
തൃശ്ശൂർ: ട്രാൻസ് വുമൺ ദീപ്തി കല്യാണിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന എസ്.ആർ ധന്യയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കാസറഗോഡ് ബന്തിയാട് സ്വദേശിയായ ഹെലൻ ഓഫ് സ്പാർട്ടയെ അന്വേഷണ സംഘം കാസറഗോഡ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ദീപ്തി കല്യാണിയെയും സുഹൃത്തിനെയും അധിക്ഷേപിച്ച് ധന്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് പരാതിക്ക് കാരണമായത്. തുടർന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് ദീപ്തി പരാതി നൽകുകയായിരുന്നു. ഭാരതീയ ന്യായ സംഹിത, ഐ.ടി ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് തൃശ്ശൂർ സിറ്റി സൈബർ പോലീസ് കേസ് എടുത്തത്. ധന്യയുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി തനിക്കെതിരെ ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. അടുത്തിടെ മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചെന്നാരോപിച്ച് ധന്യയ്‌ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ധന്യയുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.