
ന്യൂദല്‍ഹി: ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.യുവജനങ്ങളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ‘മാര്‍ഗരേഖ 2029’ തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനും ലോകത്തിനും ഗുരുതരമായ ഭീഷണിയായി മാറിയ മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തവും നിര്‍ണായകവുമായ നടപടി സ്വീകരിക്കേണ്ട സമയമായെന്ന് അമിത് ഷാ പറഞ്ഞു. ന്യൂദല്‍ഹിയില്‍ നടന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മയക്കുമരുന്ന് വിരുദ്ധ കര്‍മ സേന (ANTF) മേധാവികളുടെ മൂന്നാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ കൃത്യമായ ലക്ഷ്യങ്ങളും സമയപരിധിയും ഉത്തരവാദിത്തവും നിശ്ചയിച്ച് ഇന്ത്യ സമ്പൂര്‍ണ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.യോഗങ്ങളില്‍ നിന്ന് ദൗത്യത്തിലേക്കും (Mission), റിപ്പോര്‍ട്ടിംഗില്‍ നിന്ന് ഫലത്തിലേക്കും (Result), പിടിച്ചെടുക്കലില്‍ നിന്ന് ശൃംഖലയുടെ തകര്‍ച്ചയിലേക്കും, കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്ന് ശിക്ഷയിലേക്കും മാറേണ്ടതുണ്ട്. മയക്കുമരുന്ന് പിടിച്ചെടുക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിക്ക് പകരം, അതിന്റെ ശൃംഖലയെ തന്നെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകാന്‍ അദ്ദേഹം ഉദ്യോഗസ്ഥരെ ആഹ്വാനം ചെയ്തു. മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ ജില്ലയെ അടിസ്ഥാന യൂണിറ്റായി മാറ്റേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. യുവജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനും ക്യാമ്പസുകളെ ബോധവല്‍ക്കരിക്കുന്നതിനുമായി ‘നഷാമുക്ത് മിത്രങ്ങള്‍’ രാജ്യത്തെ 10 ലക്ഷത്തോളം സ്‌കൂളുകളും കോളേജുകളും മറ്റ് സ്ഥാപനങ്ങളും സന്ദര്‍ശിക്കുമെന്ന് അമിത് ഷാ അറിയിച്ചു.
അന്വേഷണത്തില്‍, പിന്നിലും മുന്നിലുമുള്ള കണ്ണികള്‍ കണ്ടെത്തുന്നതിനൊപ്പം, മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഡിജിറ്റല്‍ ബന്ധങ്ങള്‍ കണ്ടെത്തുന്നതിനും മുന്‍ഗണന നല്‍കണമെന്ന് മന്ത്രിപറഞ്ഞു. പ്രവേശന കവാടം, അന്തര്‍സംസ്ഥാന വിതരണ ശൃംഖല, ജില്ലകളിലെ പ്രാദേശിക ശൃംഖല എന്നിങ്ങനെ മൂന്ന് തലങ്ങളില്‍ മയക്കുമരുന്ന് സംഘങ്ങളെ നേരിടണമെന്ന് ആഭ്യന്തര മന്ത്രി നിര്‍ദ്ദേശിച്ചു. ഭാരതത്തിലുള്ള വിദേശികളായ പ്രതികളെ തിരിച്ചയക്കുന്നതിനും അവര്‍ക്ക് വീണ്ടും രാജ്യത്തി എത്താന്‍ കഴിയാത്തവിധം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുമുള്ള പ്രചാരണം ആരംഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വിദേശത്ത് നിന്ന് രാജ്യത്തേക്ക് മയക്കുമരുന്ന് എത്തിക്കുന്ന മറഞ്ഞിരിക്കുന്നവരെ പിടികൂടി ഭാരതത്തിലെ കോടതികള്‍ക്ക് മുന്നില്‍ ഹാജരാക്കണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. മയക്കുമരുന്ന് വിരുദ്ധ കര്‍മ്മ സേനയ്‌ക്ക് ലഭിക്കുന്ന വിവരങ്ങളെ പ്രായോഗികമായ രഹസ്യാന്വേഷണ വിവരങ്ങളാക്കി മാറ്റുന്ന രീതി സംസ്ഥാന പൊലീസ് സംവിധാനത്തിന്റെ ഭാഗമാക്കണമെന്ന് ആഭ്യന്തര മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ചടങ്ങില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പുതിയ വെബ്സൈറ്റും അമിത് ഷാ ഉദ്ഘാടനം ചെയ്തു. മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി അദ്ദേഹം നാല് ടെലിവിഷന്‍ പരസ്യങ്ങള്‍ പുറത്തിറക്കി. ലക്‌നൗവിലെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പുതിയ മേഖലാ ഓഫീസിനും പാര്‍പ്പിട സമുച്ചയത്തിനും, ഡെറാഡൂണിലെ പുതിയ മേഖലാ ഓഫീസ് സമുച്ചയത്തിനും അദ്ദേഹം തറക്കല്ലിടുകയും ചെയ്തു.
ഭാവി തലമുറയെ മയക്കുമരുന്ന് എന്ന വിപത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള ശക്തമായ വേദിയാണ് ഈ ദ്വിദിന സമ്മേളനം. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സംഘടിപ്പിക്കുന്ന ഈ സമ്മേളനത്തില്‍ 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മയക്കു മരുന്ന് വിരുദ്ധ കര്‍മ്മ സേനാ മേധാവികള്‍ പങ്കെടുക്കുന്നു. ‘ഏകോപിച്ചുള്ള ദൃഢനിശ്ചയം, പങ്കിട്ട ഉത്തരവാദിത്തം’എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടക്കുന്ന ഈ സമ്മേളനം, മയക്കുമരുന്ന് നിയന്ത്രണവുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തിറക്കിയ ‘ വീക്ഷണ രേഖ ‘ (2026-29)ല്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുള്ള ലക്ഷ്യങ്ങളുടെ പുരോഗതി വിലയിരുത്തുന്നതില്‍ ശ്രദ്ധ വയ്‌ക്കുന്നു.