
ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് എന്നിവര്‍ക്കൊപ്പം
ആഗോള സാമ്പത്തിക-രാഷ്‌ട്രീയ രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തുന്ന കൂട്ടായ്‌മയായി ബ്രിക്സ് (BRICS) വളര്‍ന്നു കഴിഞ്ഞു. ഉയര്‍ന്നുവരുന്ന സാമ്പത്തിക ശക്തികളുടെ ഏകീകരണത്തിലൂടെ ലോക സാമ്പത്തിക ക്രമത്തില്‍ പുതിയൊരു മാറ്റത്തിന് തുടക്കമിടാന്‍ ഈ പ്രസ്ഥാനത്തിന് സാധിച്ചു.
രൂപീകരണവും ആദ്യകാല വളര്‍ച്ചയും
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ നാല് രാജ്യങ്ങള്‍ ചേര്‍ന്ന ‘ആഞകഇ’ എന്ന കൂട്ടായ്‌മയുടെ ആദ്യ ഔദ്യോഗിക ഉച്ചകോടി 2009 ജൂണ്‍ 16-ന് റഷ്യയിലാണ് നടന്നത്. അന്നത്തെ ഭാരത പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള സ്ഥാപക നേതാക്കള്‍ ഈ ചരിത്ര നിമിഷത്തിന് സാക്ഷികളായി. 2010-ല്‍ സൗത്ത് ആഫ്രിക്ക കൂടി ഭാഗമായതോടെ കൂട്ടായ്‌മയുടെ പേര് ‘BRICS’ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.
ഉയര്‍ന്നുവരുന്ന സാമ്പത്തിക ശക്തികള്‍ക്ക് പിന്തുണ നല്‍കുന്നതിനായി 2014 ജൂലൈ 15-ന് ബ്രിക്സ് സ്വന്തമായി ‘ന്യൂ ഡെവലപ്പ്മെന്റ് ബാങ്ക്’ രൂപീകരിച്ചു. ചൈനയിലെ ഷാങ്ഹായ് കേന്ദ്രമായാണ് ഈ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ തോതിലുള്ള അംഗത്വ വ്യാപനത്തിനാണ് ബ്രിക്സ് സാക്ഷ്യം വഹിക്കുന്നത്.
ലോകം ഏറെ ചര്‍ച്ച ചെയ്ത 18-ാമത് ഉച്ചകോടിക്ക് ആതിഥ്യമരുളിയത് ഭാരതമാണ്. ഇവിടെ നടന്ന നാലാമത്തെ ബ്രിക്‌സ് ഉച്ചകോടിയാണിത്. ബഹുധ്രുവത്വം, ആഗോള ഭരണപരിഷ്‌കാരം, സാമ്പത്തിക സഹകരണം, വികസന അജണ്ട തുടങ്ങിയവയാണ് ബ്രിക്‌സിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ലോകത്തെ തങ്ങളുടെ ആധിപത്യത്തില്‍ നിലനിര്‍ത്താന്‍ പാശ്ചാത്യ ശക്തികള്‍ പ്രയോഗിക്കുന്ന ‘ഭിന്നിപ്പിച്ചു ഭരിക്കല്‍’ തന്ത്രത്തെക്കുറിച്ച് കാലങ്ങളായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിവേഗം വളരുന്ന ബ്രിക്‌സ് പാശ്ചാത്യ ചേരികള്‍ക്കും അവരുടെ ആധിപത്യത്തിനും എതിരാണെന്ന് പല വിദഗ്‌ദ്ധരും അഭിപ്രായപ്പെടുന്നു.
എങ്കിലും, തെക്കേ ഏഷ്യന്‍ രാജ്യങ്ങളുമായും പാശ്ചാത്യ രാജ്യങ്ങളുമായും നല്ല ബന്ധം പുലര്‍ത്തുന്ന ഭാരതത്തിന് സമീപകാലത്ത് പാശ്ചാത്യ വന്‍ശക്തികളില്‍ നിന്ന് കടുത്ത തീരുവ ചുമത്തലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഡോളറിന്റെ ആധിപത്യത്തിനെതിരെ പരസ്യമായി സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്ത് ഭാരതം പാശ്ചാത്യ രാജ്യങ്ങളുടെ ശത്രുത സമ്പാദിച്ചിട്ടില്ല. ബ്രിക്‌സ് കറന്‍സിയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഡോളറിന്റെ അപ്രമാദിത്വത്തിനെതിരെ ഭാരതം ശബ്ദിച്ചിട്ടുമില്ല. പകരം, റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിനുശേഷം തെക്കേ ഏഷ്യന്‍ രാജ്യങ്ങളില്‍ നടന്ന ക്രൂഡ് ഓയില്‍ വ്യാപാരം ഡോളറിന് പകരം സ്വന്തം രാജ്യങ്ങളിലെ കറന്‍സികള്‍ ഉപയോഗിച്ചാണ് നടത്തിയത്. ഉദാഹരണത്തിന്, റഷ്യക്കെതിരായ പാശ്ചാത്യ ഉപരോധങ്ങള്‍ നിലനില്‍ക്കുമ്പോഴും ഭാരതം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് സ്വന്തം കറന്‍സി നല്‍കിയാണ്.
‘പെട്രോ-ഡോളര്‍’ സംവിധാനത്തിനപ്പുറം ഇത്തരം നീക്കങ്ങള്‍ പാശ്ചാത്യ ശക്തികള്‍ക്കെതിരെ നടക്കുന്നുണ്ടെന്ന് വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിലൊന്നാണ് ബ്രിക്‌സ് ബാങ്ക് എന്നറിയപ്പെടുന്ന ന്യൂ ഡെവലപ്പ്മെന്റ് ബാങ്ക്. ഇതിന്റെ പ്രവര്‍ത്തനത്തിന്റെ ആദ്യ ദശകത്തില്‍ 43 ശതകോടി ഡോളറിന്റെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഐഎംഎഫ്, ലോകബാങ്ക് എന്നിവയെ അപേക്ഷിച്ച് എന്‍ഡിബിയുടെ വായ്‌പകള്‍ കുറവാണെങ്കിലും, ഇത് ഡോളറിന്റെ ആധിപത്യത്തെ ചെറുതായെങ്കിലും ബാധിക്കുന്നുണ്ട്. എങ്കിലും, ഡോളര്‍ ഒഴിവാക്കല്‍ ഭാരതത്തിന്റെ ലക്ഷ്യമല്ല.
അതുകൊണ്ടുതന്നെ, കഴിഞ്ഞ ഉച്ചകോടിയില്‍ ഭാരതത്തിന്റെ നേതൃത്വത്തില്‍ എടുത്ത തീരുമാനം അന്താരാഷ്‌ട്ര പണമിടപാട് ശൃംഖലയായ ‘സ്വിഫ്റ്റ്’ (SWIFT) നിലനിര്‍ത്താനും,
ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം അതത് രാജ്യങ്ങളുടെ കറന്‍സിയില്‍ നടത്താനുമാണ്. ‘ഇത് ആര്‍ക്കും എതിരല്ല’ എന്നാണ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി വ്യക്തമാക്കിയത്. കൂടാതെ അതിര്‍ത്തി തര്‍ക്കങ്ങളിലും വ്യാപാര വിഷയങ്ങളിലും ഭാരതം-ചൈന ബന്ധത്തിലുണ്ടായിരുന്ന അകല്‍ച്ച കുറഞ്ഞത് ഇരു രാജ്യങ്ങള്‍ക്കും ആശ്വാസകരമാണ്. ഐക്യരാഷ്‌ട്രസഭയുടെ രക്ഷാസമിതിയില്‍ സ്ഥിരാംഗമാകാനുള്ള ഭാരതത്തിന്റെ ശ്രമങ്ങള്‍ക്ക് ചൈനയുടെ പിന്തുണ ലഭിച്ചതും ശ്രദ്ധേയമാണ്.
ഇറാനും യുഎഇയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും, ഉച്ചകോടിയിലെ സംയുക്ത പ്രസ്താവന എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയില്‍ തയ്യാറാക്കാന്‍ കഴിഞ്ഞത് ഭാരതത്തിന്റെ നയതന്ത്ര മികവാണ്. അതുപോലെ ഏകപക്ഷീയമായി തീരുവ ചുമത്തുന്നത് ശരിയല്ലെന്ന പ്രസ്താവന ഡൊണാള്‍ഡ് ട്രംപിനെ ലക്ഷ്യം വച്ചുള്ളതാണെങ്കിലും ഇത് അദ്ദേഹത്തെ ചൊടിപ്പിച്ചില്ല. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഭാരതവും ചൈനയും തയ്യാറാണെന്നതിനെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ സ്വാഗതം ചെയ്തതും ശുഭസൂചനയാണ്.
അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനില്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് സംയുക്ത പ്രഖ്യാപനത്തില്‍ വ്യക്തമായി ഉള്‍പ്പെടുത്തണമെന്ന് ഇറാന്‍ അവസാന നിമിഷം വരെ ആവശ്യപ്പെട്ടിരുന്നു. ഇറാന്‍ പ്രസിഡന്റുമായി നരേന്ദ്ര മോദി ചര്‍ച്ച നടത്തുകയും ഇത് പ്രസ്താവനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഡ്രോണ്‍/മിസൈല്‍ ആക്രമണങ്ങളുടെ പേരിലും പ്രാദേശിക തര്‍ക്കങ്ങളുടെ പേരിലും ശത്രുതയിലായിരുന്ന ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനേയും ഒരു മേശയ്‌ക്കു ചുറ്റുമിരുത്തി കൂടിക്കാഴ്ചയ്‌ക്ക് വഴിയൊരുക്കിയതും ആതിഥേയ രാജ്യമെന്ന നിലയില്‍ ഭാരതത്തിന്റെ നയതന്ത്ര നേട്ടമാണ്.
ബ്രിക്‌സ് അംഗങ്ങള്‍ക്കിടയിലെ നിലപാടുകള്‍
ബ്രിക്‌സ് സ്ഥാപക രാജ്യങ്ങള്‍ക്കിടയില്‍ പരോക്ഷമായ ഭിന്നതയുള്ളത് അമേരിക്കയോടുള്ള നിലപാടിലാണ്. റഷ്യയും ചൈനയും ഇറാനും പൂര്‍ണ്ണമായും ഒരു പാശ്ചാത്യവിരുദ്ധ ചേരിയായി നിലകൊള്ളുമ്പോള്‍ ഭാരതവും ബ്രസീലും അങ്ങനെയല്ല. ഏകപക്ഷീയമായ സാമ്പത്തിക ഉപരോധങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും അന്താരാഷ്‌ട്രതലത്തില്‍ ‘കരുത്തന്റെ നീതി’ നടപ്പിലാക്കുന്ന നയം ഇനി നടപ്പില്ലെന്നും അമേരിക്കയുടെ പേര് പറയാതെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് വിമര്‍ശിച്ചു.
അതുപോലെ അന്താരാഷ്‌ട്രതലത്തില്‍ നേരിടുന്ന ഉപരോധങ്ങളെയും സമ്മര്‍ദ്ദങ്ങളെയും ചെറുക്കാന്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ പുതിയ ഇന്‍ഷുറന്‍സ് സംവിധാനവും സംയുക്ത ധാന്യ വിപണിയും രൂപീകരിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ നിര്‍ദ്ദേശിച്ചു. കാലങ്ങളായി നമ്മുടെ വിശ്വസ്ത സുഹൃത്തായ റഷ്യയുടെ നിലപാടുകളെ ഭാരതം എന്നും ബഹുമാനിക്കുന്നു. അതേസമയം, നിലവിലെ വന്‍ശക്തിയായ അമേരിക്കയെ പിണക്കാതെ, ഒരേ സമയം ‘ഗ്ലോബല്‍ സൗത്ത്’ രാജ്യങ്ങളുടെയും പാശ്ചാത്യ ചേരിയുടെയും ഇടയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഭാരതത്തിന് സാധിക്കുന്നുണ്ട്. ഈ നയതന്ത്ര ബാലന്‍സിംഗ് ആക്ട് ആണ് ഭാരതത്തിന്റെ വിജയം.
ഈ രണ്ട് ചേരികളെ താരതമ്യം ചെയ്യുമ്പോള്‍ സാങ്കേതികവിദ്യ, പ്രതിശീര്‍ഷ വരുമാനം, ആഗോള ധനകാര്യ സ്ഥാപനങ്ങള്‍, വന്‍കിട കമ്പനികള്‍ എന്നിവയില്‍ പാശ്ചാത്യ ചേരി നയിക്കുന്ന ജി 7 രാജ്യങ്ങളാണ് പ്രബലം. എന്നാല്‍ വിഭവങ്ങള്‍, വിപണിയുടെ വലുപ്പം, ജനസംഖ്യ, സാമ്പത്തിക വളര്‍ച്ച എന്നിവയില്‍ ‘ബ്രിക്‌സ് പ്ലസ്’ ആണ് മുന്നില്‍. ലോകം ഏകധ്രുവ വ്യവസ്ഥയില്‍ നിന്ന് ബഹുധ്രുവ വ്യവസ്ഥയിലേക്ക് സഞ്ചരിക്കുമ്പോള്‍ അതില്‍ നിര്‍ണ്ണായക പങ്കാണ് ഭാരതത്തിനുള്ളത്. ഈ ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനകളുടെ വിജയം ആതിഥേയ രാജ്യമെന്ന നിലയില്‍ ഭാരതത്തിന്റെ വലിയ നയതന്ത്ര വിജയമാണ്.
കേരളത്തിനും അഭിമാനം
പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിഭാഷകനായി എത്തിയ ഇന്ത്യന്‍ വിദേശകാര്യ സര്‍വീസ് ഉദ്യോഗസ്ഥനായ എറണാകുളം കലൂര്‍ സ്വദേശി സിദ്ധാര്‍ത്ഥ് ബാബുവാണ് മലയാളിയുടെ അഭിമാനമായി മാറിയ വ്യക്തി. 2015-ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കാനായില്ലെങ്കിലും, 2017-ല്‍ 15-ാം റാങ്കോടെ പരീക്ഷ പാസ്സായി അദ്ദേഹം ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ ചേര്‍ന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിഭാഷകനായി പ്രവര്‍ത്തിച്ചു. നിലവില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ഡെപ്യൂട്ടി സെക്രട്ടറിയാണ്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ പ്രസിഡന്റ് മുഖ്യാതിഥിയായി എത്തിയപ്പോഴും സിദ്ധാര്‍ത്ഥ് ആയിരുന്നു പരിഭാഷകന്‍.