
ഗുജറാത്തിലെ ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി. ഭാര്യ സുൽഫത്തിനും സുഹൃത്തുക്കൾക്കുമൊപ്പമാണ് അദ്ദേഹം കെവാഡിയയിലെ ഏകതാ പ്രതിമ കാണാനെത്തിയത്. നിർമാതാക്കളായ എസ്. ജോർജ്, ആന്റോ ജോസഫ് എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു. രാജ്യത്തിന് അഭിമാനമായ ഏകതാ പ്രതിമയ്‌ക്കൊപ്പം മലയാളസിനിമയെ ആകാശത്തോളം ഉയരെത്തെത്തിച്ച മമ്മൂട്ടിയുടെ ചിത്രം വൈറലായി കഴിഞ്ഞു.
ചൊവ്വാഴ്ച നടന്ന ദേശീയ ചലച്ചിത്ര അവാർഡ് ഏറ്റുവാങ്ങാനാണ് മമ്മൂട്ടി ഗുജറാത്തിലെത്തിയത്. കെവാഡിയയിലെ ഏകതാനഗറിലായിരുന്നു പുരസ്‌കാര വിതരണച്ചടങ്ങ്. രാജ്യതലസ്ഥാനത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളിൽ പുരസ്‌കാര വിതരണം നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തവണ ചടങ്ങ് ഗുജറാത്തിലാക്കിയത്.