
ന്യൂയോർക്ക്: യു.എൻ. രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനായുള്ള ശ്രമങ്ങൾക്ക് വിസെഗ്രാഡ് ഗ്രൂപ്പ് (വി4) രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചു. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക് എന്നീ നാല് മധ്യ യൂറോപ്യൻ രാജ്യങ്ങളാണ് ഇന്ത്യയുടെ ആവശ്യത്തിന് ഒറ്റക്കെട്ടായി പിന്തുണ നൽകിയത്. ഐക്യരാഷ്‌ട്രസഭാ പൊതുസമ്മേളനത്തോടനുബന്ധിച്ച് നടന്ന ആദ്യ വി4-ഇന്ത്യ വിദേശകാര്യമന്ത്രിതല കൂടിക്കാഴ്ചയിലാണ് ഈ രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചത്.
ഇന്തോ-പസഫിക് മേഖലയിലെ വളർന്നുവരുന്ന വൻശക്തിയായ ഇന്ത്യ, യു.എൻ. രക്ഷാസമിതിയിൽ സ്ഥിരാംഗമായി വരണമെന്ന കാര്യത്തിൽ നാല് വി4 രാജ്യങ്ങളും പൂർണ്ണമായും യോജിക്കുന്നുവെന്ന് സ്ലൊവാക് വിദേശകാര്യമന്ത്രി യുറായ് ബ്ലാനാർ വ്യക്തമാക്കി. രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനായി ഇന്ത്യ ശ്രമിക്കുന്നതിനിടെ ലഭിച്ച ഈ നിലപാട് ഏറെ നിർണായകമാണ്.