമ, മധ്യ, റെയില്‍വെയിലെ നാഗ്ദകോട്ടസവായ്-മാധോപൂര്‍ പാതയിലായിരുന്നു നിര്‍ണായക പരീക്ഷണം. രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച വന്ദേ ഭാരത് ട്രെയിന്‍ സാങ്കേതികവിദ്യയുടെ ശേഷി തെളിയിക്കുന്നതാണ് പരീക്ഷണം.
റെയില്‍വെയുടെ ഗവേഷണ രൂപ കല്‍പ്പനയും നിലവാര നിര്‍ണയവും സംബന്ധിച്ച സംഘടന ആര്‍ഡിഎസ്ഒ നേതൃത്വത്തിലായിരുന്നു പരിശോധന. യാത്രക്കാരും മറ്റ് നിശ്ചിത ഭാരവും ഉള്‍പ്പെടുത്തിയുള്ള പരീക്ഷണത്തില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനിന്റെ സ്ഥിരത, യാത്രാ സുഖം, സുരക്ഷ എന്നിവ പരിശോധിച്ചു. ഉയര്‍ന്ന വേഗത്തിലും ട്രെയിന്‍ സുരക്ഷിതമായി സഞ്ചരിക്കുന്നെന്ന് ഉറപ്പാക്കുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.
റായ്ബറേലിയിലെ ആധുനിക കോച്ച് ശാലയില്‍ നിര്‍മിച്ച 16 കോച്ച് ചെയര്‍കാര്‍ റേക്കിലായിരുന്നു പരീക്ഷണം. അത്യാധുനിക വൈദ്യുത ചലന സംവിധാനവും മെച്ചപ്പെടുത്തിയ ബ്രേക്കിങ് സംവിധാനവും റേക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്. ട്രെയിനിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്ന കവച് സംവിധാനം, നിരീക്ഷണ ക്യാമറകള്‍, അടിയന്തര അലാറം, യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള ആശയ വിനിമയ സംവിധാനം എന്നിവയുമുണ്ട്.
ഓട്ടോമാറ്റിക് വാതിലുകള്‍, കോച്ചുകള്‍ക്കിടെ സുരക്ഷിതമായ ബന്ധന പാത, മെച്ചപ്പെടുത്തിയ അഗ്നിസുരക്ഷാ സംവിധാനം, വായു ശുദ്ധീകരണ സംവിധാനം തുടങ്ങിയ സൗകര്യങ്ങളും പുതിയ റേക്കിലുണ്ട്. ഉയര്‍ന്ന വേഗത്തിനൊപ്പം യാത്രക്കാരുടെ സുരക്ഷയ്‌ക്കും സൗകര്യത്തിനും പ്രാധാന്യമേകിയാണ് രൂപകല്‍പ്പന.
മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തിലെ പരീക്ഷണം വിജയിച്ചെങ്കിലും വന്ദേഭാരതിന് ഈ വേഗത്തില്‍ സ്ഥിരം സര്‍വീസിനുള്ള അന്തിമാനുമതി ലഭിച്ചിട്ടില്ല. ഇതിനായി കൂടുതല്‍ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കണം. ഒഴിഞ്ഞ റേക്കിലുള്ള സ്ഥിരതാ പരിശോധന, കോച്ചുകള്‍ തമ്മിലുള്ള ബന്ധന ബല പരിശോധന, അടിയന്തര ബ്രേക്കിങ് പരിശോധന എന്നിവയാണ് ഇനി നടത്തുക.
മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തിലാണ് നിലവില്‍ വന്ദേഭാരത് സര്‍വീസ്. പാതയുടെ ശേഷി, വളവുകള്‍, സിഗ്നല്‍ സംവിധാനം, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ പരിഗണിച്ചാകും ഓരോ പാതയിലെയും യഥാര്‍ത്ഥ സര്‍വീസ് വേഗം നിശ്ചയിക്കുക.
മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗം തൊട്ട പുതിയ പരീക്ഷണം റെയില്‍വേയുടെ ആധുനികവത്കരണ യാത്രയിലെ ശ്രദ്ധേയമായ മുന്നേറ്റമാണ്. വേഗത്തിനൊപ്പം സുരക്ഷയും യാത്രാ സുഖവും ഉറപ്പാക്കുന്ന പുതിയ തലമുറ റെയില്‍ സാങ്കേതിക വിദ്യയിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റമാണ് വന്ദേഭാരതിന്റെ ഈ പരീക്ഷണ വിജയം.